അത്ര സുന്ദരമല്ല ഈ കാഴ്ചകൾ
text_fieldsതൊമ്മൻകുത്ത് വിനോദസഞ്ചാര കേന്ദ്രം
വർഷംതോറും ആയിരക്കണക്കിന് സഞ്ചാരികൾ ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്നു. ഇതുവഴി ഖജനാവിലെത്തുന്നത് ലക്ഷങ്ങളുടെ വരുമാനം. പക്ഷേ, ജില്ലയിലെ പല വിനോദസഞ്ചാര കേന്ദ്രങ്ങളിലും മതിയായ അടിസ്ഥാന സൗകര്യമോ പഴുതടച്ച സുരക്ഷാ സംവിധാനമോ ഇല്ല. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശകർ അപകടത്തിൽപെടുന്ന സംഭവങ്ങൾ അടിക്കടി ആവർത്തിക്കുന്നു. വരുമാന കേന്ദ്രങ്ങളായി മാത്രം കാണാതെ ഇവിടങ്ങളിൽ സുരക്ഷയും മറ്റ് സൗകര്യങ്ങളുമൊരുക്കാൻ എന്നാണ് ഇനി അധികൃതർ മനസ്സുവെക്കുക? ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പരാധീനതകളിലേക്ക് ‘മാധ്യമം’ നടത്തുന്ന അന്വേഷണം.
ഫണ്ട് വന്നിട്ടും തൊമ്മൻകുത്തിന് ദുർഗതിതന്നെ
ജില്ലയുടെ വിനോദ സഞ്ചാര ഭൂപടത്തിൽ ഒഴിവാക്കാൻ കഴിയാത്ത ഒരിടമാണ് തൊമ്മൻകുത്ത്. ആരേയും മോഹിപ്പിക്കുന്ന വെള്ളച്ചാട്ടത്തിന്റെ വശ്യമനോഹാരിതയും സ്വാഭാവിക പ്രകൃതിഭംഗിയും പ്രദേശത്തെ ഏറെ പ്രശസ്തമാക്കിയെങ്കിലും ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് പലർക്കും നിരാശയാണ്. അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതിയാണ് കാരണം.
സംസ്ഥാന തലത്തിൽ ടൂറിസം വകുപ്പിന്റെ പ്രധാന പ്രകൃതി സൗഹൃദ വിനോദസഞ്ചാര കേന്ദ്രമാണിത്. നൂറുകണക്കിന് സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്. മലങ്കര ടൂറിസം ഹബ്, വാഗമൺ, ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മൂന്നാർ, മാട്ടുപെട്ടി എന്നിങ്ങനെയുള്ള സ്ഥലങ്ങളിലേക്ക് എത്തുന്ന സഞ്ചാരികൾ തൊമ്മൻകുത്തും സന്ദർശിക്കുക പതിവാണ്. ടൂറിസ്റ്റ് കേന്ദ്രം നവീകരിക്കാൻ ഫണ്ട് അനുവദിച്ചിട്ടും പണി ഇഴയുകയാണെന്നാണ് ആക്ഷേപം.
നവീകരണത്തിന് 65 ലക്ഷം അനുവദിച്ചിട്ടുണ്ട്. ടൂറിസ്റ്റ് കേന്ദ്രത്തിലെ ടിക്കറ്റ് കവാടത്തിനു സമീപമുണ്ടായിരുന്ന സ്ത്രീകളുടെ ശുചിമുറി പൊളിച്ചിരുന്നു. ഉടൻ മറ്റൊന്നു നിർമിക്കുമെന്ന് അധികൃതർ പറഞ്ഞിട്ടും ജോലികൾ ഇഴയുകയാണ്. എഴുനിലകുത്തിന്റെ മുകളിലായി വ്യൂപോയന്റിന്റെ പണിയും ഉടൻ ആരംഭിക്കുമെന്ന് പറഞ്ഞെങ്കിലും ഒന്നും നടക്കുന്നില്ല. ഇക്കാരണങ്ങളാൽതന്നെ അടുത്തകാലത്തായി സഞ്ചാരികളുടെ വരവും കുറഞ്ഞിട്ടുണ്ട്.
അതേസമയം, ടൂറിസ്റ്റ് കേന്ദ്രത്തിൽ ഒന്നാം ഘട്ട നിർമാണത്തിന്റെ ഭാഗമായി അപകട മേഖലയുള്ള സ്ഥലങ്ങളിൽ സംരക്ഷണ വേലി പൈപ്പുകൾ സ്ഥാപിച്ചതായി അധികൃതർ പറഞ്ഞു. കവാട നിർമാണം അവസാന ഘട്ടത്തിലാണ്. രണ്ടാംഘട്ട നിർമാണപ്രവർത്തനത്തിന്റെ കരാർ ഒപ്പിട്ടിട്ടുണ്ട്.
വഴികളിൽ ടൈൽ പാകൽ, കല്ലുകൊണ്ടുള്ള ബെഞ്ച്, ഇക്കോ ഷോപ് നിർമാണം, മഴക്കാലത്ത് തകർന്ന ചെറുപാലത്തിന്റെ പുനർനിർമാണം, ടിക്കറ്റ് കൗണ്ടറിന്റെയും ഇന്റർപ്രഷൻ സെന്ററിന്റെയും ഏറു മാടത്തിന്റെയും നിർമാണം, അപകട സൂചന ഡിസ്പ്ലേ ബോർഡുകൾ സ്ഥാപിക്കൽ എന്നിവയാണ് രണ്ടാംഘട്ടം. പണി അടിയന്തരമായി പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കുമെന്നും വനം വകുപ്പ് അധികൃതർ പറഞ്ഞു.
വണ്ണപ്പുറത്ത് കാണാനേറെ,പക്ഷേ...
ഓരോ പഞ്ചായത്തിലും ടൂറിസ്റ്റ് കേന്ദ്രം എന്ന ലക്ഷ്യത്തിലൂന്നിയുള്ള പദ്ധതികളുമായി മുന്നോട്ട് പോകുമ്പോൾ വണ്ണപ്പുറം പഞ്ചായത്തിൽ വിനോദസഞ്ചാരികളുടെ പ്രിയപ്രദേശങ്ങൾ അവഗണിക്കപ്പെടുകയാണ്. പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനും നിരവധി പേർക്ക് തൊഴിൽ കിട്ടുന്നതിനും സഹായകരമാകുന്ന ഏഴ് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളാണ് പഞ്ചായത്തിൽ ഉള്ളത്. ഇവയൊക്കെ വികസിപ്പിച്ച് സുരക്ഷ ഒരുക്കി പ്രവേശന ഫീസ് ഏർപ്പെടുത്തിയാൽ പ്രദേശത്തിന്റെ വികസനത്തിന് തന്നെ മുതൽക്കൂട്ടാകുമെങ്കിലും വകുപ്പുകളുടെ കടുംപിടിത്തം പിന്നോട്ടടിക്കുന്നു.
ആനചാടിക്കുത്ത്, കോട്ടപ്പാറ, മീനുളിയാൻ പാറ, പണ്ടാരക്കുത്ത്, കളചാടിക്കുത്ത്, നാക്കയം, കാറ്റാടിക്കടവ്, ഏഴുനിലകുത്ത് ഇവയൊക്കെ വണ്ണപ്പുറം പഞ്ചായത്തിലെ മനോഹര വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. എന്നാൽ, ഇവയിൽ ഒന്നിൽപോലും അടിസ്ഥാന സൗകര്യമോ സുരക്ഷാ ക്രമീകരണമോ ഒരുക്കാൻ ഒരു നടപടിയും ഉണ്ടാകുന്നില്ല. വനം വകുപ്പിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടികൾ ഇല്ലാത്തതാണ് വെല്ലുവിളി.
കോട്ടപ്പാറ കാണാനെത്തിയ സഞ്ചാരികൾ
മീനുളിയാൻ പാറ കാണാൻ ദിവസവും നൂറുകണക്കിന് സഞ്ചരികൾ എത്തിയിരുന്നു. ഒരു സുപ്രഭാതത്തിൽ വനം വകുപ്പ് ഇവിടേക്ക് സഞ്ചാരികൾ എത്തുന്നത് അപകടത്തിനും പരിസ്ഥിതി പ്രശ്നങ്ങൾക്കും കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി അടച്ചു. പ്രതിഷേധിച്ച നാട്ടുകാർക്കെതിരെ കേസെടുത്തു. വനം സംരക്ഷണ സമിതി ഉണ്ടാക്കി അവരുടെ നിയന്ത്രണത്തിൽ മീനുളിയാൻപാറയിലേക്ക് പ്രവേശനം നൽകുമെന്ന് പറഞ്ഞിട്ട് ഒരു വർഷം കഴിഞ്ഞു.
വിനോദ സഞ്ചാരകേന്ദ്രം ഇപ്പോഴും അടഞ്ഞുതന്നെ. ആനചാടിക്കുത്തും കോട്ടപ്പറയും നക്കയവും കാറ്റാടിക്കടവും കാണാൻ സഞ്ചാരികൾ എത്തുന്നുണ്ട്. എന്നാൽ, അടിസ്ഥാന സൗകര്യമോ സുരക്ഷാ ക്രമീകരണമോ ഒരുക്കാൻ ഒരു നടപടിയും ഇല്ല. താഴെത്തട്ടിൽനിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന പദ്ധതികൾ അംഗീകരിക്കാൻ ഉന്നത ഉദ്യോഗസ്ഥർ തയാറാകാത്തതാണ് പ്രശ്നമെന്നും ചൂണ്ടിക്കാട്ടുന്നു.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

