ഉറ്റ സുഹൃത്തുക്കളുടെ വേർപാട് താങ്ങാനാവാതെ സഹപ്രവർത്തകർ
text_fieldsകട്ടപ്പന: ഉറ്റ സുഹൃത്തുക്കളുടെ വേർപാട് താങ്ങാനാവാതെ കട്ടപ്പന മാരുതി ഇൻഡസ് മോട്ടേഴ്സിലെ ജീവനക്കാർ. കട്ടപ്പന ബൈപാസ് റോഡിെല മാരുതി ഇൻഡസ് മോർട്ടേഴ്സ് സർവിസ് വിഭാഗത്തിലെ ജീവനക്കാരായ ഉപ്പുതറ ചപ്പാത്ത് കൊച്ചുചരുവിൽ സന്ദീപ് വിജയൻ, വെങ്ങാലൂർക്കട ഉറുമ്പിൽ വിഷ്ണു വിജയൻ എന്നിവരാണ് പൂവരണിയിലെ അപകടത്തിൽ മരിച്ചത്. ചപ്പാത്ത് സ്വദേശിയായ ലിജു ബാബുവിനെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
സന്ദീപ്, വിഷ്ണു, എന്നിവരുടെ വേർപാടറിഞ്ഞ സൃഹൃത്തുക്കൾ ഞട്ടലിലാണ്.പാലാ-പൊൻകുന്നം റോഡിൽ പൂവരണിക്കടുത്ത് കാറും ലോറിയും കുട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ഇരുവരും മരിച്ചത്. രണ്ടുപേരും എട്ട് വർഷത്തോളമായി ജോലിചെയ്യുകയായിരുന്നു. വെള്ളിയാഴ്ചയും മൂവരും സർവിസ് വിഭാഗത്തിൽ ജോലിക്കെത്തിയിരുന്നു. ശനിയാഴ്ച അവധിയെടുത്ത് മൂവരും ചേർന്ന് സ്വകാര്യ ആവിശ്യത്തിന് പുറപ്പെട്ടതാണ്.
പുലർെച്ച അഞ്ചിന് പുറപ്പെട്ടു. വാഹനം അപകടത്തിൽപ്പെടുമ്പോൾ പിന്നിലെ സീറ്റിലായിരുന്നു രക്ഷപ്പെട്ട അപ്പു. ഉറ്റ സൃഹൃത്തുക്കൾ രണ്ടുപേരും അപകടത്തിൽ മരിച്ചവിവരം അപ്പു അറിഞ്ഞിട്ടില്ല. പരിക്കേറ്റ് ആശുപത്രിയിലാണെന്നാണ് പറഞ്ഞിരിക്കുന്നത്.

