കേരളോത്സവം ചാമ്പ്യൻമാർ പറയുന്നു കാഞ്ഞാറിൽ നല്ലൊരു ഗ്രൗണ്ട് വേണം
text_fieldsജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന കേരളോത്സവത്തിൽ പങ്കെടുക്കുന്ന നാഷനൽ ഫുട്ബാൾ ക്ലബ് അംഗങ്ങൾ
കാഞ്ഞാർ: ജില്ല കേരളോത്സവത്തിലെ ഫുട്ബാൾ ചാമ്പ്യൻമാർക്ക് അധികൃതരോട് പറയാനുള്ളത് ഒരേയൊരു കാര്യം മാത്രമാണ് -ഫുട്ബാൾ കളിക്കാൻ കാഞ്ഞാറിൽ നല്ലൊരു ഗ്രൗണ്ട് വേണം. നാഷനൽ ഫുട്ബാൾ ക്ലബ് അംഗങ്ങളാണ് ജില്ലയെ പ്രതിനിധീകരിച്ച് കൊല്ലത്ത് നടക്കുന്ന സംസ്ഥാന കേരളോത്സവത്തിൽ പങ്കെടുക്കുന്നത്.
കാഞ്ഞാറിൽ പരിശീലനത്തിന് ഗ്രൗണ്ട് ഇല്ല. പ്രദേശത്തെ പാടങ്ങളാണ് ഇവിടുത്തെ ഫുട്ബാൾ കളിക്കാരായ കുട്ടികളുടെ ആശ്രയം. ഒരു മഴയിൽ ചെളിക്കുഴി ആകുന്ന കുണ്ടും കുഴിയും നിറഞ്ഞ സ്ഥലങ്ങളിൽ കളിക്കിടെ പരിക്കേറ്റ് ചെറുപ്പത്തിൽ തന്നെ ഫുട്ബാളിനോട് വിട പറഞ്ഞവരുമുണ്ട്. ഗ്രാമത്തിൽ ഇന്നും 100ലധികം മികച്ച കായിക താരങ്ങളുണ്ട്. പക്ഷേ, നല്ലൊരു ഫുട്ബാൾ മൈതാനമില്ല. എം.വി.ഐ.പി പദ്ധതിയുടെ പേരിലുള്ള സ്ഥലത്തെ നിയമക്കുരുക്കുകളാണ് കാഞ്ഞാറിന്റെ ഫുട്ബാൾ മൈതാനം എന്ന സ്വപ്നത്തിന് വിലങ്ങു തടി. പദ്ധതിയുടെ കീഴിൽ പാഴായി കിടക്കുന്ന കാഞ്ഞാർ ടൗണിന്റെ ഹൃദയഭാഗത്തെ സ്ഥലം വിവിധോദ്ദേശ്യ ഗ്രൗണ്ട് ആക്കി മാറ്റണമെന്നത് വർഷങ്ങളായുള്ള ആവശ്യമാണ്.
റോഷി അഗസ്റ്റിൻ എം.വി.ഐ.പി പദ്ധതി ഉൾപ്പെടുന്ന ജലവിഭവ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി കൂടി ആയതോടെ ഇതിലെ നിയമതടസ്സങ്ങൾ മാറ്റാനാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. കഴിഞ്ഞ തവണ മന്ത്രി കാഞ്ഞാറിൽ വന്നപ്പോൾ ഗ്രൗണ്ടിനായി സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. കാഞ്ഞാറിലെ ഫുട്ബാൾ കളിക്കാരുടെ കൂട്ടായ്മയായ എൻ.എഫ്.സി കാഞ്ഞാർ വലിയ ഫുട്ബാൾ മത്സരങ്ങളും കുടയത്തൂർ ഗ്രാമത്തിലെ ഫുട്ബാൾ ലീഗ് ആയ കാലിഗയും നടത്തുന്നത് സെന്റ് ജോസഫ്സ് കോളജിന് മുന്നിലെ ഗ്രൗണ്ടിലാണ്. അവിടുത്തെ വിദ്യാർഥികൾക്ക് പരിശീലനം ഇല്ലാത്ത ദിവസങ്ങൾ നോക്കി വേണം മത്സരം നടത്താൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

