കാട്ടാന ആക്രമണം: വനം വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്ന് ന്യൂനപക്ഷ കമീഷൻ
text_fieldsതൊടുപുഴ: മുള്ളരിങ്ങാട് അമയൽത്തൊട്ടിയിൽ കാട്ടാനകളുടെ ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ നേരിൽ ഹാജരായി റിപ്പോർട്ട് സമർപ്പിക്കാൻ വനംവകുപ്പ് സെക്രട്ടറിക്ക് ന്യൂനപക്ഷ കമീഷൻ നിർദേശം. സംസ്ഥാന ന്യൂനപക്ഷ കമീഷൻ ഇടുക്കി സിറ്റിങ്ങിലാണ് ഈ നിർദേശം നൽകിയത്. ചെയർമാൻ അഡ്വ. എ.എ. റഷീദ് ഹരജികൾ പരിഗണിച്ചു. തിരുവനന്തപുരത്ത് കമീഷൻ ആസ്ഥാനത്ത് നടക്കുന്ന സിറ്റിങ്ങിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം.
ജില്ലയിലെ വന്യമൃഗ ആക്രമണങ്ങളിലും മുള്ളരിങ്ങാട് അമയൽത്തൊട്ടിയിൽ കാട്ടാനകളുടെ ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിലും ന്യൂനപക്ഷ കമീഷൻ സ്വമേധയാ കേസെടുത്തിരുന്നു. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ, ഡിവിഷണൽ ഫോറസ്റ്റ് കൺസർവേറ്റർ, ജില്ല കലക്ടർ, ജില്ല പൊലീസ് മേധാവി എന്നിവരോടാണ് റിപ്പോർട്ട് തേടിയത്. ജില്ല കലക്ടർ, ജില്ല പൊലീസ് മേധാവി എന്നിവർ റിപ്പോർട്ടുകൾ സമർപ്പിച്ചെങ്കിലും വനംവകുപ്പ് അധികൃതർ റിപ്പോർട്ട് സമർപ്പിക്കുകയോ സിറ്റിങ്ങിൽ ഹാജരാവുകയോ, ഹാജരാകാത്തതിന് കാരണം വ്യക്തമാക്കുകയോ ചെയ്തില്ല. ഇതിൽ കമീഷൻ കടുത്ത അതൃപ്തി രേഖപ്പെടുത്തി.
ന്യൂനപക്ഷക്ഷേമ വകുപ്പ് നടപ്പാക്കുന്ന ഇമ്പിച്ചിബാവ ഭവനനിർമാണ പദ്ധതിയിൽനിന്ന് വീടിന്റെ അറ്റകുറ്റപ്പണികൾക്ക് ധനസഹായം ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ച രാജകുമാരി സ്വദേശികൾക്ക് ധനസഹായം ലഭ്യമായിട്ടില്ലെന്ന ഹരജിയിന്മേൽ, അപേക്ഷകർക്ക് ധനസഹായം അനുവദിക്കുന്നതിന് പരിഗണിക്കപ്പെടേണ്ടതിന് അർഹമായ മാനദണ്ഡങ്ങളില്ലാത്തതിനാലാണ് അപേക്ഷ നിരസിച്ചതെന്ന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറുടെ റിപ്പോർട്ടിനെ തുടർന്ന് തുടർനടപടികൾ അവസാനിപ്പിച്ചു.
ഉപ്പുതുറ യൂനിയൻ ബാങ്കിൽ നിന്നുമെടുത്ത കാർഷിക വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്തതിനാൽ വായ്പ എഴുതി തള്ളണമെന്നാവശ്യപ്പെട്ട് മണിപ്പാറ സ്വദേശി സമർപ്പിച്ച ഹർജിയിന്മേൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ ഉൾപ്പെടുത്തി വായ്പ തിരിച്ചടവിൽ ആവശ്യമായ ഇളവുകൾ അനുവദിക്കണമെന്ന് ബാങ്ക് അധികൃതർക്ക് കമീഷൻ നിർദേശം നൽകി. ധാരണാ പ്രകാരമുള്ള ഇളവുകൾ അനുവദിച്ച് വിഷയത്തിൽ എത്രയും വേഗം പരിഹാരം കാണുകയും വേണം. സംസ്ഥാന ന്യൂനപക്ഷ കമീഷന്റെ 9746515133 എന്ന വാട്സ്ആപ് നമ്പറിലൂടെയും പരാതി സ്വീകരിക്കുന്നതാണെന്ന് ചെയർമാൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

