അധ്യാപകർക്ക് ഉറങ്ങാനുള്ളതല്ല ക്ലാസ്മുറി –മനുഷ്യാവകാശ കമീഷൻ
text_fieldsതൊടുപുഴ: അധ്യാപകർ ക്ലാസിലിരുന്ന് ഉറങ്ങുന്നതും കുട്ടികൾക്ക് ഉപകാരമില്ലാത്ത പ്രവൃത്തികളിൽ ഏർപ്പെടുന്നതും തെറ്റാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. വാഗുവര സ്വദേശിനി കാളിയമ്മാൾ സമർപ്പിച്ച പരാതിയിലാണ് നടപടി. മൂന്നാർ വാഗുവര സർക്കാർ ഹൈസ്കൂളിലെ അധ്യാപകർ ക്ലാസിലിരുന്ന് ഉറങ്ങുന്നുവെന്നും കമ്പ്യൂട്ടറുകളടക്കമുള്ളവ സ്വകാര്യആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുവെന്നാണ് ഇവരുടെ പരാതി.
അധ്യാപകർ കൃത്യമായി എത്തുന്നുെണ്ടന്നും ക്ലാസുകൾ എടുക്കുന്നുണ്ടെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉറപ്പാക്കണമെന്നും അത് ലംഘിക്കുന്നവർക്കെതിരെ മാതൃകാപരമായി നടപടി സ്വീകരിക്കണമെന്നും കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി.
ഫെബ്രുവരി എട്ടിന് കട്ടപ്പന വിദ്യാഭ്യാസ ഓഫിസറും ഉദ്യോഗസ്ഥരും സ്കൂളിൽ പരിരോധന നടത്തി ആരോപണം ശരിയാണെന്ന് കണ്ടെത്തി ഒരു അധ്യാപകനെ സ്ഥലം മാറ്റിയിരുന്നു. ചില അധ്യാപകർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ നിയന്ത്രിക്കാൻ പ്രധാനാധ്യാപകന് കഴിഞ്ഞില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പഠിപ്പിക്കുന്നതിനായി ക്ലാസിലെത്തുന്ന അധ്യാപകർ കുട്ടികളുടെ ഉന്നമനത്തിനും വിജയത്തിനും വേണ്ടി പ്രവർത്തിക്കണമെന്ന് കമീഷൻ ചൂണ്ടിക്കാട്ടി.
ക്ലാസ് എടുക്കുന്നതിനുള്ള ഉപകരണങ്ങൾ കുട്ടികൾക്ക് മാത്രമായി പ്രയോജനപ്പെടുത്തണം. ഇക്കാര്യം ഉറപ്പാക്കേണ്ട പ്രധാനാധ്യാപകൻ ഇതൊന്നും ഗൗരവമായി കാണാതെ മൗനം പുലർത്തിയെന്നും കമീഷൻ ഉത്തരവിൽ പറഞ്ഞു. പൊതുവിദ്യാഭ്യാസ ഡയറക്ടർ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

