കാത്തിരിക്കുന്നു, പ്രിയ സുഹൃത്തിന്റെ കത്തിനായി ഹൃദയപൂർവം
text_fieldsസുഹൃത്തുക്കൾക്ക് എഴുതിയ കത്ത് വിദ്യാർഥികൾ പോസ്റ്റ് ചെയ്യുന്നു
കലയന്താനി: പുതുവത്സരാശംസകൾ വിരൽത്തുമ്പിലൊതുങ്ങുന്ന കാലത്ത് സ്വന്തം കൈപ്പടയിൽ സുഹൃത്തിന് പുതുവത്സര ആശംസകൾ നേർന്ന് കത്തെഴുതി വിദ്യാർഥിക്കൂട്ടം. കലയന്താനി ഹയർ സെക്കണ്ടറി സ്കൂളിൽ ‘ഹൃദയപൂർവ്വം സുഹൃത്തിന്’ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിലാണ് സ്കൂളിലെ മുഴുവൻ വിദ്യാർഥികളും അവരുടെ കൂട്ടുകാർക്ക് കത്തെഴുതി പോസ്റ്റ് ചെയ്തത്.
മിക്കവാറും കുട്ടികൾ ആദ്യമായാണ് ഇൻലന്റ് കാണുന്നതും കത്തെഴുതുന്നതും. തപാൽ സംവിധാനത്തെ പരിചയപ്പെടുത്തുക, ആധുനിക സാമൂഹിക മാധ്യമങ്ങളുടെ കാലത്ത് സ്വന്തം കൈപ്പടയിൽ കത്ത് എഴുതി ആശംസകൾ നേരുക, കൂട്ടുകാരിലെ നൻമകൾ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും പ്രേരിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ക്രിസ്തുമസ് - പുതുവർഷാഘോഷങ്ങളുടെ ഭാഗമായി പരിപാടി നടപ്പാക്കിയത്.
കലയന്താനി പോസ്റ്റ് ഓഫിസിൽ ഇക്കാര്യം അറിയിച്ചപ്പോൾ ഇത്രയും എണ്ണം ഇൻലന്റ് ലഭ്യമായിരുന്നില്ലെങ്കിലും അധികൃതർ ഉത്സാഹപൂർവം സഹകരിക്കുകയും ആവശ്യമായ ഇൻലന്റ് ലഭ്യമാക്കുകയും ചെയ്തു. നറുക്കെടുപ്പിലൂടെ ലഭിച്ച സുഹൃത്തുക്കൾക്ക് അവരറിയാതെയാണ് ആശംസകൾ എഴുതി വീട്ടിലേക്ക് കത്ത് അയച്ചത്.പ്രിയ സുഹൃത്തിന്റെ വിശേഷങ്ങൾ തിരഞ്ഞും, അവരുടെ നന്മകൾ പറഞ്ഞും, അവർക്ക് ആശംസകൾ നേർന്നും എഴുതിയ ഓരോ വരികളും സൗഹൃദത്തിന്റെ ആഴം വിളിച്ചോതുന്നതായിരുന്നു.
എല്ലാ പ്രവർത്തനങ്ങൾക്കും ക്ലാസ്സ് ടീച്ചേഴ്സിന്റെ നേതൃത്വവും മേൽനോട്ടവും ഉണ്ടായിരുന്നു. എല്ലാ കുട്ടികളും തങ്ങളുടെ സുഹൃത്തുക്കൾ;ക്ക് കത്തെഴുതി പോസ്റ്റ് ചെയ്തു. മനുഷ്യ ബന്ധങ്ങൾക്കിടയിൽ നഷ്ടമാകുന്ന വൈകാരികതയും ഹൃദയബന്ധങ്ങളുടെ ഇഴയടുപ്പവും വീണ്ടെടുക്കാൻ ഇത്തരം പ്രവർത്തനങ്ങൾക്ക് സാധിക്കുമെന്ന് മാനേജർ ഡോക്ടർ ജോർജ് താനത്ത് പറമ്പിൽ പറഞ്ഞു.
കത്ത് അയക്കൽ ഇല്ലാതാകുന്ന, പോസ്റ്റ് ബോക്സ് തുറക്കൽ ചടങ്ങു മാത്രമായി മാറുന്ന ഇക്കാലത്ത് ഇത്രയും കുട്ടികൾ കൂട്ടുകാർക്ക് ഇൻലന്റിൽ കത്തെഴുതിയതും പോസ്റ്റ് ഓഫീസിൽ എത്തി പോസ്റ്റ് ചെയ്തതും അഭിനന്ദനാർഹമായ കാര്യമാണെന്ന് കലയന്താനി പോസ്റ്റ്മാസ്റ്റർ അമീന മുംതാസ് പറഞ്ഞു. തങ്ങളുടെ പ്രിയപ്പെട്ടവർക്കെല്ലാം കത്തെഴുതിയന്റെ സന്തോഷത്തിലാണ് സൂകൂൾ വിദ്യാർഥികളിപ്പോൾ. എന്നാൽ അതിനെക്കാളുപരി അവർ കാത്തിരിക്കുകയാണ് സ്വന്തം മേൽവിലാസത്തിൽ ആദ്യമായൊരു കത്ത് വീട്ടിൽ പോസ്റ്റ്മാൻ എത്തിച്ചു നൽകുന്ന ദിനത്തിനായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

