ഇടുക്കി വികസന പാക്കേജ്: പദ്ധതികള്‍ ഉടൻ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം
text_fieldsകലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ഇടുക്കി വികസന പാക്കേജ് അവലോകന യോഗം
തൊടുപുഴ: ഇടുക്കി വികസന പാക്കേജ് പ്രകാരം നടപ്പാക്കുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ തീരുമാനം. ജില്ല കലക്ടര്‍ ഡോ. ദിനേശന് ചെറുവാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇടുക്കി പാക്കേജ് അവലോകന യോഗത്തിലാണ് തീരുമാനം.
ജില്ലയുടെ സമഗ്രവും സുസ്ഥിരവുമായ വികസനം ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ ഇടുക്കി വികസന പാക്കേജ് നടപ്പാക്കുന്നത്. 2021 ലാണ് പാക്കേജ് സംബന്ധിച്ച നിര്‍ദേശങ്ങള്‍ രൂപവത്കരിച്ചത്. ഓരോ വര്‍ഷവും 75 കോടിയാണ് ബജറ്റില്‍ വകയിരുത്തുന്നത്. 2026-27 സാമ്പത്തിക വര്‍ഷം 80 കോടിയാണ് വകയിരുത്തിയത്.
പദ്ധതികള്‍ തയാറാക്കുന്നതിലും നടപ്പാക്കുന്നതിലും ഉദ്യോഗസ്ഥര്‍ കാര്യക്ഷമതയോടെ ഇടപെടണമെന്ന് യോഗം നിര്‍ദേശിച്ചു. ഇടുക്കി പാക്കേജ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സ്പെഷല്‍ ഓഫിസറെ നിയമിക്കുന്നത് സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തും. സ്പെഷല്‍ ഓഫിസറായി പ്രവര്‍ത്തിക്കേണ്ട ജില്ല വികസന കമീഷണര്‍ നിലവില്‍ ജില്ലയില്‍ ഇല്ലാത്ത സാഹചര്യത്തിലാണിത്. വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഡ്രോയിങ്ങും ഡിസൈനും ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ അറിയിക്കും.
2022 മുതല്‍ 2026 വരെ ആകെ 65 പ്രവൃത്തികളാണ് ജില്ലാതല സമിതി ശിപാര്‍ശ ചെയ്തത്. ഇതില്‍ 31 പദ്ധതികള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്. ആകെ 14,60,12,792 രൂപയാണ് ഇതുവരെ ചെലവഴിച്ചത്. 2022-23 വര്‍ഷത്തില്‍ ആറ് പദ്ധതികള്‍ക്കും 2023-24ല്‍ 9 പദ്ധതികള്‍ക്കും 2024-25 വര്‍ഷം മൂന്ന് പദ്ധതികള്‍ക്കും 2025-26 വര്‍ഷം 13 പദ്ധതികള്‍ക്കുമാണ് ഭരണാനുമതി ലഭിച്ചത്.
എന്നാൽ, ഇതെല്ലാം ഇഴഞ്ഞാണ് നീങ്ങുന്നതെന്നും വിമർശനമുയർന്നു. ഏലം കൃഷിനാശത്തിന് ധനസഹായം നല്കുന്നതിനായുള്ള പാക്കേജ് വേഗത്തില്‍ നടപ്പാക്കാനും നിര്‍ദേശം നല്കി. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ഡീന്‍ കുര്യാക്കോസ് എം.പി., ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്, എം.എല്‍എ.മാരായ റോയ് കെ. പൗലോസ്, സിറിയക് തോമസ്, സേനാപതി വേണു, എഫ്. രാജ, സബ് കലക്ടര്‍മാരായ വി.എം. ആര്യ, അനൂപ് ഗാര്‍ഗ്, അഡീഷനല്‍ ജില്ല മജിസ്ട്രേറ്റ് എസ്. ശ്രീജിത്ത്, ജില്ല പ്ലാനിങ് ഓഫിസര്‍ ടി. ജ്യോതിമോള്‍, വിവിധ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

