ഓണാവധി; സഞ്ചാരികളുടെ തിരക്കിൽ ഇടുക്കി
text_fieldsതൊടുപുഴ: ഓണക്കാലത്ത് ഇടുക്കി കാണാനെത്തിയ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധന. സംസ്ഥാനത്തിന് പുറത്തുനിന്നടക്കം നിരവധി സഞ്ചാരികളാണ് ഞായര്‍, തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി ജില്ലയിലെത്തിയത്. മൂന്ന് ദിവസങ്ങളിലായി ജില്ലയിലെത്തിയത് 41,323 പേരാണ്.
ഇതില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തിയത് വാഗമണ്ണിലാണ്. 12,750 പേരാണ് ഈ ദിവസങ്ങളിൽ വാഗമണ്‍ സന്ദര്‍ശിച്ചത്. മാട്ടുപ്പെട്ടി- 1600 പേരും രാമക്കല്‍മേട് - 4180, അരുവിക്കുഴി -521, ശ്രീനാരായണപുരം- 1738, പാഞ്ചാലിമേട്- 2322, ഇടുക്കി ഹില്‍വ്യൂ പാർക്ക്- 1562 , മൂന്നാര്‍ ബോട്ടാണിക്കല്‍ ഗാര്ഡൻ- 1738 പേരും സന്ദര്‍ശിച്ചു. മുന്‍ കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി ഇത്തവണ മഴയില്ലാതിരുന്നത് സഞ്ചാരികൾക്ക് ഗുണമായി. ജില്ലയിലെ മറ്റ് ടൂറിസം സെന്ററുകളിലും നിരവധി സഞ്ചാരികളാണ് എത്തിയത്. മൂന്നാറിലേക്കും ഒട്ടേറെ സന്ദര്‍ശകരുണ്ടായി. മാട്ടുപ്പെട്ടിയിലും രാജമലയിലും കഴിഞ്ഞദിവസങ്ങളില്‍ വലിയ തിരക്കാണ് ദൃശ്യമായത്.
മാട്ടുപ്പെട്ടിയിലെത്തിയ പല സഞ്ചാരികള്‍ക്കും തിരക്ക് മൂലം ബോട്ടിങ്ങിന് അവസരം ലഭിച്ചില്ല. രാജമലയിലും വലിയതോതില്‍ സഞ്ചാരികളെത്തി. ജില്ലയിലെ മറ്റു പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളായ തേക്കടി, രാമക്കല്‍മേട്, കാല്‍വരിമൗണ്ട്, അഞ്ചുരുളി, പരുന്തുംപാറ, പാഞ്ചാലിമേട്, പാല്‍ക്കുളംമേട്, അരുവിക്കുഴി, തൊമ്മന്‍കുത്ത്, ആനയാടിക്കുത്ത്, മലങ്കര എന്നിവിടങ്ങളിലും തദ്ദേശീയരായ സഞ്ചാരികളുടെ തിരക്ക് അനുഭവപ്പെട്ടു. വരും ദിവസങ്ങളിലും കൂടുതൽ സഞ്ചാരികൾ ജില്ലയിലേക്ക് എത്തുമെന്നാണ് ഡി.ടി.പി.സി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. സഞ്ചാരികളെ ആകർഷിക്കാൻ എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുള്ളതായും അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

