കാഞ്ഞാർ വാട്ടർ തീം പാർക്ക് അവഗണനയിൽ
text_fieldsകാഞ്ഞാർ: വഴിയോര വിശ്രമകേന്ദ്രമായി ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച കാഞ്ഞാർ വാട്ടർ തീം പാർക്ക് അധികൃതരുടെ അവഗണനമൂലം നശിക്കുന്നു. തൊടുപുഴ-പുളിയന്മല സംസ്ഥാന പാതയോരത്താണ് മലങ്കര ജലാശയത്തിനരികെ പാർക്ക് നിർമിച്ചത്. ലക്ഷങ്ങൾ മുടക്കി മലങ്കര ജലാശയത്തിന് അരികെ പണിതീർത്ത മനോഹരമായ ഉദ്യാനമാണ് അധികൃതരുടെ അനാസ്ഥയിൽ നാശത്തിന്റെ വക്കിലെത്തി നിൽക്കുന്നത്.
ഏറെ കൊട്ടിഘോഷിച്ച് 2015 ഒക്ടോബറിലാണ് പുഴയോരം സുന്ദരമാക്കാൻ വഴിയോര പാർക്ക് സഞ്ചാരികൾക്ക് തുറന്നുകൊടുത്തത്. പൂന്തോട്ടവും തണൽമരങ്ങളും പിടിപ്പിച്ച് ഏറെ ആകർഷകമാക്കിയിരുന്നു. എന്നാൽ, പാർക്കിന്റെ പൂർത്തീകരണത്തിനുള്ള ഫണ്ട് അനുവദിക്കാതായതോടെ പാർക്ക് പാതിവഴിയിലായി. ഇടുക്കി, വാഗമൺ ഭാഗങ്ങളിലേക്ക് പോകുന്ന വിനോദസഞ്ചാരികൾക്ക് ഇടത്താവളമായി വഴിയോര പാർക്ക് ഉപയോഗിക്കാൻ കഴിയുമായിരുന്നു. എന്നാൽ, വാട്ടർ തീം പാർക്ക് ഉദ്ഘാടനം ചെയ്തത് അല്ലാതെ പിന്നീട് പരിപാലിക്കാൻ ഉത്തരവാദപ്പെട്ടവർ തയാറായില്ല.
പുഴയോരത്ത് സംരക്ഷണവേലികൾ സ്ഥാപിച്ചിട്ടില്ല. നടപ്പാത നിർമാണവും നടത്തിയിട്ടില്ല. ഇവിടെ എത്തുന്നവർക്ക് ഇരിക്കാൻ ആവശ്യത്തിന് ഇരിപ്പിടംപോലും സജ്ജമാക്കിയിട്ടില്ല. പാർക്കിന്റെ ഒന്നാംഘട്ടം പൂർത്തീകരിച്ച് ഇതിന്റെ സംരക്ഷണം റെസിഡന്റ്സ് അസോസിയേഷനെ ഏൽപിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ, ബ്ലോക്ക് പഞ്ചായത്ത് ഭരണം മാറിയതോടെ പാർക്കിന്റെ സംരക്ഷണവും ബാക്കി ജോലികളും മുടങ്ങി. പലഭാഗവും കാടുകയറിയതോടെ സഞ്ചാരികൾ ഇവിടേക്ക് എത്താതായി.

