ഹർത്താലിൽ സ്തംഭിച്ച് ഇടുക്കി
text_fieldsതൊടുപുഴ: ഇ.എസ്.എ അടക്കമുള്ള ജില്ലയിലെ ഭൂപ്രശ്നങ്ങളിൽ സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് സി.പി.എം ജില്ല കമ്മിറ്റി ആഹ്വാനം ചെയ്ത ഹർത്താലിൽ ജില്ല സ്തംഭിച്ചു. വാഹനം തടയലുമായി ബന്ധപ്പെട്ട് അങ്ങിങ്ങ് ചെറിയ സംഘർഷങ്ങളുണ്ടായതൊഴിച്ചാൽ ഹർത്താൽ പൊതുവേ സമാധാനപരമായിരുന്നു.
ഹർത്താലിനോട് അനുബന്ധിച്ച് നഗരപ്രദേശങ്ങളിൽ കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. തൊടുപുഴ, അടിമാലി, മൂന്നാർ, നെടുങ്കണ്ടം, കട്ടപ്പന, ചെറുതോണി, കുമളി, പീരുമേട് അടക്കമുള്ള പ്രദേശങ്ങളിൽ സ്വകാര്യ ബസുകളടക്കം സർവിസ് നടത്തിയില്ല. ചിലയിടങ്ങളിൽ തുറന്ന കടകളും സ്ഥാപനങ്ങളുമെല്ലാം പ്രവർത്തകരും നേതാക്കളുമെത്തി അടപ്പിച്ചു.
പ്രൈവറ്റ് ബസുകൾ നിരത്തിലിറങ്ങിയില്ലെങ്കിലും ദീർഘദൂര സർവിസുകൾ അടക്കമുള്ള കെ.എസ്.ആർ.ടി.സി ബസുകൾ പതിവുപോലെ സർവിസ് നടത്തി. ചിലയിടങ്ങളിൽ കെ.എസ്.ആർ.ടി.സി ബസുകൾ സമരാനുകൂലികൾ തടഞ്ഞെങ്കിലും സർവിസ് മുടങ്ങിയില്ല. തമിഴ്നാട് അതിർത്തിയായ കുമളി ചെക്ക് പോസ്റ്റിൽ വിനോദസഞ്ചാരികളെ സമരക്കാർ തടഞ്ഞു. ജില്ലക്ക് പുറത്തുനിന്നും വരുന്ന ടൂറിസ്റ്റുകളെ തടയില്ലെന്ന ജില്ല സെക്രട്ടറിയുടെ പ്രഖ്യാപനവും ഇതോടെ പാഴ്വാക്കായി. ചിലയിടത്ത് സ്വകാര്യവാഹനങ്ങളും തടഞ്ഞിട്ടു. സർക്കാർ ഓഫിസുകൾ പ്രവർത്തിച്ചെങ്കിലും ഹാജർ നില കുറവായിരുന്നു. ഹർത്താലിനെ തുടർന്ന് പ്രഫഷനൽ കോളജുകളുൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. തിങ്കളാഴ്ച മുതൽ മൂന്ന് ദിവസംകൂടി പൊതു അവധി പ്രഖ്യാപിച്ചതോടെ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ‘അവധി മൂഡി’ലായി.
പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട ആശങ്കകളും കഡസ്ട്രൽ മാപ്പിലുമുള്ള ആശയക്കുഴപ്പവും പൂർണമായും പരിഹരിക്കണമെന്നും ജില്ലയിലെ ജനങ്ങൾക്ക് സ്വൈരജീവിതം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് രാവിലെ 6 മുതൽ വൈകിട്ട് 6 വരെയായിരുന്നു ഹർത്താൽ. ഇതോടനുബന്ധിച്ച് ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം സമരാനുകൂലികൾ പ്രകടനവും യോഗവും നടത്തി. സംഘർഷ സാധ്യത കണക്കിലെടുത്ത് വിവിധ കേന്ദ്രങ്ങളിൽ പൊലീസ് സുരക്ഷയും ഏർപ്പെടുത്തിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

