ഹയര്‍ സെക്കന്‍ഡറി: ഇടുക്കി ജില്ലയിൽ 84.57 ശതമാനം വിജയം
text_fieldsതൊടുപുഴ: ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ജില്ലയിൽ 84.57 ശതമാനം വിജയം. കഴിഞ്ഞ തവണത്തേക്കാള്‍ മൂന്ന് ശതമാനത്തിലേറെ വര്‍ധനയാണ് ഉണ്ടായത്. 10,181പേര് പരീക്ഷയെഴുതിയതില്‍ 8610 പേര് ഉപരിപഠനത്തിന് യോഗ്യത നേടി. ഇതില്‍ 1027പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ഉണ്ട്. 10,240 പേരാണ് ആകെ രജിസ്റ്റര്‍ ചെയ്തത്.
ടെക്നിക്കല്‍ വിഭാഗത്തില്‍ 72.99 ആണ് വിജയ ശതമാനം. പരീക്ഷയെഴുതിയ 174പേരില്‍ 127പേര് ഉപരിപഠനത്തിന് യോഗ്യത നേടി. 177പേര് രജിസ്റ്റര്‍ ചെയ്തു. ഒമ്പത് പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. ഓപ്പണ്‍ സ്കൂള്‍ വിഭാഗത്തില്‍ 46.18 ശതമാനം പേര് വിജയിച്ചു. 275 പേര് പരീക്ഷയെഴുതിയതില്‍ 127 പേര് വിജയിച്ചു. 279 പേര് രജിസ്റ്റര്‍ ചെയ്തിരുന്നു. രണ്ടുപേര്‍ക്ക് മാത്രമാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്.
വി.എച്ച്.എസ്.ഇ.യില്‍ 71.24ശതമാനം വിജയം നേടി. 1036പേര് പരീക്ഷയെഴുതി. 738പേര് ഉപരിപഠന യോഗ്യത നേടി. മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ മൂന്നാര്‍, സെന്റ് തോമസ് ഇ.എം.എച്ച്.എസ്.എസ്. അട്ടപ്പള്ളം, സെന്റ് സേവ്യേഴ്സ് എച്ച്.എസ്.എസ്. ചെമ്മണ്ണാര്‍ എന്നീ സ്കൂളുകളില്‍ നൂറുമേനി വിജയമുണ്ട്.
വാഗവര ഗവ. എച്ച്.എസ്.എസി ലാണ് ഏറ്റവും കുറവ് വിജയം. 25 ശതമാനം. വാഴത്തോപ്പ് സെന്റ് ജോര്‍ജ് എച്ച്.എസ്.എസിലെ അഡോണ ജസ്റ്റിന്, എൻ.ആർ. സിറ്റി എസ്.എൻ.വി.എച്ച്.എസ്.എസിലെ നേഹ വിനോദ് എന്നിവര്‍ക്ക് മുഴുവന്‍ മാര്‍ക്കും ലഭിച്ചു. ഇരുവരും സയന്‍സ് വിഭാഗമാണ്. കഴിഞ്ഞ വര്‍ഷം പരീക്ഷയെഴുതിയ 10,513പരില്‍ 8561 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്.
703 പേര്‍ക്കായിരുന്നു എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്. വി.എച്ച്.എസ്.ഇ, ടെക്നിക്കല്‍, ഓപ്പണ്‍ സ്കൂള്‍ വിഭാഗങ്ങളില്‍ യഥാക്രമം 68.97, 46, 52 എന്നിങ്ങനെയായിരുന്നു വിജയശതമാനം. കുമളി അട്ടപ്പള്ളം സെന്റ് തോമസ് ഇ .എം.എച്ച്.എസ്.എസില്‍ മാത്രമായിരുന്നു കഴിഞ്ഞതവണ നൂറുമേനി വിജയം.
1200 ൽ 1200: അഡോണ ജസ്റ്റിന്റെ വിജയത്തിന് പത്തരമാറ്റ്
ചെറുതോണി: പ്ലസ്ടു പരീക്ഷയിൽ മുഴുവൻ മാർക്കും കരസ്ഥമാക്കി അഡോണ ജസ്റ്റിൻ. വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിന്റെ അഭിമാനമായി. ബയോളജി സയൻസിൽ 1200 ൽ 1200 മാർക്കും സ്വന്തമാക്കിയാണ് അഡോണ സ്കൂളിന്റെയും നാടിന്റെയും ആഭിമാനമായത്. സ്കൂളിലെ ചെയർ പേഴ്സൺ കൂടിയാണ് അഡോണ. പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും അഡോണ സജീവമായിരുന്നു.
അഡോണ ജസ്റ്റിൻ
സിവിൽ സർവീസാണ് അടുത്ത ലക്ഷ്യം. വനം വകുപ്പിൽ ഇടുക്കി വൈൽഡ് ലൈഫ് ഡിവിഷനിൽ സീനിയർ ക്ലർക്കായ ഭൂമിയാംകുളം കല്ലിടുക്കനാനിക്കൽ ജസ്റ്റിൻ ജോസഫാണ് പിതാവ്. മാതാവ് മിനി തോമസ് ഇടുക്കി കലക്ടറേറ്റിൽ റവന്യു വകുപ്പിൽ ക്ലർക്ക് ആയി ജോലി ചെയ്യുന്നു. സഹോദരൻ ആദർശ് ജെസ്റ്റിൻ.
നേഹ വിനോദിന് ഫുൾ മാർക്ക്
രാജാക്കാട്: എൻ.ആർ സിറ്റി എസ്.എൻ.വി .എച്ച്.എസ്.എസിലെ അധ്യാപിക ദമ്പതികളുടെ മകളായ നേഹാ വിനോദിന് പ്ലസ് ടു സയൻസ് പരീക്ഷയിൽ ഫുൾ മാർക്ക്. അച്ഛൻ വിനോദ് കുമാർ ഹയർ സെക്കൻഡറി വിഭാഗം അധ്യാപകനാണ്.
നേഹ വിനോദ്
അമ്മ സീന വിനോദ് ഹൈസ്കൂൾ വിഭാഗം അധ്യാപികയും. പത്താം ക്ലാസിലും നേഹക്ക് ഫുൾ എ പ്ലസ് ലഭിച്ചിരുന്നു. സ്കൂളിലെ എൻ.എസ്.എസിലും, സ്ക്കൗട്ടിലും സജീവ സാന്നിധ്യമാണ് ഈ മിടുക്കി. ഡോക്ടാറാവുക എന്നതാണ് ആഗ്രഹം.
ഇടമലക്കുടിക്ക് അഭിമാനമായി രാധാകൃഷ്ണന്റെ നേട്ടം
മൂന്നാർ : പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും ഫുൾ മാർക്ക് നേടി ഇടമലക്കുടിയുടെ മാത്രമല്ല പട്ടികവർഗ വിഭാഗങ്ങൾക്കാകെ അഭിമാനമായി ആർ. രാധാകൃഷ്ണൻ. മൂന്നാർ മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ പഠിച്ച ഇടമലക്കുടി തീർത്ഥമല ഊരിലെ രാമന്റെ മകനാണ് രാധാകൃഷ്ണൻ.
രാധാകൃഷ്ണൻ
പത്താംക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയിരുന്നു. മാതാവ് മരണപ്പെട്ട രാധാകൃഷ്ണന് മൂന്ന് സഹോദരങ്ങളാണ്. ഫോൺ സൗകര്യംപോലും ഇല്ലാത്ത ഇടമലക്കുടി ഊരിലെ വീട്ടിലായിരുന്ന രാധാകൃഷ്ണനെ ഇന്നലെ അഭിമാന വിജയം അറിയിക്കാനുള്ള അധ്യാപകരുടെ ശ്രമവും വിജയിച്ചില്ല.