റിസോർട്ട് മാഫിയയുടെ അനധികൃത പട്ടയം റദ്ദാക്കി
text_fieldsചെറുതോണി: കഞ്ഞിക്കുഴി പഞ്ചായത്തിലെ പൊന്നെടുത്താൻ കണ്ണാടിക്കവലയിൽ റിസോർട്ട് മാഫിയ അനധികൃതമായി സമ്പാദിച്ച 3.96 ഏക്കർ സ്ഥലത്തിന്‍റെ പട്ടയം റവന്യൂ അധികൃതർ റദ്ദാക്കി. ഭൂപതിവ് ഓഫിസിൽനിന്ന് എൽ.എ 139/2019ാം നമ്പറായി നൽകിയ പട്ടയമാണ് റദ്ദാക്കിയത്. അന്വേഷണത്തിൽ വ്യാജപട്ടയമാണെന്ന് വ്യക്തമായതിനെ തുടർന്നാണ് നടപടി. പ്രദേശത്തുനിന്ന് എട്ടു കിലോമീറ്റർ അകലെ തൊടുപുഴ താലൂക്കിലുള്ള സ്ഥലത്തിന്റെ ജോയന്‍റ് വേരിഫിക്കേഷൻ (ജെ.വി) നമ്പർ ഉപയോഗിച്ചാണ് ഇടുക്കി താലൂക്കിൽ കണ്ണാടിക്കവലയിലെ സ്ഥലത്തിന് പട്ടയം തരപ്പെടുത്തിയത്.
ലക്ഷക്കണക്കിന് രൂപ നൽകി ജെ.വി നമ്പർ വാങ്ങിയശേഷം അധികൃതരുടെ ഒത്താശയോടെ നേടിയ പട്ടയമാണ് അന്വേഷണത്തിനൊടുവിൽ ജില്ല കലക്ടർ റദ്ദാക്കിയത്. വർഷങ്ങൾക്കുമുമ്പ് അപേക്ഷ നൽകിയവർ പട്ടയത്തിനായി കാത്തിരിക്കുമ്പോഴാണ് റിസോർട്ട് മാഫിയ കൈക്കൂലിയും സ്വാധീനവുമുപയോഗിച്ച് പട്ടയം കരസ്ഥമാക്കിയത്. സമീപ സ്ഥലവാസികൾക്ക് ഗതാഗത സൗകര്യം പോലും നൽകാതെ ദ്രോഹിക്കുന്ന സമീപനമായിരുന്നു വ്യാജപട്ടയം തരപ്പെടുത്തിയവരുടേത്. ചുറ്റും പട്ടയമില്ലാത്ത ഭൂമിയായതിനാൽ മറ്റുള്ളവരുടെ ഭൂമി കൂടി കൈയേറിയാണ് ഇവർ പട്ടയം തരപ്പെടുത്തിയതെന്ന് സമീപവാസികൾ പറയുന്നു.പതിറ്റാണ്ടുകളായി ഭൂമി കൈവശം വെച്ച് താമസിക്കുന്നവർക്ക് പട്ടയം നൽകാതെയാണ് റിസോർട്ട് മാഫിയ സംഘങ്ങൾക്ക് ജില്ലയിൽ വ്യാപകമായി റിസർവ് വനങ്ങൾ റവന്യൂ വകുപ്പ് പതിച്ചു നൽകുന്നത്. വൻതോതിൽ കൈക്കൂലി വാങ്ങി റിസർവ് വനങ്ങളും മൊട്ടക്കുന്നുകളും പതിച്ചു നൽകുന്നതായും ആരോപണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

