ഏഴുമാസത്തിനിടെ ആഴങ്ങൾ കവർന്നത് 17 ജീവൻ
text_fieldsതൊടുപുഴ: പുഴകളിലും ജലാശയങ്ങളിലുമുള്ള മുങ്ങി മരണങ്ങൾ ജില്ലയിൽ കുറയുന്നില്ല. ജനുവരി ഒന്നുമുതൽ ജൂലൈ 23 വരെ 17 പേരാണ് വിവിധയിടങ്ങളിൽ മുങ്ങിമരിച്ചത്. നാല് വയസ്സുള്ള കുട്ടി മുതൽ 70 വയസ്സുവരെയുള്ളവർ ഇക്കൂട്ടത്തിൽ ഉണ്ട്. ഹൈറേഞ്ച് മേഖലയിലാണ് കൂടുതൽ മരണങ്ങളും. ചെക്ഡാം, കുളങ്ങൾ, അണക്കെട്ടുകൾ, പുഴകൾ എന്നിവിടങ്ങളിലാണ് മരണങ്ങൾ സംഭവിച്ചിട്ടുള്ളത്. മരിച്ചവരിൽ അധികവും നീന്തൽ അറിയാത്തവരാണ്. വെള്ളിയാഴ്ച വൈകീട്ട് ഉടുമ്പൻചോലയിൽ നാല് വയസ്സുകാരിയെ വീടിന് സമീപത്തെ പഞ്ചായത്ത് കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ഉടുമ്പൻചോല വെള്ളറക്കംപാറ കോളനിയിൽ പരേതനായ പരമശിവെൻറയും വീരലക്ഷ്മിയുടെയും മകൾ ധരണിയെയാണ് വ്യാഴാഴ്ച രാത്രി കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കുളത്തിന് സംരക്ഷണവേലിയില്ലാത്തതിനാൽ കാൽതെന്നി വീണെന്നാണ് പ്രാഥമിക നിഗമനം. ഏഴുമാസത്തിനിടെ ഏറ്റവും കൂടുതൽ മുങ്ങിമരണമുണ്ടായത് കട്ടപ്പന മേഖലയിലാണ്. അഗ്നിരക്ഷാ സേനയുടെ കണക്കുകൾ പ്രകാരം ഇവിടെ മാത്രം ഏഴുപേർ മുങ്ങി മരിച്ചു. അടിമാലി -4, പീരുമേടും തൊടുപുഴയും മൂലമറ്റത്തും രണ്ടുപേർ വീതവും മരിച്ചു. നെടുങ്കണ്ടം, ഇടുക്കി അഗ്നിരക്ഷാ യൂനിറ്റിെൻറ നേതൃത്വത്തിൽ ഈ വർഷം ഇതുവരെ മുങ്ങിമരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. സംരക്ഷണഭിത്തിയില്ലാത്ത കുളങ്ങളും കിണറുകളും മുൻവർഷങ്ങളിലും നിരവധി ജീവൻ അപകടത്തിലാക്കിയിട്ടുണ്ട്. മനോഹരവും അപകടങ്ങൾ പതിയിരിക്കുന്നതുമായ നിരവധി ജലാശയങ്ങളാണ് ജില്ലയിലുള്ളത്. നീന്തല്‍ അറിയാവുന്നവര്‍പോലും ഇവിടെ അപകടങ്ങളിൽപെട്ട് മരണപ്പെടുന്ന സാഹചര്യമാണുള്ളത്. മലയോര മേഖലയിലേക്കെത്തുന്ന വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ളവരും അപകടത്തിനിരയാകുന്നുണ്ട്. അടുത്തിടെ പീരുമേട്ടിൽ മരിച്ച രണ്ടുപേരും വിനോദസഞ്ചാരികളാണ്. സുരക്ഷ ഉറപ്പാക്കാൻ പ്രധാന ജലാശയങ്ങളിലും മറ്റും സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പുവരുത്തണമെന്ന ആവശ്യവും ശക്തമാണ്. ഇതുകൂടാതെ, അണക്കെട്ടുകൾക്ക് സമീപം ചൂണ്ടയിടാൻ ഇറങ്ങിയവരും പുഴയിൽ കുളിക്കുന്നതിനിടെ കാൽവഴുതി ഒഴുക്കിൽപെട്ട് മരിച്ചവരുമുണ്ട്.
പാലിക്കണം മുന്നറിയിപ്പുകൾ
മഴ ശക്തമായതോടെ പുഴയിലേക്കുള്ള നീരൊഴുക്ക് അടക്കം ശക്തി പ്രാപിച്ചിട്ടുണ്ട്. നദിയും തോടും കരകവിഞ്ഞ് കിടക്കുമ്പോള്‍ അതറിയായെ കുളിക്കാനും മറുകര കടക്കാൻ ശ്രമിക്കുന്നതും അപകടത്തിനിടയാക്കും. സുരക്ഷിതത്വം സംബന്ധിച്ച മുന്നറിയിപ്പുകൾ കര്‍ശനമായി പാലിക്കുകയെന്നതാണ് ജില്ലയിലെത്തുന്ന സഞ്ചാരികളടക്കം പാലിക്കേണ്ട പ്രധാന കാര്യം.
അപകട സാധ്യതകള്‍/സാഹസിക പ്രവൃത്തികള്‍ എന്നിവ ഒഴിവാക്കുകയാണ് ആദ്യമെടുക്കേണ്ട മുൻകരുതൽ.
കുത്തൊഴുക്കുള്ള ഈ സമയത്ത് നദികളില്‍ കുളിക്കുന്നതും മീന്‍പിടിത്തത്തിന് ഇറങ്ങുന്നതും ഒഴിവാക്കണം.
അടിയന്തര സാഹചര്യം ഉണ്ടായാല്‍ അധികാരികളുടെ സഹായം തേടണം.
ഉല്ലാസവേളയായി കരുതി വെള്ളം പൊങ്ങിയിരിക്കുന്ന പ്രദേശങ്ങള്‍ കാണാനും കുളിക്കാനും ഇറങ്ങുന്നത് സ്വയം അപകടം വിളിച്ചുവരുത്തും.
ഒഴുക്കില്പെടുകയോ മുങ്ങിപ്പോവുകയോ ചെയ്യുന്നയാളെ രക്ഷിക്കാന്‍ മതിയായ സുരക്ഷാ നടപടികള്‍ ഇല്ലാതെ പിറകെ ചാടുന്നത് ശ്രദ്ധിക്കണം.
ജലാശയങ്ങൾ, അപകടസാധ്യത മേഖലകൾ, പാറക്കുളങ്ങൾ, ഡാമിെൻറ സമീപത്തുകൂടി കടന്നുപോകുന്ന റോഡ് എന്നിവക്ക് സംരക്ഷണവേലി ഒരുക്കാൻ അധികൃതർ മുൻകരുതലെടുക്കണം.
അപകട മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കാനും മുൻകൈയെടുക്കണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

