കാന്തല്ലൂരിൽ രണ്ടാഴ്ചക്കിടെ കനത്ത മഴ; വ്യാപക കൃഷിനാശം
text_fieldsകാന്തല്ലൂർ ഗുഹനാഥപുരത്ത് മഴവെള്ളപ്പാച്ചിലിൽ വെള്ളക്കെട്ടിലായി നശിച്ച വെളുത്തുള്ളി കൃഷി
മറയൂർ: മറയൂർ, കാന്തല്ലൂർ മേഖലയിൽ രണ്ടാഴ്ചകളിൽ ഇടപെട്ട് പെയ്ത മഴയിൽ വ്യാപക കൃഷി നാശം. റോഡുകളും ശോച്യാവസ്ഥയിലായി. കാന്തല്ലൂർ പ്രദേശത്ത് ശക്തമായ മഴയാണ് പെയ്തത്. റോഡുകൾ ഭാഗികമായി തകർന്നിരുന്ന നിലയിൽ മഴവെള്ളപ്പാച്ചിലിൽ കൂടുതൽ പൊട്ടിപ്പൊളിഞ്ഞ് ശോച്യാവസ്ഥയിലായി.
കാന്തല്ലൂർ, പെരുമല, പുത്തൂർ, ഗുഹനാഥപുരം, കുളച്ചുവയൽ, കീഴാന്തൂർ, വെട്ടുകാട് പ്രദേശങ്ങളിലാണ് ശക്തമായ മഴയിൽ പച്ചക്കറി ഉൾപ്പെടെ കൃഷികൾ നാശത്തിലായത്. മൂന്നാഴ്ച മുമ്പാണ് വെളുത്തുള്ളി കൃഷി തുടങ്ങിയത്. ഇപ്പോൾ ഇത് മുളച്ചുവന്ന സാഹചര്യത്തിൽ മഴവെള്ളത്തിൽ നശിച്ചു.
കൂടാതെ ക്യാരറ്റ്, കാബേജ്, കിഴങ്ങ്, സ്ട്രോബറി കൃഷികളും ഭാഗികമായി നശിച്ചു. വെള്ളിയാഴ്ച ചെറിയതോതിലാണ് മഴപെയ്തത്. കാലാവസ്ഥ വ്യതിയാനത്തിൽ കഴിഞ്ഞ വർഷങ്ങളിൽ കൃഷിയിൽ നഷ്ടക്കണക്ക് മാത്രമാണ് കർഷകർക്കുള്ളത്. ശക്തമായ മഴയിൽ കൃഷിസ്ഥലങ്ങളെല്ലാം വെള്ളക്കെട്ടിലായത് കർഷകർക്ക് വീണ്ടും ദുരിതമായി.
ബെസ്റ്റ് ടൂറിസം പുരസ്കാരം കരസ്ഥമാക്കിയ കാന്തല്ലൂരിൽ വികസനങ്ങൾ അകലെയാണ്. പയസ് നഗർ മുതൽ കാന്തല്ലൂർവരെ റോഡിന്റെ വശങ്ങളെല്ലാം പൊട്ടിപ്പൊളിഞ്ഞ നിലയിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയിൽ വശങ്ങളും കൂടുതൽ പൊട്ടിപ്പൊളിഞ്ഞു. കൂടാതെ വെള്ളത്തിന്റെ കുത്തൊഴുക്കിൽ റോഡുകളിൽ നിറഞ്ഞ കല്ലുകൾ നീക്കം ചെയ്യാത്തതിനാൽ യാത്ര ദുഷ്കരമാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

