നടന്ന് കാണാം... ഇടുക്കി-ചെറുതോണി അണക്കെട്ട്
text_fieldsചെറുതോണി: സഞ്ചാരികള്‍ക്ക് ഇടുക്കി ആര്‍ച്ച് ഡാം വീണ്ടും നടന്ന് കാണുന്നതിന് അവസരം ഒരുങ്ങി. ഇടുക്കിയിൽ എത്തുന്ന സഞ്ചാരികളുടെ വര്‍ധന കണക്കിലെടുത്തും എല്ലാ സഞ്ചാരികള്‍ക്കും ഡാം കാണാന്‍ അവസരം ലഭിക്കണമെന്നതും പരിഗണിച്ചാണ് സര്‍ക്കാര്‍ കാല്‍നട യാത്രികര്‍ക്ക് അനുമതി നല്കാന് തീരുമാനിച്ചതെന്ന് ടിക്കറ്റ് വിതരണോദ്ഘാടനം നിര്‍വഹിച്ച് മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു. മന്ത്രി റോഷി അഗസ്റ്റിൻ വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി, വൈദ്യുതി പ്രിന്‍സിപ്പല്‍ സെക്രട്ടറി, കെ.എസ്.ഇ.ബി ബോര്‍ഡ് ചെയര്മാന്, ഹൈഡല്‍ ടൂറിസം ഡയറക്ടര്‍, ഇടുക്കി ജില്ല കലക്ടര്‍ മറ്റ് ജനപ്രതിനിധികളുടെയും സാന്നിധ്യത്തില്‍ നടത്തിയ നിരന്തര ചര്‍ച്ചകളെ തുടര്‍ന്നാണ് ഇടുക്കി ഡാമില്‍ കാല്‍നട യാത്രക്ക് അനുമതി ലഭ്യമായത്.
സ്പോട്ട് ടിക്കറ്റിങ് സംവിധാനവും
ഓണ്‍ലൈന്‍ ബുക്കിങില്‍ യാത്രക്കാര്‍ പൂര്‍ണമായില്ലെങ്കില്‍ സ്പോട്ട് ടിക്കറ്റിങ് സംവിധാനവും പ്രയോജനപ്പെടുത്താം. വെള്ളിയാഴ്ച വരെ ബഗ്ഗി കാറുകളില്‍ മാത്രമായിരുന്നു സഞ്ചാരികള്‍ക്ക് സന്ദര്‍ശനാനുമതി നല്‍കിയിരുന്നത്. നിലവില്‍ നവംബര്‍ 30 വരെയാണ് സന്ദര്‍ശനാനുമതി നല്‍കിയിട്ടുള്ളത്. ടിക്കറ്റുകള്‍ വെബ്സൈറ്റ് വഴിയും ബുക്ക് ചെയ്യാം. ചെറുതോണി ഡാമിന്റെ പ്രവേശന കവാടത്തിനു സമീപം ടിക്കറ്റ് കൗണ്ടറും ക്രമീകരിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ബുക്കിങ്ങിനു ശേഷം ഒഴിവുണ്ടെങ്കില്‍ ഇവിടെ നിന്നു ടിക്കറ്റ് കരസ്ഥമാക്കാം.
ഡാം പരിസരത്ത് നടന്ന ഉദ്ഘാടന യോഗത്തില്‍ മന്ത്രി റോഷി അഗസ്റ്റിനില്‍ നിന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജോസ് കുഴിക്കണ്ടം ടിക്കറ്റ് ഏറ്റുവാങ്ങി. ജില്ല പഞ്ചായത്ത് അംഗം കെ.ജി. സത്യന്, ജില്ല കലക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട്, ജില്ല പോലീസ് മേധാവി കെ.എം സാബു മാത്യു, ഹൈഡല്‍ ടൂറിസം സെന്റര്‍ സീനിയര്‍ മാനേജര്‍ ജോയല്‍ തോമസ്, ഡാം സേഫ്റ്റി എക്സിക്യൂട്ടിവ് എൻജിനീയര്‍ സൈന വിവിധ രാഷ്ട്രീയ സംഘടന പ്രതിനിധികളായ റോമിയോ സെബാസ്റ്റ്യന്‍, ഷിജോ തടത്തില്‍ എന്നിവരും മന്ത്രിക്കൊപ്പം ഡാം സന്ദര്‍ശിച്ചു.
കര്‍ശന സുരക്ഷ; സന്ദര്‍ശനാനുമതി ദിവസവും 3750 പേര്‍ക്ക്
കര്‍ശന സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് ഡാമില്‍ സന്ദര്‍ശന അനുമതി നല്‍കുന്നതെന്നും സഞ്ചാരികള്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രി പറഞ്ഞു. രാവിലെ 10 മുതല്‍ വൈകിട്ട് 3.30 വരെയാണ് ഡാം സന്ദര്‍ശന സമയം. കാല്‍നട യാത്രക്ക് മുതിര്‍ന്നവര്‍ക്ക് 50 രൂപയും കുട്ടികള്‍ക്ക് 30 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ബഗ്ഗികാര്‍ യാത്രക്ക് ഒരാള്‍ക്ക് 150 രൂപയാണ് ടിക്കറ്റ് നിരക്ക്. എട്ട് ബഗ്ഗി കാര്‍ സജ്ജീകരിച്ചിട്ടുണ്ട്. ദിവസവും 3750 പേര്‍ക്കാണ് സന്ദര്‍ശനാനുമതി. 2500 പേര്‍ക്ക് ഓണ്‍ലൈന്‍ മുഖേന കാല്‍നട യാത്രക്കും, 1248 പേര്‍ക്ക് ബഗ്ഗികാര്‍ സേവനം പ്രയോജനപ്പെടുത്തിയും ഡാം സന്ദര്‍ശിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

