ഇരട്ടയാറിലെ യൂത്ത് കോൺഗ്രസ് നേതാവിന് സി.പി.എം ലോക്കൽ സെക്രട്ടറിയുടെ വധഭീഷണി
text_fieldsകട്ടപ്പന: ഇരട്ടയാറിലെ യൂത്ത് കോൺഗ്രസ് നേതാവിന് സി.പി.എം ലോക്കൽ സെക്രട്ടറിയുടെ വധഭീഷണി.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചത് സംബന്ധിച്ച് സി-വിജില്‍ ആപ്പിലൂടെ പരാതി നല്കിയ യൂത്ത് കോണ്‍ഗ്രസ് ഉടുമ്പന്‍ചോല നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ഇരട്ടയാര്‍ സ്വദേശി സെബിന് എബ്രഹാമിനെയാണ് സി.പി.എം ഇരട്ടയാര്‍ ലോക്കല്‍ സെക്രട്ടറി ഭീഷണിപ്പെടുത്തിയത്.
പ്രചാരണസമയത്ത് പോസ്റ്റര്‍ പതിച്ചതുമായി ബന്ധപ്പെട്ട് സെബിന് സി-വിജില്‍ ആപ്പിലൂടെ പരാതി നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് കമീഷെൻറ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പോസ്റ്റര്‍ കീറിക്കളഞ്ഞു.
സി-വിജില്‍ ആപ്പിലൂടെ പരാതി നല്‍കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്നാണ് നിയമം. എന്നാല്‍, കലക്ടറേറ്റില്‍ നിന്ന് ഫോണ്‍ നമ്പര്‍ ചോര്‍ത്തിയശേഷം ഈസ്റ്റര്‍ ദിനത്തിലാണ് സെബിനെ ലോക്കൽ സെക്രട്ടറി ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്. വധഭീഷണി മുഴക്കിയതിനെതിരെയും സംരക്ഷണം ആവശ്യപ്പെട്ടും സെബിന് കട്ടപ്പന സി.ഐക്ക് പരാതി നല്കി.
കൂടാതെ, സി-വിജില്‍ ആപ്പില്‍നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയത് സംബന്ധിച്ച് കലക്ടര്‍ക്കും ജില്ല പൊലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്.

