ജീപ്പ് സഫാരി; നിയന്ത്രണങ്ങളോടെ അനുമതി
text_fieldsതൊടുപുഴ: ജില്ലയില്‍ സുരക്ഷാഭീഷണിയെ തുടര്‍ന്ന് ഈമാസം അഞ്ചുമുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്ന ജീപ്പ് സഫാരി, ഓഫ്-റോഡ് പ്രവര്‍ത്തനങ്ങള്‍ ബുധനാഴ്ച മുതല്‍ ഘട്ടം ഘട്ടമായി പുനരാരംഭിക്കാൻ കലക്ടറുടെ ഉത്തരവ്. ഇടുക്കിയില്‍ ജീപ്പ് സഫാരിക്കും ഓഫ് റോഡ് നിരോധനം ഏർപ്പെടുത്തിയ ജില്ല ഭരണകൂടത്തിന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം തുടരുന്നതിനിടെയാണ് കർശന നിബന്ധനകളോടെ ഘട്ടം ഘട്ടമായി പുനരാരംഭിക്കാൻ തിങ്കളാഴ്ച അനുമതി നിൽകിയത്. അപകടങ്ങൾ പതിവാകുന്ന സാഹചര്യത്തിൽ ഓഫ് റോഡിൽ അടക്കം ഓടുന്ന ജീപ്പുകളുടെ ഫിറ്റ്നസ് ഉറപ്പുവരുത്താനായിരുന്നു നിരോധനം.
ഒമ്പത് റൂട്ടുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ അനുമതി
ഇടുക്കി, ദേവികുളം സബ്ഡിവിഷന് കീഴിലുള്ള ഒമ്പത് റൂട്ടുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ പ്രവര്‍ത്തനങ്ങള്‍ തുടരാൻ അനുമതി നല്‍കുന്നത്. കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന് സൊസൈറ്റി (കെ.എ.ടി.പി.എസ്) സുരക്ഷ മാനദണ്ഡങ്ങളും റൂട്ട് അടിസ്ഥാനമാക്കിയുള്ള അനുമതികളും പാലിച്ചായിരിക്കണം പ്രവര്‍ത്തനം.
റൂട്ടുകളും സുരക്ഷ മാനദണ്ഡങ്ങളും നിര്‍ണയിക്കാൻ ഇടുക്കി, ദേവികുളം സബ് കലക്ടർമാർ അധ്യക്ഷരായി റൂട്ട് മോണിറ്ററിങ് ആൻഡ് റെഗുലേഷന് കമ്മിറ്റി രൂപവത്കരിച്ചു. റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ (ആർ.ടി.ഒ), റീജനൽ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ എന്‍ഫോഴ്സ്മെന്റ്, അതത് പൊലീസ് സ്റ്റേഷന് ഹൗസ് ഓഫിസര്‍മാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, ഡി.ടി.പി.സി സെക്രട്ടറി എന്നിവര്‍ കമ്മിറ്റികളില്‍ അംഗമാണ്. കമ്മിറ്റികള്‍ റൂട്ടുകള്‍ പരിശോധിച്ച് ഏതുതരം വാഹനങ്ങള്‍ ഓടിക്കണമെന്നത് നിര്‍ദേശിക്കും.
വാഹനങ്ങള്‍, യാത്രകളുടെ എണ്ണം തുടങ്ങിയ വിവരങ്ങൾ ശേഖരിക്കും
വാഹനങ്ങള്‍, ഡ്രൈവര്‍മാര്‍, യാത്രകളുടെ എണ്ണം എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കും. നിയന്ത്രണം, സുരക്ഷ, ഡിജിറ്റല്‍ ബുക്കിങ്, ചാര്‍ജ് എന്നിവ വിശദീകരിച്ച് ഡി.ടി.പി.സിക്ക് റൂട്ട് തിരിച്ചുള്ള നിര്‍ദേശങ്ങള്‍ ചൊവ്വാഴ്ച സമര്‍പ്പിക്കും. വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ജില്ലതല രജിസ്ട്രേഷന് ഡ്രൈവ് നടത്തും. നിര്‍ദിഷ്ട നിബന്ധനകള്‍ പാലിച്ചിരിക്കുന്ന ഓപറേറ്റര്‍മാര്‍ക്ക് മാത്രമേ ബുധനാഴ്ച മുതല്‍ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ അനുവാദം നല്‍കൂ.
വാഹനമോടിക്കുന്നയാള്‍ക്ക് സാധുവായ ഡ്രൈവിങ് ലൈസന്‍സും കുറഞ്ഞത് മൂന്നുവര്‍ഷത്തെ പരിചയവും വേണം. കൂടാതെ മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവയുമുണ്ടാകണം. വാഹന ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ്, ഡി.ടി.പി.സി രജിസ്ട്രേഷന്, ഫയര്‍ എക്സ്റ്റിങ്ഗ്വിഷര്‍, ഫസ്റ്റ് എയ്ഡ് കിറ്റ്, ജി.പി.എസ്, വേഗപ്പൂട്ട്, യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റുകള്‍ എന്നിവ നിര്‍ബന്ധമാണ്.
അംഗീകാരമില്ലാത്ത വാഹനത്തിന് അനുമതിയില്ല
രജിസ്റ്റര്‍ ചെയ്യാത്തതോ അംഗീകാരമില്ലാത്തതോ ആയ ഒരു വാഹനത്തെയും ഡ്രൈവറെയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല.യാത്രയുടെ സ്വഭാവമനുസരിച്ച് റൂട്ട് മോണിറ്ററിങ് കമ്മിറ്റി തീരുമാനിക്കുന്ന പ്രകാരം ട്രിപ്പുകള്‍ പുലർച്ച നാലിനും വൈകീട്ട് ആറിനും മണിക്കും ഇടയിലായിരിക്കണം. ടിക്കറ്റ് വരുമാനത്തിന്റെ ഒരുഭാഗം ഡ്രൈവര്‍മാരുടെ മെഡിക്കല്‍/അപകട ഇന്‍ഷുറന്‍സ് പരിരക്ഷക്കായി ഡ്രൈവര്‍ വെല്‍ഫെയര്‍ ഫണ്ടിലേക്ക് മാറ്റിവെക്കാനും നിര്‍ദേശമുണ്ട്.
ഏപ്രിലും ഒക്ടോബറിലും വര്‍ഷത്തില്‍ രണ്ടുതവണ വാഹനങ്ങള്‍ക്ക് നിര്‍ബന്ധിത സുരക്ഷ ഓഡിറ്റും പെര്‍മിറ്റ് പുതുക്കലും ഫിറ്റ്നസ് പരിശോധനയും നടത്തും. നിബന്ധനകള്‍ ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷണ നടപടികള്‍ നേരിടേണ്ടി വരും. അലംഭാവം മൂലമുള്ള അപകടങ്ങളില്‍ രജിസ്ട്രേഷന് സസ്പെന്‍ഡ് ചെയ്യുകയും നിയമനടപടികള്‍ കൈക്കൊള്ളുകയും ചെയ്യും. കാലാവസ്ഥ മുന്നറിയിപ്പുകള്‍ ഉള്ളപ്പോള്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണം. ജില്ല ദുരന്ത നിവാരണ അതോറിറ്റി അംഗീകാരം ലഭിച്ചതിന് ശേഷം മാത്രമേ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ പാടുള്ളൂവെന്നും നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

