ദീർഘദൂരം താണ്ടി എത്തേണ്ട; സബ് കലക്ടർ ഇനി നേരില്‍
text_fieldsപ്രതീകാത്മക ചിത്രം
തൊടുപുഴ: ജനങ്ങളുമായുള്ള ബന്ധം കൂടുതല്‍ സുതാര്യവും വേഗത്തിലുമാക്കുന്നതിനായി ഇടുക്കി സബ് കലക്ടറുടെ ഓഫീസ് നേരില്‍ സബ് കലക്ടര്‍ എന്ന പേരില്‍ ഓണ്‍ലൈന്‍ അപ്പോയ്മെന്റ് ബുക്കിംഗ് സംവിധാനം ആരംഭിച്ചു. നിവേദനങ്ങള്‍, പരാതികള്‍ തുടങ്ങി ഏത് വിഷയങ്ങള്‍ക്കുമായി സബ് കലക്ടറെ നേരില്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, ഇനി ദീര്‍ഘദൂരം യാത്ര ചെയ്യേണ്ടി വരികയോ ക്യൂവില്‍ കാത്തുനില്‍ക്കേണ്ടി വരികയോ ഇല്ല. പകരം, ക്യു ആര് കോഡ് വഴിയോ, ലിങ്ക് വഴിയോ ഓണ്‍ലൈനില്‍ നേരിട്ട് അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുകയും വിഡിയോ കോണ്‍ഫറന്‍സ് വഴി സബ് കലക്ടറോട് സംസാരിക്കുകയും ചെയ്യാം.
സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലകളിലൊന്നായ ഇടുക്കിയില്‍ സബ് കലക്ടറെ കാണുന്നതിനായി പൊതുജനങ്ങള്‍ക്ക് പലപ്പോഴും ദീര്‍ഘദൂരം യാത്ര ചെയ്യേണ്ടി വരുന്നു. നേരില്‍ സബ് കലക്ടര്‍ പദ്ധതിയിലൂടെ ജനങ്ങളുടെ യാത്ര കുറയ്ക്കാനും, സമയം ലാഭിക്കാനും, സര്‍ക്കാര്‍ ഇടപെടലുകള്‍ കൂടുതല്‍ ജനസൗഹൃദപരവും കാര്യക്ഷമവും സുതാര്യവുമാക്കാനുമാണ് ലക്ഷ്യമിടുന്നത്.
ജനങ്ങളുമായി അടുക്കാനുള്ള ശ്രമം -സബ് കലക്ടർ
ഭരണം ജനങ്ങളിലേക്ക് അടുപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടു വയ്പാണിതെന്ന് ഇടുക്കി സബ് കലക്ടർ അനൂപ് ഗാര്‍ഗ് പറഞ്ഞു. അപ്പോയിന്റ്മെന്റ് പ്രക്രിയ ഡിജിറ്റലാക്കുന്നതിലൂടെ ആളുകള്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കാണുന്നതില്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇത് ഒരു ചെറിയ തുടക്കമാണ്, എന്നാല്‍ ജനങ്ങളുടെ പ്രതികരണവും പങ്കാളിത്തവും കൊണ്ട് കൂടുതല്‍ വികസിപ്പിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഇടുക്കിയെ ജനസൗഹൃദ ഭരണത്തിന്റെ മാതൃകയാക്കി മാറ്റുന്നതിനായി സര്‍ക്കാരിനെ ജനങ്ങളിലേക്ക് കൂടുതല്‍ അടുപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പദ്ധതിയെന്നും സബ് കലക്ടർ കൂട്ടിച്ചേര്‍ത്തു.
പ്രാരംഭഘട്ടത്തില്‍ ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം മൂന്ന് മണി മുതല്‍ 4.30 വരെ, ഓരോ ദിവസവും 15 മിനിറ്റ് വീതമുള്ള ആറ് സ്ലോട്ടുകള്‍ (ആഴ്ചയില്‍ 12 സ്ലോട്ടുകള്‍) എന്ന രീതിയിലാണ് അനുവദിച്ചിട്ടുള്ളത്. തുടക്കത്തില്‍, ഈ സേവനം ഈ രണ്ട് ദിവസങ്ങളില്‍ മാത്രമേ ലഭ്യമാകൂ. ആവശ്യം അനുസരിച്ച് ഭാവിയില്‍ കൂടുതല്‍ സ്ലോട്ടുകള്‍ ചേര്‍ക്കും.സംശയങ്ങള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും ഈ നമ്പറുകളില്‍ ബന്ധപ്പെടണം: 04862-232231, 9447184231
പ്രവര്‍ത്തന രീതി
- ക്യു ആര് കോഡ് സ്കാന്‍ ചെയ്യുക അല്ലെങ്കില്‍ ബുക്കിംഗ് ലിങ്ക് ഓപ്പണ്‍ ചെയ്യുക.
- പേര്, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ എന്നിവ നല്കി സൗകര്യപ്രദമായ സമയം തിരഞ്ഞെടുത്ത് ഒരു ഗൂഗിള്‍ ഫോം പൂരിപ്പിക്കുക.
- ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ഫോം ലളിതമാണ്. പൂരിപ്പിക്കാന്‍ ഒരു മിനിറ്റില്‍ താഴെ സമയം മാത്രമേ എടുക്കൂ.
- സമര്‍പ്പിച്ചു കഴിഞ്ഞാല്‍, വിവരങ്ങള്‍ ഓട്ടോമാറ്റിക് ആയി സബ് കലക്ടറുടെ ഓഫീസില്‍ എത്തും.
- അപേക്ഷകര്‍ക്ക് മീറ്റിങ്ങ് വിവരങ്ങളടങ്ങിയ ഒരു സ്ഥിരീകരണ സന്ദേശവും വീഡിയോ കോണ്‍ഫറന്‍സിനുള്ള ലിങ്ക് ഇ-മെയില്‍ വഴിയും വാട്ട്സ്ആപ്പ് വഴിയും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

