ഹിൽവ്യൂ പാർക്കിന് 25 വയസ്സ്, റോഡിനുവേണ്ടിയുള്ള കാത്തിരുപ്പിനും
text_fieldsചെറുതോണി: ഹിൽവ്യൂ പാർക്ക് നിലവിൽ വന്ന് കാൽനൂറ്റാണ്ട് പിന്നിടുമ്പോഴും റോഡിനായുള്ള കാത്തിരിപ്പ് നീളുന്നു. ദിനംപ്രതി നൂറുകണക്കിന് വിനോദസഞ്ചാരികളെത്തുന്ന സ്ഥലമാണിവിടം. എന്നാൽ, പാർക്കിലെത്താൻ സ്വന്തമായി റോഡില്ല. റോഡിനുവേണ്ടി ടൂറിസം വകുപ്പ് സർക്കാറിനു സമർപ്പിച്ച പദ്ധതി റിപ്പോർട്ട് ചുവപ്പുനാടയിൽ കുരുങ്ങി. വഴിയില്ലാതായതോടെ സർക്കാർ അതിഥിമന്ദിരത്തിന്റെ മുറ്റത്തുകൂടിയാണ് പാർക്കിലെത്തുന്നത്. ഇത് വിനോദസഞ്ചാരികളെ ഏറെ ബുദ്ധിമുട്ടിലാക്കുന്നു. ചില സന്ദർഭങ്ങളിൽ സഞ്ചാരികൾക്ക് പാർക്കിലേക്ക് പ്രവേശിക്കാനും കഴിയാത്ത സാഹചര്യമുണ്ട്. ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ പത്തേക്കർ സ്ഥലത്ത് പാർക്ക് ആരംഭിക്കുമ്പോൾ അന്നത്തെ കലക്ടർ രണ്ടു വർഷത്തിനുള്ളിൽ റോഡ് നിർമിക്കുമെന്ന് പറഞ്ഞിരുന്നു. കോടികൾ ചെലവഴിച്ചാണ് പാർക്ക് സ്ഥാപിച്ചത്.
എന്നാൽ, കാൽനൂറ്റാണ്ടായിട്ടും റോഡ് സ്വപ്നമാണ്. ചെറുതോണി അണക്കെട്ടിനു സമീപം പ്രവർത്തിക്കുന്ന സർക്കാർ അതിഥിമന്ദിരത്തിന്റെ മുകൾവശത്തെ കുന്നിലാണ് പാർക്ക് സ്ഥിതി ചെയ്യുന്നത്. അതിഥി മന്ദിരത്തിലേക്കു പ്രവേശിക്കുന്ന റോഡാണ് ഹിൽ വ്യൂ പാർക്കിലേക്കു പോകാനും ഉപയോഗിക്കുന്നത്. വാഹനം താഴെ റോഡുസൈഡിലിട്ടശേഷം നടന്നാണ് പലരും പാർക്കിലെത്തുന്നത്. റോഡ് നിർമിക്കാനുള്ള സ്ഥലം സ്വന്തമായുണ്ട്.
പക്ഷേ, അതിന് ആരും മുൻകൈയെടുക്കുന്നില്ല. അതിഥി മന്ദിരത്തിൽ മന്ത്രിമാരടക്കമുള്ള വി.ഐ.പികൾ താമസത്തിനു വന്നാൽ വിനോദസഞ്ചാരികൾ പാർക്കിലേക്കു പോകാൻ പൊലീസ് വിലക്കേർപ്പെടുത്തും. വിലക്ക് ലംഘിച്ച് ആരെങ്കിലും പ്രവേശിച്ചാൽ പിന്നെ പൊലീസാണ് കൈകാര്യം ചെയ്യുന്നത്. ഈ വർഷം പതിവിലധികം ടൂറിസ്റ്റുകൾ പാർക്കിലെത്തുന്നുണ്ട്. മലനിരകൾക്കിടയിൽ പരന്നുകിടക്കുന്ന ഇടുക്കി ജലാശയവും ആർച്ച് ഡാമും ഇടുക്കി ഹിൽ വ്യൂ പാർക്കിൽനിന്ന് നോക്കിയാൽ മനം മയക്കുന്ന കാഴ്ചയാണ്. കാൽ നൂറ്റാണ്ട് പൂർത്തിയാക്കുന്ന പാർക്കിന് ഇനിയും റോഡ് നിർമിക്കാത്തതിനു പിന്നിൽ കടുത്ത അനാസ്ഥയാണെന്നാണ് ആക്ഷേപം. കലക്ടർ ചെയർമാനായ സമിതിയാണ് പാർക്കിന്റെ ഭരണ നേതൃത്വം. സ്വന്തമായി റോഡുണ്ടാക്കാൻ ഇനിയെങ്കിലും ഇവർ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

