മധ്യവയസ്കനെ മരുന്ന് കുത്തിവെച്ച് മയക്കി തട്ടിക്കൊണ്ടുപോയി; രണ്ടുപേർ അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ മഹിമോനും അനീഷും
കട്ടപ്പന: ഏലക്ക മോഷണത്തോടൊപ്പം മയക്കുമരുന്ന് കുത്തിവെച്ചശേഷം മധ്യവയസ്കനെ തട്ടിക്കൊണ്ടുപോയി പാറമടയിൽ ഉപേക്ഷിച്ചു. സംഭവത്തിൽ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. മറ്റ് രണ്ടുപേർ ഒളിവിലാണ്. മോഷ്ടിച്ച 162 കിലോ ഏലക്കയും പ്രതികൾ ഉപയോഗിച്ച വാഹനവും രണ്ട് മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തു.
വണ്ടൻമേട് നെറ്റിത്തൊഴുവിൽ വാടകക്ക് താമസിക്കുന്ന ആലപ്പുഴ സ്വദേശി മരോട്ടിക്കൽ കണ്ണനെന്ന അഷ്ടകുമാറിനെ (59) തട്ടിക്കൊണ്ടുപോയ കേസിൽ സുഹൃത്തുക്കളായ ആലപ്പുഴ തുമ്പോളി സ്വദേശി ആലിശ്ശേരിൽ മഹിമോൻ ( 41 ), ആലപ്പുഴ കൊമ്മാടി കാട്ടിയ്ക്കൽ അനീഷ് ( 40 ) എന്നിവരെയാണ് വണ്ടൻമേട് സി.ഐ ആലപ്പുഴ പൊലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ രണ്ടു പേരും വിവിധ പൊലീസ് സ്റ്റേഷനുകളിലായി കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളാണ്. കണ്ണനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒളിവിലുള്ള സുനീർ, അമ്പിളി എന്നിവരെ പിടികൂടാൻ പൊലീസ് അന്വേഷണം ഊർജിതമാക്കി.
കഴിഞ്ഞ 12നാണ് നെറ്റിത്തൊഴുവിലെ വാടകവീട്ടിൽനിന്ന് കണ്ണനെ മഹിമോനും സുനീറും ചേർന്ന് തട്ടിക്കൊണ്ടുപോയത്. നെറ്റിത്തൊഴുവിൽ കണ്ണന്റെ വാടകവീട്ടിൽ എത്തിയ പ്രതികൾ ഒരാഴ്ചയായി ഇയാളോടൊപ്പം താമസിച്ചു വരുകയായിരുന്നു.
മഹിമോന്റെ ഉടമസ്ഥതയിലുള്ള മിനിലോറി കണ്ണൻ മുഖേനെ സുനീർ തൊടുപുഴ സ്വദേശിക്ക് പണയം വെച്ച് ഒരു ലക്ഷം രൂപ വാങ്ങിയിരുന്നു. ഇതിലെ സാമ്പത്തിക ഇടപാടുകളാണ് മോഷണത്തിലും തട്ടിക്കൊണ്ടു പോകലിലും കലാശിച്ചത്. കണ്ണന്റെ വാടകവീട്ടിൽ സ്ഥലം ഉടമ സൂക്ഷിച്ചിരുന്ന 162 കിലോ ഏലക്ക മോഷ്ടിക്കാനും കണ്ണനെ തട്ടിക്കൊണ്ടുപോകാനും പ്രതികൾ നേരത്തേ പദ്ധതിയിട്ടിരുന്നു.
12ന് പുലർച്ച ഏലക്ക മോഷ്ടിച്ച് വാഹനത്തിൽവെച്ച പ്രതികൾ മരുന്ന് കുത്തിവെച്ച് കണ്ണനെ മയക്കിയാണ് തട്ടിക്കൊണ്ടുപോയത്. പോകുംവഴി അണക്കരയിലെ മലഞ്ചരക്ക് വ്യാപാര കേന്ദ്രത്തിൽ ഏലക്ക വിറ്റ് പണം വാങ്ങി. തുടർന്ന് ആലപ്പുഴക്കുള്ള യാത്രാമധ്യേ ചങ്ങനാശ്ശേരിയിൽവെച്ചാണ് അറസ്റ്റിലായ അനീഷ് സംഘത്തിനൊപ്പം ചേർന്നത്.
ഇതിനിടെ കണ്ണൻ പലതവണ ഉണർന്നെങ്കിലും വീണ്ടും വീര്യമുള്ള മരുന്ന് കുത്തിവെച്ച് മയക്കി കിടത്തി. ആലപ്പുഴയിൽ എത്തിയ ശേഷം മറ്റൊരു പ്രതിയായ അമ്പിളിയും ഇവർക്കൊപ്പം ചേർന്നു. തുടർന്ന് നാലുപേരും കൂടി കണ്ണനെ മർദിച്ച് അവശനാക്കിയ ശേഷം രാത്രിയോടെ തിരുവാർപ്പിനടുത്ത് ഒഴിഞ്ഞുകിടന്ന പാറമടയിൽ ഉപേക്ഷിച്ചു. കൈവശം ബാക്കിയുണ്ടായിരുന്ന മയക്കുമരുന്ന് കണ്ണന്റെ എളിയിൽ തിരുകിവെക്കുകയും ചെയ്തു.
മയക്കുമരുന്ന് കേ സിൽ കണ്ണനെ കുടുക്കുകയായിരുന്നു ലക്ഷ്യം. പാറമടയിൽനിന്ന് രക്ഷപ്പെട്ട കണ്ണന്റെ പരാതിയിൽ വണ്ടൻമേട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

