കാഞ്ചിയാറിൽ മലേറിയ പടരുന്നു; 14 പേർക്ക് രോഗബാധ, രണ്ടു മരണം
text_fieldsകട്ടപ്പന: മൂവായിരത്തിലേറെ അന്തർ സംസ്ഥാനക്കാർ തൊഴിലെടുക്കുന്ന കാഞ്ചിയാർ പഞ്ചായത്തിൽ മലേറിയ പടരുന്നു. ഇവരിൽ 14 പേർക്ക് രോഗം സ്ഥിരീകരിച്ചു. രണ്ടുപേർ മരിച്ചു. ഇതേസമയം രോഗ പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്ന ആരോപണവുമായി എൽ.ഡിഎഫ് രംഗത്തുവന്നു.
നിലവിൽ 14 പേർക്ക് മലേറിയയും അഞ്ചുപേർക്ക് മന്തുരോഗബാധയും നാലു പേർക്ക് എച്ച്.ഐ.വിയും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, ഈ ഈ രോഗബാധകളെ പ്രതിരോധിക്കാൻ ക്രിയാത്മകമായ ഒരു നടപടിയും പഞ്ചായത്ത് ഭരണസമിതി നടത്തുന്നില്ലെന്നാണ് ആക്ഷേപം. പേരിനുമാത്രം ഒരു യോഗം വിളിച്ചുചേർത്തതല്ലാതെ ഒരു തുടർപ്രവർത്തനവും ഇതുവരെ നടത്തിയിട്ടില്ലെന്ന് ഇടത് നേതാക്കൾ ആരോപിക്കുന്നു.
അന്തർ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന മേഖലകളിലാണ് കൂടുതലായും രോഗം പടരുന്നത്. എന്നാൽ പഞ്ചായത്തിൽ ഇതര സംസ്ഥാനക്കാരുടെ കൃത്യമായ കണക്കോ മറ്റ് വിവരങ്ങളോ ഇല്ല. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലായി അന്തർ സംസ്ഥാന തൊഴിലാളികളെ കൂട്ടമായി പാർപ്പിച്ചിരിക്കുന്ന നിരവധി കേന്ദ്രങ്ങളാണുള്ളത്.
വൃത്തിഹീനമായ ഷെഡ്ഡുകളിലും മറ്റുമാണ് ഇവർ താമസിക്കുന്നത്. പലയിടത്തും മതിയായ ശുചിമുറികളോ അടിസ്ഥാന സൗകര്യങ്ങളോ ഒരുക്കുന്നതിൽ ബന്ധപ്പെട്ടവർ ശ്രദ്ധിക്കുന്നില്ല. തൊഴിലുടമകളും ഏജന്റുമാരും ഇവരുടെ എണ്ണം കൃത്യമായി അധികൃതർക്ക് നൽകാൻ തയാറാകാത്ത സ്ഥിതിയുമുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനായി കൂടുതൽ ആരോഗ്യപ്രവർത്തകരെ നിയോഗിക്കണമെന്നും അവർക്ക് ആവശ്യമായ സഹായങ്ങൾ ഏർപ്പെടുത്തണമെന്നും ഇടത് നേതാക്കൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
പ്രതിരോധ പ്രവർത്തനങ്ങൾക്കും ചികിത്സക്കും ആവശ്യമായ ഫണ്ട്, വാഹനം എന്നിവ ലഭ്യമാക്കാൻ നടപടി വേണം. പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥയും തെറ്റായ പ്രചാരണവും അവസാനിപ്പിച്ച് പ്രതിരോധപ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ തയാറായില്ലെങ്കിൽ ശക്തമായ സമരവുമായി എൽ.ഡി.എഫ് രംഗത്തുവരും.
ഇടതു നേതാക്കളായ പി.ജെ. സത്യപാലൻ, ജോസ് ഞായർകുളം, കെ.സി. ബിജു, ബൈജു ഗോപാലൻ, കെ.പി. സജി, അഭിലാഷ് മാത്യു എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

