ജില്ലയിൽ ടൂറിസം രംഗത്ത് പി.പി.പി മോഡൽ
text_fields1. ഇടുക്കി കുടിയേറ്റ സ്മാരകത്തിന്റെ മുൻവശം, 2. കുടിയേറ്റ സ്മാരകത്തിലൊരുങ്ങുന്ന രൂപങ്ങൾ
തൊടുപുഴ: ജില്ലയുടെ ടൂറിസം രംഗത്തെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ പി.പി.പി മോഡൽ (പൊതു-സ്വകാര്യ പങ്കാളിത്തം) വ്യാപകമാക്കാൻ തീരുമാനം. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന ജില്ല ടൂറിസം കൗൺസിൽ എക്സിക്യൂട്ടിവ് സമിതി യോഗമാണ് ആശയം മുന്നോട്ടുവെച്ചത്. അഡ്വ. എ. രാജ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാക്കുന്നേൽ, കലക്ടർ വി. വിഘ്നേശ്വരി, ജില്ല ആസൂത്രണസമിതി ഉപാധ്യക്ഷൻ സി.വി. വർഗീസ്, എക്സിക്യൂട്ടിവ് സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. അന്തർദേശീയ ടൂറിസ്റ്റുകളെയും തദ്ദേശീയരെയും ലക്ഷ്യമിട്ട് ജില്ലയുടെ ടൂറിസം പ്ലാൻ തയാറാക്കേണ്ടതുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഓൺലൈനായി വിവരങ്ങൾ നൽകാൻ മൊബൈൽ ആപ് തയാറാക്കണം. ടൂറിസം കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് യൂനിഫോം നൽകുന്നത് ഫലപ്രദമാണെന്നും അദ്ദേഹം പറഞ്ഞു.
പീരുമേട് ഇക്കോ ലോഡ്ജ് സജ്ജം
1.38 കോടി രൂപ ചെലവഴിച്ച് നിർമിച്ച പീരുമേട് ഇക്കോ ലോഡ്ജ് ഉദ്ഘാടനത്തിന് തയാറായിട്ടുണ്ടെന്ന് ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു. മൂന്നുകോടി രൂപ ചെലവിട്ട് നിർമിച്ച ഇടുക്കി കുടിയേറ്റ സ്മാരകത്തിന്റെ ഒന്നാംഘട്ട നിർമാണവും പൂർത്തിയായി. പാഞ്ചാലിമേട് ടൂറിസം പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ നിർത്തിവെച്ച നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. 3.82 കോടി രൂപ ചെലവിൽ ഇടുക്കി യാത്രി നിവാസിന്റെ നിർമാണം നടന്നുവരുന്നു.
പീരുമേട് ഗെസ്റ്റ് ഹൗസ് നവീകരണ പ്രവൃത്തികൾ അന്തിമഘട്ടത്തിലാണെന്നും സെക്രട്ടറി പറഞ്ഞു. ജില്ലയിൽ പുതുതായി ആരംഭിക്കാവുന്ന ടൂറിസം കേന്ദ്രങ്ങളെ സംബന്ധിച്ചും യോഗം ചർച്ച ചെയ്തു.
പരുന്തുംപാറ ടൂറിസം കേന്ദ്രം, വാഗമണ്ണിലെ വരാട്ടുമേട് വ്യൂ പോയന്റ്, പാണ്ടിപ്പാറ വ്യൂ പോയന്റ് ഇടുക്കി ആർച്ച് ഡാമിന്റെ കാഴ്ച കാണാൻ സാധിക്കുന്ന വ്യൂ പോയന്റ്, നാടുകാണി പവിലിയനിൽനിന്നും മൂലമറ്റത്തേക്ക് റോപ്പ് കാർ പദ്ധതിയുടെ സാധ്യത, കാഞ്ഞാർ എം.വി.ഐ.പി പദ്ധതി, വടക്കേപ്പുഴ ഡൈവേർഷൻ പ്രദേശത്ത് ബോട്ടിങ്, ഇലവീഴാപ്പൂഞ്ചിറയിൽ ജില്ലയിൽ വരുന്ന പ്രദേശത്ത് വ്യൂ പോയന്റ്, കെ.എസ്.ഇ.ബിയുടെ സഹകരണത്തോടെ അഞ്ചുരുളിയിൽ ടൂറിസ്റ്റ് കേന്ദ്രം എന്നിവയാണ് പുതിയ സാധ്യതകൾ. കേന്ദ്രം ടൂറിസം പ്ലാൻ പ്രകാരം പദ്ധതികൾ പ്രാവർത്തികമാക്കാനും സമിതി ആലോചിക്കുന്നു. മൂന്നുമാസം കൊണ്ട് പി.പി.പി മോഡലിൽ അരുവിക്കുഴിയിൽ ടൂറിസം പദ്ധതി, ഇടുക്കി പാർക്കിൽ കുട്ടികളുടെ പാർക്ക്, ശ്രീനാരായണപുരത്ത് ജലസാഹസിക വിനോദങ്ങൾ, രാമക്കൽമേട്ടിൽ കുട്ടികളുടെ പാർക്ക്, മൂന്നാർ മുതിരപ്പുഴയിൽ വാക് വേ, ഫുഡ് സ്ട്രീറ്റ് എന്നിവയും ജില്ല ടൂറിസം കൗൺസിലിന്റെ പരിഗണനയിലാണ്.
‘ഇടുക്കി ഇലക്ട്ര’; തെരഞ്ഞെടുത്ത പാർക്കുകളിൽ ഇനി ഞായർ ഫെസ്റ്റ്
മുട്ടം: ഇടുക്കിയിലെ തെരഞ്ഞെടുക്കപ്പെട്ട പാർക്കുകളിൽ ഇനി മുതൽ ഞായർ ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ആദ്യഘട്ടത്തിൽ മലങ്കര, ഹിൽവ്യൂ പാർക്ക്, പാഞ്ചാലിമേട്, വാഗമൺ, രാമക്കൽമേട്, അരുവിക്കുഴി, തുടങ്ങിയ ഇടങ്ങളിലാണ് ഇടുക്കി ഇലക്ട്ര എന്ന പേരിൽ പദ്ധതി സംഘടിപ്പിച്ചത്. കലക്ടർ വി. വിഘ്നേശ്വരിയുടെ പ്രത്യേക താൽപര്യപ്രകാരമാണ് എല്ലാ ഞായറാഴ്ചകളിലും വൈകീട്ട് നാലു മുതൽ രാത്രി എട്ടുവരെ മിനി ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
കുടുംബശ്രീ, വ്യവസായ വകുപ്പ്, ഡി.ടി.പി.സി, ചെറുകിട സംരംഭകർ എന്നിവരെ കൂട്ടിയിണക്കിയാണ് സ്റ്റാളുകൾ ഒരുക്കുന്നത്. കരകൗശല വസ്തുക്കൾ, ട്രൈബൽ വിഭാഗത്തിന്റെ തേൻ, മുളയരി തുടങ്ങിയ ഉൽപന്നങ്ങൾ, കുടുംബശ്രീ ഉൽപന്നങ്ങൾ, ചെറുകിട വ്യവസായ സംരംഭങ്ങൾ എന്നിവ സ്റ്റാളുകൾ വഴി വിൽക്കും. കൂടാതെ പ്രദേശത്തെ കോളജുകളുടെ സഹായത്തോടെ ഗെയിം പ്രോഗ്രാമും സംഘടിപ്പിക്കും.
ചെറുകിട സംരംഭകര പ്രോത്സാഹിപ്പിക്കുക, പാർക്കുകളിലേക്ക് കൂടുതൽ സന്ദർശകരെ എത്തിക്കുക, സന്ദർശകർക്ക് ഉല്ലസിക്കാൻ കൂടുതൽ അവസരം ഒരുക്കുക തുങ്ങിയവയാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

