ഇടുക്കി ജില്ല കായിക മേള; ഇഞ്ചോടിഞ്ചിൽ അടിമാലി മുന്നിൽ
text_fieldsനെടുങ്കണ്ടം: ജില്ല കായികമേളയുടെ മൂന്നാം ദിനമായ വെള്ളിയാഴ്ചയും ഇഞ്ചോടിഞ്ച് പോരാട്ടത്തില് മൂന്ന് പോയന്റ് മുന്നിൽ അടിമാലി. തൊട്ടുപിന്നാലെ കട്ടപ്പനയും കുതിക്കുകയാണ്. ചാമ്പ്യന്ഷിപ്പില് പങ്കെടുക്കാന് സാധിക്കാതിരുന്ന താരങ്ങള്ക്കായുള്ള ട്രയല്സ് മത്സരങ്ങള് ശനിയാഴ്ച പൂര്ത്തീകരിച്ച ശേഷമേ ചാമ്പ്യന്മാരെ അറിയാൻ കഴിയൂ.
30 സ്വർണവും 26 വെള്ളിയും 20 വെങ്കലവും അടക്കം 279 പോയന്റാണ് അടിമാലി നേടിയത്. 276 പോയന്റുകള് നേടിയ കട്ടപ്പന വിദ്യാഭ്യാസ ജില്ല 32 സ്വർണവും 22 വെള്ളിയും 19 വെങ്കലവും നേടി. മൂന്നാം സ്ഥാനത്തെത്തിയ തൊടുപുഴ വിദ്യാഭ്യാസ ജില്ല 8 സ്വർണവും 17 വെള്ളിയും 14 വെങ്കലവുമായി 110 പോയന്റുകള്കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. എസ്.എന്.വി.എന്.ആര് സിറ്റി സ്കൂളിന്റെ ചിറകിലേറിയാണ് അടിമാലി ഉപജില്ല മുന്നിലെത്തിയത്. എന്നാല്, സ്വർണ നേട്ടത്തില് കട്ടപ്പനയാണ് മുന്നില്.
32 ഇനങ്ങളില് സ്വർണം കൊയ്തപ്പോള് 22 വെള്ളിയും 19 വെങ്കലവും കട്ടപ്പന സ്വന്തമാക്കി. മൂന്നാമതുള്ള തൊടുപുഴ എട്ട് സ്വർണവും 17 വെള്ളിയും 14 വെങ്കലവും അടക്കം 110 പോയന്റ് നേടിയപ്പോള് പീരുമേട് ഒമ്പത് വീതം സ്വർണവും വെങ്കലവും എട്ട് വെള്ളിയുമായി 84 പോയന്റ് നേടി. നാല് സ്വർണവും ആറു വെള്ളിയും 18 വെങ്കലവും അടക്കം 66 പോയന്റാണ് നെടുങ്കണ്ടത്തിന്റെ സമ്പാദ്യം. അറക്കുളം രണ്ട് സ്വർണവും ഏഴ് വെള്ളിയും നാല് വെങ്കലവുമായി 41 പോയന്റും മൂന്നാര് ഒന്ന് വീതം സ്വർണവും വെള്ളിയും വെങ്കലവുമായി 9 പോയന്റും കരസ്ഥമാക്കി. സ്കൂളുകളില് 141 പോയന്റുമായി എന്.ആര് സിറ്റിയുടെ പടയോട്ടമാണ് കണാനായത്. വിജയികള്ക്ക് നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കല് ട്രോഫികള് സമ്മാനിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

