പെരിയാർ വനമേഖലക്ക് ചുറ്റും വേട്ടക്കാർ വിലസുന്നു; മ്ലാവ് വെടിയേറ്റ് ചത്ത നിലയിൽ
text_fieldsവെടിയേറ്റ് ചത്ത നിലയിൽ കണ്ടെത്തിയ മ്ലാവ്
കുമളി: രാജ്യത്തെ പ്രമുഖ കടുവ സങ്കേതമായ പെരിയാർ വനമേഖലക്ക് ചുറ്റും മൃഗവേട്ടക്കാർ സജീവമായിട്ടും അധികൃതർ കാഴ്ചക്കാരായി തുടരുന്നെന്ന് നാട്ടുകാർ. കഴിഞ്ഞ ദിവസം വേട്ടക്കാരുടെ വെടിയേറ്റ മ്ലാവ് ജനവാസ മേഖലക്ക് സമീപം എത്തി വീണു ചത്തിട്ടും അധികൃതർ അനാസ്ഥ തുടരുന്നതായാണ് നാട്ടുകാർ പറയുന്നത്. പെരിയാർ വന്യജീവി സങ്കേതത്തിൽനിന്ന് പുറത്തെത്തിയ ഗർഭിണിയായ മ്ലാവാണ് വേട്ടക്കാരുടെ തോക്കിനിരയായത്. വണ്ടിപ്പെരിയാർ വള്ളക്കടവ് മൗണ്ട് ഭാഗത്താണ് മ്ലാവിെൻറ ജഡം കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ച് ഏറെ നേരത്തിനു ശേഷമാണ് വനപാലകർ എത്തിയത്.
പെരിയാർ കടുവ സങ്കേതത്തിൽ ഡോഗ് സ്ക്വാഡ് ഉണ്ടായിട്ടും സേവനം ഉപയോഗിക്കാതെ മ്ലാവിെൻറ ജഡം കാര്യമായ അന്വേഷണമില്ലാതെ മറവ് ചെയ്തു. വെടിയേറ്റ മ്ലാവിൽനിന്ന് വേട്ടക്കാരുടെ സ്ഥലത്തേക്ക് എത്താൻ ഡോഗ് സ്ക്വാഡിെൻറ സേവനം ഉപയോഗിച്ചാൽ കഴിയുമായിരുന്നു. വനം, വന്യജീവി കൊള്ളകൾ കണ്ടെത്തി തടയാനും നടപടി സ്വീകരിക്കാനും മുമ്പ് സജീവമായിരുന്ന മുണ്ടക്കയം ഫ്ലയിങ് സ്ക്വാഡ് അധികൃതർ ഇപ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുന്നില്ലെന്ന് ഈ രംഗത്തുള്ളവർതന്നെ പറയുന്നു. സ്ക്വാഡ് അധികൃതർ വേട്ട വിവരം മൂടിവെക്കാൻ ശ്രമിക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട്. ഏറെക്കാലത്തെ ഇടവേളക്ക് ശേഷമാണ് പെരിയാർ കടുവ സങ്കേതത്തിന് വലിയ ഭീഷണിയായി വനമേഖലക്കു ചുറ്റും വേട്ടക്കാർ വിലസുന്നത്. വനമേഖലയോടു ചേർന്ന കൃഷിയിടങ്ങൾ, ഏല- തേയിലത്തോട്ടങ്ങൾ, അതിർത്തി കെട്ടിമറയ്ക്കാത്ത വനമേഖലയുടെ ഭാഗങ്ങൾ, സംസ്ഥാന അതിർത്തി പ്രദേശങ്ങളിലെ വഴികൾ എന്നിവിടങ്ങളിലെല്ലാം വേട്ടക്കാർ സജീവമാണ്. മ്ലാവ്, കാട്ടുപോത്ത് പന്നി, കേഴ, കരിങ്കുരങ്ങ്, മരപ്പട്ടി, കൂരമാൻ എന്നിവയെ വെടിവെച്ചും മുയൽ ഉൾപ്പെടെ ചെറുജീവികളെ കുരുക്ക് ഉപയോഗിച്ചുമാണ് വേട്ടയാടുന്നത്. ഇങ്ങനെ വേട്ടയാടപ്പെടുന്ന മൃഗങ്ങളുടെ ഇറച്ചികൾ കട്ടപ്പന, കാഞ്ഞിരപ്പള്ളി, കോട്ടയം, ഉൾപ്പെടെ പട്ടണങ്ങളിൽ എത്തിച്ചു വിൽക്കുന്ന സംഘം സജീവമാണ്.
വേട്ടക്കെതിരെ നടപടി സ്വീകരിക്കാൻ പെരിയാർ കടുവ സങ്കേതത്തിലും പുറത്തും പട്രോളിങ്ങിന് ഫ്ലയിങ് സ്ക്വാഡും വനപാലകരും ഉണ്ടങ്കിലും ഒത്തുകളി തുടരുന്നതാണ് കടുവ സങ്കേതത്തിന് ഭീഷണിയാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

