കെ-ഫോൺ; കണക്ഷനുകളുടെ എണ്ണത്തിൽ വർധന
text_fieldsതൊടുപുഴ: ജില്ലയിൽ കെ-ഫോൺ കണക്ഷനുകളുടെ എണ്ണത്തിൽ വർധന. ഇതിനോടകം 7454 കണക്ഷനുകൾ പൂർത്തിയായതായാണ് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നത്. സാധാരണക്കാര്‍ക്ക് ഏറ്റവും മിതമായ നിരക്കില്‍ അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാറിന് കീഴിൽ കെ-ഫോൺ പദ്ധതിയാരംഭിച്ചത്.
പദ്ധതിക്ക് ജില്ലയിലും വൻ സ്വീകാര്യതയാണ് ലഭിക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. പ്രാദേശിക ഓപറേറ്റര്‍മാര്‍ വഴിയാണ് വാണിജ്യ കണക്ഷനുകള്‍ നല്‍കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നൂറിലധികം ലോക്കല്‍ നെറ്റ് വര്‍ക്ക് ഓപറേറ്റര്‍മാര്‍ ഇതിനായി കെ-ഫോണുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.
കണക്ഷനുകളെത്തിയത് അയ്യായിരത്തിലേറെ വീടുകളിൽ
ഇടുക്കിയിലെ ഹൈറേഞ്ചിലും ലോറേഞ്ചിലുമായി 5392 വീടുകളാണ് ഇതിനോടകം കെ-ഫോൺ കണക്ഷനുകൾ നേടിക്കഴിഞ്ഞത്. ഇതോടൊപ്പം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 402 കുടുംബങ്ങളും കണക്ഷനെടുത്തിട്ടുണ്ട്. കൂടാതെ ഏഴ് വ്യവസായ സ്ഥാപനങ്ങളും 1653 സർക്കാർ സ്ഥാപനങ്ങളും ജില്ലയിൽ കെ-ഫോൺ കണക്ഷൻ നേടിക്കഴിഞ്ഞു. നിലവിൽ കൂടുതൽ പേരിലേക്ക് സർവിസ് എത്തിക്കാനുള്ള പരിശ്രമത്തിലാണ് അധികൃതർ. മലയോര ജില്ലയിലെ ഭൂമിശാസ്ത്രപരമായ വെല്ലുവിളികൾ അതിജീവിച്ചും ഇത്രയും പേരിലേക്ക് കണക്ഷനുകളെത്തിക്കാൻ കഴിഞ്ഞത് വിജയമാണെന്നാണ് അധികൃതരുടെ അവകാശവാദം. പദ്ധതിയുടെ ഭാഗമായി ജില്ലയിൽ കെ.എസ്.ഇ.ബി പോസ്റ്റുകൾ വഴിയും ടവറുകൾ വഴിയും കേബിളുകൾ സ്ഥാപിച്ചിട്ടുണ്ട്.
പദ്ധതിക്ക് വേഗം പോരെന്ന് ആക്ഷേപം
ജില്ലയിൽ പദ്ധതി കൂടുതൽ പേരിലേക്കെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് വേഗം പോരെന്ന ആക്ഷേപവും ചില കോണുകളിൽ നിന്നുയരുന്നുണ്ട്. സംസ്ഥാന തലത്തിൽ 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് കുറഞ്ഞ നിരക്കിലും ഇന്‍റര്‍നെറ്റ് എത്തിക്കുന്നതിനും നഗര, ഗ്രാമ വ്യത്യാസമില്ലാതെ അതിവേഗ ഡേറ്റ കണക്റ്റിവിറ്റിയുമാണ് കെ-ഫോൺ പദ്ധതി ലക്ഷ്യമിട്ടത്. എന്നാൽ ഇതിനനുസൃതമായ പ്രവർത്തനങ്ങൾ ഇടുക്കിയിലടക്കം ഇഴയുകയാണ്.
അതേസമയം, സ്‌കൂളുകളില്‍ കെ-ഫോണ്‍ വഴിയുള്ള സൗജന്യ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തലാക്കിയ നടപടി ജില്ലയിലും ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് കെ-ഫോൺ മുഖേന സൗജന്യമായി ഇന്റർനെറ്റ് കണക്ഷൻ നൽകുന്ന പദ്ധതി തുടരുമെന്നാണ് പുതിയ സർക്കാറിന്റെയും നിലപാട്. ഇതിനായി ഈ സാമ്പത്തിക വർഷത്തെ പുതുക്കിയ ബജറ്റിൽ 8.57 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
ഇടുക്കിയിലെ കെ-ഫോൺ കണക്ഷനുകൾ
വീടുകൾ-5392
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ-402
സ്ഥാപനങ്ങൾ-07
സർക്കാർ ഓഫിസുകൾ-1653
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

