കാണാൻ സുന്ദരി കാന്തല്ലൂർ; വളരാൻ ഇനിയുമേറെ
text_fieldsകാന്തല്ലൂര്‍ മലനിരകളുടെ വിദൂരദൃശ്യം
കേരളത്തിൽ ശീതകാല പച്ചക്കറികളുടെ വിളഭൂമിയാണ് കാന്തല്ലൂർ. സംസ്ഥാനത്ത് ആപ്പിള്‍ സമൃദ്ധമായി വിളയുന്ന ഏക സ്ഥലം. സംസ്ഥാനത്തിന്റെ വിനോദസഞ്ചാര ഭൂപടത്തിൽ സവിശേഷ പ്രാധാന്യമുള്ള കാന്തല്ലൂരിലും സഞ്ചാരികൾക്ക് നിരത്താനുള്ളത് പരാധീനതകളുടെ നീണ്ട പട്ടികയാണ്. അവധി ദിവസങ്ങളില്‍ ആയിരക്കണക്കിന് സഞ്ചാരികളാണ് മറയൂര്‍, കാന്തല്ലൂര്‍ മേഖലകളിലേക്ക് ഒഴുകിയെത്തുന്നത്. എന്നാല്‍, പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യം പോലും ഇല്ലായെന്നതാണ് സഞ്ചാരികളെ ഏറെ ദുരിതത്തിലാക്കുന്നത്. അവധി ദിവസങ്ങളില്‍ വൈദ്യുതിയും കുടിവെള്ളവും മുടങ്ങുന്നതും സഞ്ചാരികളെ വലക്കുന്നു.
കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളില്‍നിന്ന് ധാരാളം സഞ്ചാരികള്‍ ഇവിടെയെത്തുന്നുണ്ടെങ്കിലും വാഹനം പാര്‍ക്ക് ചെയ്യാൻ സൗകര്യമില്ല. സഞ്ചാരികൾക്കായി വിശ്രമകേന്ദ്രവും വെയിറ്റിങ് ഷെഡും ശുചിമുറിയും നിർമിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കാന്തല്ലൂര്‍ ടൗണിലെ പ്രാഥമിക ആശുപത്രി, ആയുര്‍വേദ ആശുപത്രി, വില്ലേജ് ഓഫിസ്, ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ വരുന്നവര്‍ അനുബന്ധ സൗകര്യമില്ലാതെ വീര്‍പ്പുമുട്ടുകയാണ്.
കീഴാന്തൂര്‍, കച്ചാരം വെള്ളച്ചാട്ടങ്ങൾ, കണ്ണെത്താദൂരത്തോളം തട്ടുതട്ടായുള്ള ശീതകാല പച്ചക്കറി കൃഷിയിടങ്ങള്‍, ആപ്പിള്‍, സ്ട്രോബറി, ബ്ലാക്ക്ബെറി എന്നിവ ഉൾപ്പെടുന്ന വിവിധ തരം പഴത്തോട്ടങ്ങള്‍ എന്നിവ കാന്തല്ലൂരിന്റെ മാത്രം പ്രത്യേകതയാണ്. എന്നാല്‍, സഞ്ചാരികള്‍ക്ക് ഇവിടേക്ക് എത്താൻ ആവശ്യമായ സൂചന ബോര്‍ഡുകള്‍പോലും സ്ഥാപിച്ചിട്ടില്ല.
കാന്തല്ലൂര്‍ ടൗണിന് നടുവിൽ ബസ് സ്റ്റേഷനും കാത്തിരിപ്പ് കേന്ദ്രവും സ്ഥാപിക്കാൻ ഒതുക്കിയിരുന്ന റവന്യൂ പുറമ്പോക്ക് സ്ഥലം വനം വകുപ്പ് കൈയേറിയ നിലയിലാണ്. നാട്ടുകാര്‍
ഇതിനെതിരെ രംഗത്ത് വന്നെങ്കിലും ഫലമുണ്ടായില്ല. പഞ്ചായത്ത് അധികൃതര്‍ താല്പര്യമെടുക്കാത്തതിൽ വ്യാപക പ്രതിഷേധമുണ്ട്. സ്ഥലം പഞ്ചായത്ത് ഏറ്റെടുത്താല്‍ പാതയോരത്തെ അശാസ്ത്രീയ പാർക്കിങ് ഒഴിവാക്കാം. കാന്തല്ലൂര്‍ പഞ്ചായത്തിന്റെ കവാടമായ കോവില്‍ക്കടവ് ടൗണിലും ശുചിമുറി, വെയിറ്റിങ് ഷെഡ് തുടങ്ങിയ അടിസ്ഥാന സൗകര്യമില്ല. ഇവിടെ റോഡില്‍ തന്നെയാണ് ബസ്സ്റ്റാൻഡും ചന്തയും വിദേശമദ്യവില്പനശാലയില് എത്തുന്നവരുടെ ക്യൂവും.
വാഗ്ദാനങ്ങളുടെ പെരുമഴ
ഇടുക്കി ജലാശയം
ഏഷ്യയിലെ ഏറ്റവും വലിയ ആർച്ച്ഡാമായ ഇടുക്കി അണക്കെട്ട് കാണാൻ ദിനം പ്രതി നൂറുകണക്കിനാളുകളാണ് എത്തുന്നത്. അയൽസംസ്ഥാനങ്ങളിൽനിന്നുള്ളവരും വിദേശികളും ഇക്കൂട്ടത്തിൽ കുറവല്ല.
തമിഴ്നാട്ടിൽനിന്നും ആന്ധ്രയിൽനിന്നുമാണ് കൂടുതൽ പേർ. എന്നാൽ, അടിസ്ഥാന സൗകര്യം വേണ്ടത്ര ഇല്ലാത്തതിനാൽ സഞ്ചാരികൾ നിരാശരായി മടങ്ങുകയാണ്.
ജില്ല ആസ്ഥാനത്തിന്റെ വിനോദസഞ്ചാര സാധ്യതകളെ തകർത്തെറിയുന്ന സമീപനമാണ് ജനപ്രതിനിധികളുടേത് എന്നാണ് ആക്ഷേപം. ജില്ലയുടെ ഉദ്ഘാടന ചടങ്ങിൽ അന്നത്തെ കലക്ടർ ബാബുപോൾ പറഞ്ഞത് ഇടുക്കിയെ ചണ്ഡിഗഢ് മോഡൽ ടൗൺഷിപ്പാക്കുമെന്നാണ്. ജില്ലയുടെ സുവർണജൂബിലി പിന്നിടുമ്പോഴും ബാലാരിഷ്ടതകൾ മാറിയിട്ടില്ല. വാഗ്ദാനങ്ങളുടെ പെരുമഴതന്നെ ഉണ്ടായി. മലമ്പുഴ മോഡൽ ടൂറിസം പദ്ധതിക്ക് രൂപം നൽകുമെന്ന പ്രഖ്യാപനം ഫ്ലക്സ് ബോർഡിൽ ഒതുങ്ങി. ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് മതിയായ താമസസൗകര്യമില്ല.
അതുകൊണ്ടുതന്നെ പലരും ഇടുക്കി ഒഴിവാക്കി മൂന്നാറിലേക്കും തേക്കടിയിലേക്കും പോകുന്നു. വെറും കാഴ്ചക്കാരുടെ റോളിലാണ് അധികൃതർ. ആർച്ച് ഡാമിന് താഴെ ഡാം നിർമാണത്തിനിടെ മരിച്ചവരുടെ ഓർമക്കായി മരം നടുന്ന സ്മൃതി വനം പദ്ധതി വിദൂരസ്വപ്നമായി അവശേഷിക്കുന്നു.
ഡാമിന് സമീപം ആലിൻചുവടിനടുത്തായി റോക് ഗാർഡൻ പണിയുമെന്ന പ്രഖ്യാപനത്തിന് ജില്ലയോളം പഴക്കമുണ്ട്. ചെറുതോണിയിലേക്ക് റോപ് വേ, വെള്ളാപ്പാറയിൽ മൈക്രോസ്കോപിക് പവിലിയൻ തുടങ്ങി എത്രയോ പദ്ധതികൾ ഇപ്പോഴും വാഗ്ദാനങ്ങളായിതന്നെ ശേഷിക്കുന്നു. മൂന്നാർ, തേക്കടി, വാഗമൺ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളെ അപേക്ഷിച്ച് വികസനത്തിന്റെ കാര്യത്തിൽ ജില്ല ആസ്ഥാനം ഇപ്പോഴും മുടന്തുകയാണ്. ക്രിയാത്മകമായ പദ്ധതികളോ ആത്മാർഥമായ ഇടപെടലുകളോ ഉണ്ടാകുന്നില്ല എന്നതാണ് കാരണം. ബസ് ടെർമിനൽ ഇനിയും യാഥാർഥ്യമാകാത്തതിനാൽ ഇടുക്കി കാണാനെത്തുന്നവർ കടത്തിണ്ണകളിലും റോഡിലുമാണ് കാത്തുനിൽക്കുന്നത്. ഇടുക്കി ഉദ്യാന പദ്ധതിയും ഹിൽ വ്യൂ പാർക്ക് നവീകരണവുമൊന്നും ഇനിയും പ്രതീക്ഷകൾക്കൊത്ത് ഉയർന്നിട്ടില്ല
(അവസാനിച്ചു)
തയാറാക്കിയത്: അഫ്സൽ ഇബ്രാഹിം, കുഞ്ഞുമോൻ കൂട്ടിക്കൽ, ധനപാലൻ മങ്കുവ, തോമസ് ജോസ്, പി.കെ. ഹാരിസ്, വാഹിദ് അടിമാലി, ടി. അനിൽകുമാർ, എ.എ. ഹാരിസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

