തോരാതെ മഴ; തീരാതെ ദുരിതം
text_fieldsമാട്ടുപ്പെട്ടിയിൽ കരക്ക് കയറ്റിയിട്ട ബോട്ടുകൾ
തൊടുപുഴ: ജില്ലയിൽ വിവിധ താലൂക്കുകളിൽ വ്യാപക നാശം വിതച്ച് മഴ തുടരുന്നു. വീട് തകർന്നും കാർഷിക വിളകൾ നശിച്ചും ഒട്ടേറെ പേർക്ക് നഷ്ടം സംഭവിച്ചുണ്ട്. ജില്ലയിൽ രണ്ടു ദിവസമായി പീരുമേട് താലൂക്കിലാണ് കനത്ത മഴ. 102 മി.മീറ്റർ മഴ ഇവിടെ രേഖപ്പെടുത്തി. ഇടുക്കി -90.4 മി.മി, തൊടുപുഴ -85.4, ഉടുമ്പൻചോല -15.8, ദേവികുളം -82.2 എന്നിങ്ങനെയാണ് വ്യാഴാഴ്ച രാവിലെവരെ പെയ്ത മഴയുടെ അളവ്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വ്യാഴാഴ്ച മഴ അൽപം കുറവായിരുന്നു. മറയൂർ-മൂന്നാർ റോഡിൽ പള്ളനാടിന് സമീപം സ്റ്റോർ ഭാഗത്ത് മരം കടപുഴകി മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
മറയൂർ പട്ടിക്കാട്ടിൽ അർധരാത്രി മരം വീടിനു മുകളിലേക്ക് കടപുഴകി. വീട്ടിൽ ഉറങ്ങിക്കൊണ്ടിരുന്ന നാലംഗ കുടുംബം തലനാരിഴക്കാണ് രക്ഷപ്പെട്ടത്. തൊടുപുഴ നഗരമധ്യത്തിൽ മുനിസിപ്പൽ ബിൽഡിങ്ങിന് മുന്നിലും മരം കടപുഴകി. ഏറെനേരം ഇതുവഴിയുള്ള ഗതാഗതം സ്തംഭിച്ചു.
അന്തോണിയാർ കോളനിയിൽ ജാഗ്രത മുന്നറിയിപ്പ്
മൂന്നാർ: കനത്ത മഴയെത്തുടർന്ന് മൂന്നാർ അന്തോണിയാർ കോളനിയിൽ ഉരുൾപൊട്ടൽ ജാഗ്രത മുന്നറിയിപ്പ്. മൂന്നാർ ടൗണിനു സമീപം നല്ലതണ്ണി റോഡിലാണ് അന്തോണിയാർ കോളനി. 2007ൽ ഈ കോളനിയിലുണ്ടായ വൻ ഉരുൾപൊട്ടലിൽ ഏഴുപേർ മരണപ്പെട്ടിരുന്നു. 2007ലെ ദുരന്തത്തിനുശേഷം അമൃത ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ ഇവിടെ ഭൂകമ്പമാപിനികൾ സ്ഥാപിച്ചിരുന്നു. ഇവയിൽനിന്നുള്ള തരംഗങ്ങളുടെ അടിസ്ഥാനത്തിലാണ് ദുരന്തനിവാരണ അതോറിറ്റി ആദ്യജാഗ്രത മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. കോളനിയിലെ കുടുംബങ്ങളെ ഇക്കാര്യം അറിയിച്ചതായും ജാഗ്രത പാലിക്കാൻ നിർദേശം നൽകിയതായും പഞ്ചായത്ത് പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന വൈസ് പ്രസിഡന്റ് എം. രാജേന്ദ്രൻ അറിയിച്ചു. അപകട സാധ്യത വർധിച്ചാൽ ആളുകളെ മാറ്റിപാർപ്പിക്കാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാതയോരങ്ങളിൽ ഭീതിവിതച്ച് കൂറ്റൻ മരങ്ങൾ
നെടുങ്കണ്ടം: ഉടുമ്പൻചോല-ചെമ്മണ്ണാർ പാതയോരങ്ങളിൽ നിൽക്കുന്ന കൂറ്റൻ മരങ്ങൾ അപകട ഭീഷണി ഉയർത്തുന്നു. ഈ റോഡിൽകൂടി കടന്നുപോകുന്ന നൂറുകണക്കിന് വാഹനങ്ങൾക്കും മേഖലയിൽ സ്ഥിതി ചെയ്യുന്ന സ്കൂളുകളിൽനിന്ന് കുട്ടികളുമായി പോയി വരുന്ന സ്കൂൾ ബസുകൾക്കും കാൽനടക്കാർക്കും മരങ്ങൾ ഗുരുതര ഭീഷണി സൃഷ്ടിക്കുന്നു. നിരവധി മരങ്ങൾ ഏത് നിമിഷവും കടപുഴകാവുന്ന അവസ്ഥയിലാണ്. റോഡരികിലെ തിട്ടകളിൽ ആടിയുലഞ്ഞു നിൽക്കുകയാണ് വൻമരങ്ങൾ. ഏതു നിമിഷവും മറിഞ്ഞുവീഴാവുന്ന സ്ഥിതിയിലാണുള്ളത്. അരഡസനോളം മരങ്ങൾ ഉണങ്ങി ദ്രവിച്ചു നിൽപുണ്ട്. ഇടക്കിടെ ചെറിയ കമ്പുകൾ ഒടിഞ്ഞുവീഴുന്നതും യാത്രക്കാരെ ഭീതിയിലാക്കുന്നു.
ഗുരുതരമായ ഈ പ്രശ്നത്തിൽ ബന്ധപ്പെട്ട അധികാരികൾ ശ്രദ്ധചെലുത്തുകയും അടിയന്തരമായി മരങ്ങൾ മുറിച്ചുനീക്കി വിദ്യാർഥികളുടെയും ജനങ്ങളുടെയും ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം. നെടുങ്കണ്ടം-ഉടുമ്പൻചോല, മൈലാടുംപാറ-അടിമാലി, ഉടുമ്പൻചോല-പൂപ്പാറ റോഡിലും നിരവധി വൻമരങ്ങളാണ് ഭീതി പരത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

