ഉരുൾപൊട്ടിയ മേഖലകളിൽ കനത്ത ജാഗ്രത
text_fieldsതൊടുപുഴ: ഇടുക്കിയിൽ മുമ്പ് ഉരുൾപൊട്ടലുണ്ടായ മേഖലകളിൽ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് ജില്ല കലക്ടർ വി. വിഘ്നേശ്വരി. കനത്ത മഴയിൽ വൈദ്യുതി തകരാർ ജില്ലയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നും പൊതുജനങ്ങളിൽ നിന്ന് കൂടുതൽ സന്നദ്ധ പ്രവർത്തകർ മുന്നോട്ടുവരണമെന്നും കലക്ടർ അറിയിച്ചു. കലക്ടറേറ്റിൽ മഴക്കെടുതി അവലോകനത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കലക്ടർ.
കഴിഞ്ഞ മൂന്നു ദിവസമായി പെയ്യുന്ന മഴയിൽ ധാരാളം മരങ്ങൾ വീണിട്ടുണ്ട്. അത് മുറിച്ചുമാറ്റാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. സ്വകാര്യവ്യക്തികളുടെ പുരയിടങ്ങളിൽ അപകടകരമായ നിലയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റാൻ നിർദേശം നൽകിയിട്ടുണ്ട്. വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. നേര്യമംഗലം മുതൽ വാളറ വരെയുള്ള അപകടകരമായ മരങ്ങൾ മുറിച്ച് മാറ്റാൻ നിർദേശം നൽകിയെന്നും കലക്ടർ പറഞ്ഞു.
ശക്തമായി മഴ പെയ്യുന്ന സാഹചര്യത്തിൽ തോട്ടം തൊഴിലാളികൾക്ക് വേതനത്തോടുകൂടിയ അവധി നൽകണമെന്ന് നിർദേശിച്ചിട്ടുണ്ട്. ഗോത്രവർഗ മേഖലയിൽ ആർ.ആർ.ടി സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മൂന്നാർ കോളനിയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്. 19 പേരാണ് ക്യാമ്പിലുള്ളത്.
ദേശീയപാതക്കായി മണ്ണെടുത്ത ഭാഗങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടാകുന്നത് തടയാൻ വിദഗ്ധർ അടങ്ങുന്ന പ്രത്യേക ദുരന്ത ലഘൂകരണ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. അപകട സാധ്യതയുള്ള മേഖലകൾ സബ് കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ച് പരിശോധന നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കും.
റെഡ് അലർട്ട് കഴിഞ്ഞാലുടൻ പരിശോധന ആരംഭിക്കും. കൂടുതൽ സന്നദ്ധപ്രവർത്തകരെ കണ്ടെത്താൻ പഞ്ചായത്തുകൾക്കും വില്ലേജ് ഓഫിസുകൾക്കും നിർദേശം നൽകിയിട്ടുണ്ട്. ഓരോ 25 വീടിനും ഒരു സന്നദ്ധപ്രവർത്തകൻ എന്ന നിലയിലാണ് നിയോഗിക്കാൻ ഉദ്ദേശിക്കുന്നത്.
മരംമുറിക്കാൻ കഴിയുന്നവരും വൈദ്യുതിയടക്കമുള്ള മേഖലയിൽ പ്രവർത്തിക്കുന്നവരുടെയും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ഇപ്പോൾ ജലനിരപ്പ് അപകടകരമായ നിലയിലായിട്ടില്ല. എന്നാലും, മുൻകാലങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായ മേഖലകളിൽ ജാഗ്രത പാലിക്കുന്നുണ്ട്. സിപ്ലൈൻ, വാട്ടർ സ്പോർട്സ് തുടങ്ങിയ സാഹസിക വിനോദങ്ങൾ നിർത്തിവെക്കാൻ നിർദേശം നൽകി. ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കലക്ടർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

