ഇടുക്കി ഡാം ടൂറിസം ഇടനാഴി പദ്ധതി; സാധ്യത പഠനം നടത്തും
text_fieldsഇടുക്കി ഡാം
തൊടുപുഴ: രാജ്യത്തിന്റെ അഭിമാന പദ്ധതിയും ഏഷ്യയിലെ ഏറ്റവും ഉയരമുള്ള ആർച്ച് ഡാമുമായ ഇടുക്കി ഡാം കേന്ദ്രമാക്കി പുതിയ ടൂറിസം ഇടനാഴിക്ക് സാധ്യത. ഇത് സംബന്ധിച്ച് പഠനം നടത്തുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് നിയമസഭയിൽ പ്രഖ്യാപിച്ചു. ഇടുക്കി ആർച്ച് ഡാമിന്റെ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി ഇടുക്കി ഡാം ടൂറിസം കോറിഡോർ നടപ്പാക്കാൻ പദ്ധതി ആവിഷ്കരിക്കണമെന്ന ഇടുക്കി എം.എൽ.എ റോയി കെ പൗലോസിന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ഇടുക്കി ഡാം നിത്യേന സന്ദർശകർക്കായി തുറന്നുകൊടുക്കുകയും സമീപപ്രദേശങ്ങളായ കല്യാണത്തണ്ട്, അഞ്ചുരുളി, ചെറുതോണി, കുളമാവ് വാഴത്തോപ്പ് ഹിൽ വ്യൂ പാർക്ക് അയ്യപ്പൻകോവിൽ തൂക്കുപാലം എന്നിവയുടെ ടൂറിസം സാധ്യതകൾ പരമാവധി വിനിയോഗിച്ച് അഞ്ചുവർഷംകൊണ്ട് ഇടുക്കിയെ ഇന്ത്യയിൽ ഏറ്റവും അറിയപ്പെടുന്ന ടൂറിസം കേന്ദ്രമാക്കി മാറ്റുവാനുള്ള കർമ പദ്ധതികൾക്ക് സർക്കാർ രൂപം കൊടുക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു.
അഞ്ചുരുളിയിലെ പ്രശസ്തമായ ടണൽ, ജലപാത ജലാശയ ദൃശ്യങ്ങൾ എന്നിവ ഉൾപ്പെടുത്തി സന്ദർശക സൗകര്യങ്ങൾ പരമാവധി മെച്ചപ്പെടുത്തണം. കൂടാതെ, കാൽവരി മൗണ്ടന്റെ മനോഹാരിത ആസ്വദിക്കാൻ കഴിയുന്ന വിധം വ്യൂ പോയിന്റിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും വേണം. സന്ദർശകർക്കായി കുടിവെള്ളം, പാർക്കിങ്, ശുചിമുറി, വിശ്രമമുറി എന്നിവ നിർമിച്ചുകൊണ്ട് പരിസ്ഥിതിയ്ക്കും പ്രകൃതിക്കും അനുയോജ്യമായ രീതിയിൽ ടൂറിസം സാധ്യതകൾ വിനിയോഗിച്ചുകൊണ്ട് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയും. മൂന്നുവർഷങ്ങൾക്കു മുൻപ് നിത്യേന സന്ദർശനത്തിന് അനുമതി ലഭ്യമായിരുന്ന ഇടുക്കി ഡാം ഇപ്പോൾ ഉത്സവകാലത്ത് മാത്രമാണ് സർക്കാർ സന്ദർശന അനുമതി നൽകുന്നത്. ഇടുക്കി, ചെറുതോണി, കുളമാവ് എന്നീ മൂന്ന് ഡാമുകളുടെ കേന്ദ്രീകൃതമായ സെൻട്രൽ സ്റ്റോറേജ് സിസ്റ്റമാണ് ഇവിടെ പ്രവർത്തിക്കുന്നത്.
ഇടുക്കി ഡാമിന്റെ പ്രത്യേകതകളും നിർമാണത്തിന്റെയും സാങ്കേതികവിദ്യയുടെ മികവും ഇടുക്കി ജില്ലയുടെ തനതായ പ്രകൃതി ഭംഗിയും അനന്തമായ ടൂറിസം സാധ്യതകൾ ഇടുക്കി ജില്ലയുടെ പ്രത്യേകിച്ച് ഹൈറേഞ്ചിന്റെ വികസന സ്വപ്നങ്ങൾക്ക് വേഗം കൂട്ടുന്നവയാണ്. ഇടുക്കി ഡാം നിത്യേന സന്ദർശിക്കുവാനും ടൂറിസം, വൈദ്യുതി, ജലസേചനം എന്നീ വകുപ്പുകൾ സംയോജിച്ചുകൊണ്ട് ഇടുക്കി ഡാം ടൂറിസം കോറിഡോർ ആവിഷ്കരിക്കണമെന്നും അദ്ദേഹം നിയമസഭയിൽ ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

