രണ്ടുവർഷമായി 25 കുടുംബങ്ങൾക്ക് കുടിവെള്ളമില്ല
text_fieldsകട്ടപ്പന: കത്തിനശിച്ച മോട്ടോർ പുനഃസ്ഥാപിക്കാനാകാത്തതുകൊണ്ടുമാത്രം പ്രദേശത്തെ 25 കുടുംബങ്ങൾ ശുദ്ധജലത്തിന് രണ്ടുവർഷമായി നെട്ടോട്ടം. നഗരസഭ മേഖലയിലെ കൊങ്ങിണിപ്പടവ് കുരിശുമല ശുദ്ധജല പദ്ധതിയുടെ ഗുണഭോക്താക്കളാണ് കുടിവെള്ളം ലഭ്യമല്ലാത്തതിനാൽ ബുദ്ധിമുട്ടുന്നത്. 1999-2000 വർഷത്തിൽ ജില്ല പഞ്ചായത്തിെൻറ ഫണ്ട് വിനിയോഗിച്ചാണ് ശുദ്ധജല പദ്ധതി ആരംഭിച്ചത്.
കൊങ്ങിണിപ്പടവ് അംഗൻവാടിക്ക് സമീപത്തെ കുളത്തിൽനിന്ന് ഡീസൽ മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പുചെയ്ത് ടാങ്കിൽ എത്തിച്ചശേഷം വിതരണം ചെയ്യുന്നതായിരുന്നു പദ്ധതി. ഗുണഭോക്താക്കൾ പിരിവെടുത്ത് അറ്റകുറ്റപ്പണികളും മറ്റും നടത്തിയാണ് പദ്ധതി മുന്നോട്ടുപോയിരുന്നത്. 2018ൽ ഡീസൽ മോട്ടോർ കത്തിനശിച്ചതോടെയാണ് പദ്ധതി ഉപയോഗശൂന്യമായത്. വാഹനങ്ങളിലും മറ്റും ശുദ്ധജലം എത്തിക്കേണ്ട ഗതികേടിലാണ് നാട്ടുകാർ. 1000 ലിറ്റർ വെള്ളം എത്തിക്കണമെങ്കിൽ 800 രൂപ ചെലവാകുമെന്ന് ഇവർ പറയുന്നു. വൈദ്യുതി കണക്ഷൻ ലഭ്യമാക്കി പുതിയ മോട്ടോർ സ്ഥാപിച്ച് പദ്ധതി പുനരാരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഈ ശുദ്ധജല പദ്ധതിക്കായി നിലവിൽ ഫണ്ടുകൾ ഒന്നും ലഭ്യമായിട്ടില്ലെന്ന് വാർഡ് കൗൺസിലർ ജൂലി റോയി. പുതിയ ഭരണസമിതി അധികാരത്തിൽ എത്തിയതേയുള്ളൂ. പദ്ധതി പുനരാരംഭിക്കാൻ ഫണ്ട് അനുവദിക്കേണ്ടതുണ്ട്. ഈ പദ്ധതിക്ക് മുൻഗണന നൽകും.
പദ്ധതി പുനഃസ്ഥാപിക്കാൻ കലക്ടർ നഗരസഭക്ക് നിർദേശം നൽകിയതിനെ തുടർന്ന് എസ്റ്റിമേറ്റ് എടുത്തതല്ലാതെ തുടർനടപടി ഉണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

