ഇതൊന്ന് തുറന്നുതരാമോ ? ആരോഗ്യകേന്ദ്രത്തിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ട് ആഴ്ചകൾ
text_fieldsനെടുങ്കണ്ടം: കൊട്ടിഗ്ഘോഷിച്ച് ഉദ്ഘാടന മാമാങ്കം നടത്തി ഒരുമാസത്തോടടുക്കുമ്പോഴും മുണ്ടിയെരുമയിലെ പട്ടംകോളനി പ്രാഥമിക കുടുംബാരോഗ്യകേന്ദ്രത്തിന്റെ കെട്ടിടം അടഞ്ഞു തന്നെ. നൂറുകണക്കിന് രോഗികള്‍ ചികിത്സക്കെത്തുന്ന ആരോഗ്യകേന്ദ്രം ഇപ്പോഴും പ്രവര്‍ത്തിക്കുന്നത് അരനൂറ്റാണ്ട് മുമ്പ് നാട്ടുകാര്‍ പിരിവെടുത്ത് നിർമിച്ച് നല്കിയ പഴയ കെട്ടിടത്തിലാണ്. പുതിയ കെട്ടിടം വരുന്നതോടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാര്‍. എന്നാല്‍, ഉദ്ഘാടന ദിവസം പൂട്ടിയ കെട്ടിടം പിന്നീട് ഇതുവരെ തുറന്നിട്ടേയില്ല.
ഡീന്‍ കുര്യാക്കോസ് കഴിഞ്ഞ തവണ എം.പി ആയിരിക്കെ അനുവദിച്ച തുക യഥാസമയം ഉപയോഗിക്കാതെ നിര്‍മാണം നീണ്ടതും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പഞ്ചായത്ത് ഭരണസമിതി കെട്ടിടനിര്‍മാണത്തിന് സ്ഥലം കണ്ടെത്തി നിരപ്പാക്കി നല്കാത്തതുമൂലം പണി വൈകുകയായിരുന്നു.
പ്രതിഷേധം വ്യാപകമായതോടെയാണ് ജൂണിൽ പണി പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്തിയത്. എന്‍.എച്ച്.എം.ഫണ്ടില്‍നിന്ന് ലഭിച്ച 1.15 കോടി മുടക്കി നിര്‍മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തത് ജൂണ്‍ 26 നായിരുന്നു. ഉദ്ഘാടനം നടത്തിയെങ്കിലും കെട്ടിടത്തില്‍ ആവശ്യമായ അനുബന്ധ സംവിധാനങ്ങള്‍ ഒരുക്കി നല്കാന് പഞ്ചായത്ത് ഭരണസമിതി തയാറാകാത്തതാണ് തുറക്കാൻ വൈകുന്നതെന്നാണ് ആരോപണം.
പ്രവർത്തനത്തെക്കുറിച്ചും പരാതികളേറെ
ആരോഗ്യകേന്ദ്രത്തിന്റെ നിലവിലെ പ്രവര്‍ത്തനത്തെ സംബന്ധിച്ചും പരാതികള്‍ നിരവധിയാണ്. പ്രവൃത്തി സമയം സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് കാറ്റില്‍പറത്തിയാണ് പ്രവര്‍ത്തിക്കുന്നത്. ഉത്തരവില്‍ ഒ.പി വിഭാഗം രാവിലെ ഏഴു മുതല്‍ ഉച്ചക്ക് 1.30 വരെയും വൈകീട്ട് ആറുവരെയും ഞായറാഴ്ചകളില്‍ രാവിലെ ഒമ്പതു മുതല്‍ ഉച്ചക്ക് 1.30വരെയുമാണ് പ്രവൃത്തി സമയമെന്ന് വ്യക്തമായി പറയുന്നുണ്ട്.
എന്നാല്‍, ഈ കേന്ദ്രം ഞായറാഴ്ചകളില്‍ ഇതുവരെ തുറന്ന് പ്രവര്‍ത്തിച്ചിട്ടില്ല. ലബോറട്ടറിയില്‍ ലാബ് ടെക്നീഷന്‍ മാത്രമുള്ള സാഹചര്യത്തില്‍ രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് നാലുവരെയും ഫാര്‍മസിയില്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെയും ആളുണ്ടായിരിക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നതെങ്കിലും ഈ സമയക്രമം ജീവനക്കാര്‍ കണക്കിലെടുത്തിട്ടില്ല. ഡ്യൂട്ടിയില്‍ മിക്കപ്പോഴും ഒരുഡോക്ടര്മാത്രമാണുള്ളത്. മറ്റുള്ളവര്‍ ഫീല്‍ഡില്‍ പോയെന്നാണ് വിശദീകരണം. ഡ്യൂട്ടിയിലുള്ളയാള്‍ ഉച്ചവരെ മാത്രമേ ഉണ്ടാകു. മാത്രമല്ല ആവശ്യത്തിന് മരുന്നുകളും ഉണ്ടാകാറില്ലെന്നതടക്കം നിരവധി പരാതികളാണ് നാട്ടുകാരുന്നയിക്കുന്നത്. കരുണാപുരം, പാമ്പാടുംപാറ, നെടുങ്കണ്ടം പഞ്ചായത്തുകളിലെ സാധാരണക്കാരുടെ ഏകആശ്രയമാണ് ഈ ആരോഗ്യകേന്ദ്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

