ഗവ. കോളജിലെ സംഘർഷം: ആരോപണങ്ങളുമായി കെ.എസ്.യുവും എസ്.എഫ്.ഐയും
text_fieldsകട്ടപ്പന: കട്ടപ്പന ഗവ. കോളജിൽ യൂനിയൻ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുണ്ടായ സംർഘഷവുമായി ബന്ധപ്പെട്ട് ആരോപണ പ്രത്യാരോപണങ്ങളുമായി കെ.എസ്.യുവും എസ്.എഫ്.ഐയും.
ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവർത്തകർ കരുതിക്കൂട്ടി സംഘർഷം ഉണ്ടാക്കുകയായിരുന്നെന്ന് കെ.എസ്.യുവും കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് മാരകായുധങ്ങളുമായി കാമ്പസിനുള്ളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതെന്ന് എസ്.എഫ്.ഐയും ആരോപിച്ചു.
വോട്ടെണ്ണൽ മുറിയുടെ പിന്നിലേക്ക് വിളിച്ചുവരുത്തി മർദിക്കുകയായിരുന്നെന്നും സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് കോളജിനുള്ളിൽ അക്രമം നടത്തിയതെന്നും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കെ.എസ്.യു പ്രവർത്തക ഗായത്രി നന്ദു പറഞ്ഞു. എൻ.സി.സി കാഡറ്റുകളാണ് തങ്ങളെ രക്ഷപ്പെടുത്തിയത്. കോളജിന് വെളിയിൽ നടന്ന സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് ജോബിൻ അയ്മനത്തിനും പരിക്കേറ്റിരുന്നു. കട്ടപ്പന സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇവരെ ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു സന്ദർശിച്ചു.
അതേസമയം സംഘർഷം ഗൂഢാലോചനയുടെ ഭാഗമാണെന്ന് എസ്.എഫ്.ഐയും സി.പി.എം കട്ടപ്പന ഏരിയ സെക്രട്ടറി വി.ആർ. സജിയും ആരോപിച്ചു. ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ കട്ടപ്പനയിൽ പ്രകടനം നടത്തി. ജില്ല സെക്രട്ടറി രമേശ് കൃഷ്ണൻ, ജോയന്റ് സെക്രട്ടറി ബി. അനൂപ്, ബ്ലോക്ക് സെക്രട്ടറി ജിബിൻ മാത്യു, പ്രസിഡന്റ് ശ്രീജിത് രാജേന്ദ്രൻ, ഫൈസൽ ജാഫർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

