താലൂക്ക് ആശുപത്രിയിലെ ഐ.സി.യു ആംബുലൻസ് കട്ടപ്പുറത്ത്; രോഗികൾ വലയുന്നു
text_fieldsതാലൂക്ക് ആശുപത്രിയിൽ കട്ടപ്പുറത്തിരിക്കുന്ന ആംബുലൻസ്
കട്ടപ്പന: താലൂക്ക് ആശുപത്രിക്ക് മന്ത്രി റോഷി അഗസ്റ്റിൻ അനുവദിച്ച ഐ.സി.യു ആംബുലൻസ് അറ്റകുറ്റപ്പണി നടത്തി പുറത്തിറക്കാൻ ഇതു വരെയും നടപടിയില്ല. അറ്റകുറ്റപ്പണി പൂർത്തീകരിച്ച് ആംബുലൻസ് ആശുപത്രിയിൽ തിരികെയെത്തിച്ച് പ്രവർത്തനം ആരംഭിക്കാൻ ബന്ധപ്പെട്ടവർ കാണിക്കുന്ന അനാസ്ഥക്കെതിരെ പ്രതിഷേധം ശക്തമായി. നിലവിൽ ഐ.സി.യു ആംബുലൻസിന്‍റെ സേവനം ആവശ്യമായ നിരവധി പേർ മറ്റ് സ്വകാര്യ ആംബുലൻസ് സർവീസുകളെ ആശ്രയിച്ചാണ് ഇപ്പോൾ രോഗികളെ കൊണ്ടു പോകുന്നത്.
വാഹനത്തിന്‍റെ എൻജിൻ ഭാഗവുമായി ബന്ധപ്പെട്ടുണ്ടായ തകരാറാണ് കാരണമെന്നാണ് ബന്ധപ്പെട്ട അധികൃതർ നൽകുന്ന വിശദീകരണം. വാഹനത്തിന്റെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ടുള്ള എസ്റ്റിമേറ്റ് വർക്ക്ഷോപ്പ് അധികൃതർ ആശുപത്രി അധികൃതർക്ക് നൽകണം. തുടർന്ന് ഈ എസ്റ്റിമേറ്റ് ആരോഗ്യവകുപ്പിലേക്ക് അയച്ച് തുക അനുദിപ്പിക്കണം. ഈ പ്രവർത്തനങ്ങളെല്ലാം ഇതുവരെയും നടന്നിട്ടില്ലെന്നാണ് അറിയുന്നത്. ആശുപത്രിയിൽ ഉണ്ടായിരുന്ന മറ്റൊരു ആംബുലൻസ് ശബരിമല ഡ്യൂട്ടിക്കായി കൊണ്ടുപോയി.
ഈ ആംബുലൻസ് ആകട്ടെ 15 വർഷം കഴിഞ്ഞ വാഹനമാണ്. ഇനി തുടർന്ന് ഇതിന്‍റെ ഫിറ്റ്നസ് ലഭിക്കുമോ എന്ന കാര്യത്തിലും സംശയമുണ്ട്. ദിനപ്രതി നിരവധി രോഗികൾ എത്തുന്ന താലൂക്ക് ആശുപത്രിയിലാണ് ആംബുലസിൻറെ സേവനം നിലവിൽ ലഭ്യമാകാതെ ഇരിക്കുന്നത്. ആദിവാസി മേഖലകളിൽനിന്നും തോട്ടം മേഖലകളിൽനിന്നും ഉൾപ്പെടെയുള്ള നിരവധി രോഗികൾ ആശ്രയിക്കുന്ന ഏക ആശുപത്രിയാണിത്. അടിയന്തരമായി അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി വാഹന സേവനം പുനരാരംഭിക്കണമെന്നാണ് രോഗികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

