മരണഭീതിയിലും കൂരകൾക്ക് കീഴെ ഇവർ....
text_fieldsപീരുമേട് ടീ കമ്പനിയുടെ തകർന്ന് വീഴാറായ ലയം
കട്ടപ്പന: പീരുമേട് ടീ കമ്പനിയിലെ 694 കുടുംബങ്ങൾ ഏതുനിമിഷവും തകർന്ന ലയങ്ങളിലാണ് അന്തിയുറങ്ങുന്നത്. മരണഭയത്താൽ സമീപത്ത് ഷെഡ് കെട്ടി മാറ്റിയാണ് 104 കുടുംബങ്ങൾ മാറിതാമസിക്കുന്നു.
പെട്ടിമുടി ദുരന്ത പശ്ചാത്തലത്തിൽ ലയങ്ങൾ നവീകരിച്ച് അപകടഭീഷണി ഒഴിവാക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ഇല്ലെങ്കിൽ വലിയ ദുരന്തമാണ് കാത്തിരിക്കുന്നത്. ഇതിൽ ചീന്തലാർ ഒന്നാം ഡിവിഷൻ-64, രണ്ടാം ഡിവിഷൻ- 97, മൂന്നാം ഡിവിഷൻ-65, ലോൺട്രിയിൽ- 51 എന്നിങ്ങനെ 277 കുടുംബങ്ങൾ അതീവ ദുർബലമായ ലയത്തിലാണ് കഴിയുന്നത്.
രണ്ടര കോടിയോളം മുടക്കി ലയങ്ങളുടെ അറ്റകുറ്റപ്പണി നടത്താനാണ് സർക്കാർ ആലോചിക്കുന്നത്. ബ്രിട്ടീഷുകാരുടെ കാലത്ത് നിർമിച്ച ലയങ്ങളിൽ കഴിഞ്ഞ 25 വർഷത്തിനിടെ കാര്യമായ നവീകരണമുണ്ടായില്ല. 1995ലാണ് ഏറ്റവും അവസാനം അറ്റകുറ്റപ്പണി നടന്നത്.
ഓരോ വർഷവും വകുപ്പ് ഉദ്യോഗസ്ഥർ ലയങ്ങൾ പരിശോധിച്ച് റിപ്പോർട്ട് നൽകാറുണ്ടെങ്കിലും ഇക്കാലയളവിനുള്ളിൽ ആരും തിരിഞ്ഞുനോക്കിയില്ല. 2000 ഡിസംബർ 13നാണ് ഉടമ തോട്ടം ഉപേഷിച്ച് സ്ഥലം വിട്ടത്. 1300ലധികം സ്ഥിരം തൊഴിലാളികളും അത്രത്തോളം താൽക്കാലിക തൊഴിലാളികളുമാണ് അന്ന് തോട്ടത്തിൽ പണിയെടുത്തിരുന്നത്.
തുടർന്ന് പട്ടിണിയിലും ദാരി്ദ്ര്യത്തിലുമായ തൊഴിലാളികൾ ചികിത്സ കിട്ടാതെയും മരിച്ചു. സർക്കാർ ഇടപെട്ട് തോട്ടം തുറക്കാൻ നിരവധി ചർച്ചകൾ നടന്നെങ്കിലും പരാജയപ്പെട്ടു. ഇതുവരെ 200 തൊഴിലാളികൾ മരിച്ചു. കുറെ പേർ തൊഴിൽ ഉപേക്ഷിച്ച് ഇതരസംസ്‌ഥാനങ്ങളിലേക്ക് ചേക്കേറി.
തോട്ടം 'സ്വന്തം'; ദുരിതം ബാക്കി
പട്ടിണി കിടന്ന് തൊഴിലാളികൾ മരിക്കുമെന്ന സ്ഥിതി വന്നതോടെ ട്രേഡ് യൂനിയനുകൾ ഇടപെട്ട് തോട്ടം തൊഴിലാളികൾക്കായി വീതിച്ചുനൽകി. ഒാരോ തൊഴിലാളിക്കും രണ്ടേക്കർ വീതം തോട്ടമാണ് വീതിച്ചുനൽകിയത്. ഈ ഭാഗത്തെ തേയില കൊളുന്ത് നുള്ളി വിറ്റാണ് പിന്നീട് തൊഴിലാളികൾ നിത്യവൃത്തി കഴിച്ചിരുന്നത്.
അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ലയങ്ങളിലാണ് ഇപ്പോഴും തൊഴിലാളികൾ കഴിയുന്നത്. ഇതിനോടകം ഒട്ടേറെ തൊഴിലാളികൾ തോട്ടം ഉപേക്ഷിച്ചുപോയി. ചികിത്സക്ക് പണമില്ലാതെ എത്ര തൊഴിലാളികൾ മരണത്തിന് കീഴടങ്ങിയെന്നതിനെക്കുറിച്ച് തൊഴിൽവകുപ്പിെൻറ പക്കൽ കണക്കില്ല.
വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ 2014ൽ തോട്ടം പാട്ടവ്യവസ്ഥ പ്രകാരം തുറന്നെങ്കിലും അധികം മുന്നോട്ടുപോയില്ല. തൊഴിലാളികൾക്ക് കൂലിയും മറ്റ് ആനുകൂല്യവും നൽകാനാകാതെ വന്നതോടെ ഒന്നര വർഷത്തിനുശേഷം പാട്ടക്കാരനും തോട്ടം ഉപേക്ഷിച്ചു. ഇതോടെ, തൊഴിലാളികൾ വീണ്ടും ദുരിതത്തിലായി.
ലേബർ കമീഷണറുടെ മധ്യസ്ഥതയിൽ ചർച്ചകൾ പലതുനടന്നെങ്കിലും തീരുമാനമുണ്ടായിട്ടില്ല. ലയങ്ങൾ അറ്റകുറ്റപ്പണി നടത്തി വാസയോഗ്യമാക്കുന്നതോടൊപ്പം സാനിട്ടറി സൗകര്യം, കുടിവെള്ളം, വൈദ്യുതി, റോഡ്, ചികിത്സ തുടങ്ങിയവയുടെ കാര്യത്തിലും തീരുമാനമുണ്ടാകണം.
പെട്ടിമുടി സന്ദർശിച്ച മുഖ്യമന്ത്രി പീരുമേട്ടിലെ തോട്ടം തൊഴിലാളികളുടെ ലയത്തിെൻറ കാര്യത്തിലും അനുകൂലമായ തീരുമാനം എടുക്കുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളി കുടുംബങ്ങൾ.