കിടപ്പ് രോഗിയായ വീട്ടമ്മയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊന്നു
text_fieldsചെറുതോണി: തളർന്ന് കിടപ്പിലായ വീട്ടമ്മയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഇടുക്കി ആലിന്‍ചുവട് സ്വദേശി കാലായിക്കല്‍ മുനിസ്വാമിയുടെ ഭാര്യ രഞ്ജിനിയാണ് (55) കൊല്ലപ്പെട്ടത്. ചെറുതോണിക്ക് സമീപം ഗാന്ധിനഗറിൽ ബുധനാഴ്ച അർധരാത്രിയോടെയാണ് സംഭവം. പ്രതി മുനിസ്വാമിയെ (60) പൊലീസ് അറസ്റ്റുചെയ്തു. ഭാര്യയെ നോക്കാനുള്ള ബുദ്ധിമുട്ടുകൊണ്ട് മുനിസ്വാമി തന്നെയാണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിനുശേഷം ഭാര്യ സ്വാഭാവികമായി മരിച്ചതായി മുനിസ്വാമി അയല്‍വാസികളെ അറിയിച്ചു. ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് പൊലീസെത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റുമോർട്ടത്തിൽ തെളിഞ്ഞതോടെ മുനിസ്വാമിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
രഞ്ജിനി ആറുമാസമായി തളര്‍ന്നു കിടപ്പിലാണ്. ഇവരും ഭര്‍ത്താവും ഒറ്റക്കായിരുന്നു താമസം. മുനിസ്വാമി തമിഴ്നാട് സ്വദേശിയാണ്. 31 വർഷം മുമ്പ് ചെന്നൈയിൽ ചെമ്മീൻ കമ്പനിയിൽ ഒന്നിച്ചു ജോലി ചെയ്യുമ്പോഴുള്ള പരിചയത്തെ തുടർന്നാണ് കൊല്ലം സ്വദേശിനിയായ രഞ്ജിനിയെ വിവാഹം കഴിച്ചത്. പിന്നീട് ഇടുക്കിയിൽ സ്ഥിരതാമസമാക്കുകയായിരുന്നു. മക്കള്‍: സൗന്ദര്യ, സംയുക്ത, സുസ്മിത. മരുമക്കള്‍: ഗിരീഷ്, മനു
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

