വിനോദസഞ്ചാര, തോട്ടം മേഖലകളിൽ നിയന്ത്രണം; രാത്രി യാത്ര നിരോധനം 20വരെ നീട്ടി
text_fieldsകാക്കട്ടുകട-–അഞ്ചുരുളി റോഡിലെ ജോണിക്കട പാലത്തിൽ വെള്ളം കയറിയപ്പോൾ
നാട്ടുകാർ കയർ കെട്ടി ആളുകളെ രക്ഷപ്പെടുത്തുന്നു
തൊടുപുഴ: ജില്ലയില്‍ ശക്തമായ മഴയും ഉരുള്‍പൊട്ടല്‍ ഭീഷണിയും നിലനിൽക്കുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് കലക്ടർ. വിനോദസഞ്ചാരത്തിനുള്ള കയാക്കിങ് ഓപറേഷന്, ബോട്ടിങ് എന്നിവ അടിയന്തരമായി നിര്‍ത്തിവെക്കാൻ നിർദേശം നൽകി. തോട്ടം മേഖലകളില്‍ മരങ്ങളും മറ്റും ഒടിഞ്ഞുവീഴുന്നതിന് സാധ്യത നിലനില്‍ക്കുന്നതിനാല്‍ തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിക്കുന്നതും നിർത്തണം. രാത്രി യാത്ര നിരോധനം 20വരെ നീട്ടിയതായും കലക്ടര്‍ അറിയിച്ചു.
നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ വെള്ളപ്പൊക്കങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. ഇതിനുവേണ്ട മുന്‍കരുതൽ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും നിർേദശം നൽകി.
ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം തുടങ്ങിയവക്ക് സാധ്യത കൂടുതലാണ്. ഇത് മുന്നില്‍ക്കണ്ടുള്ള തയാറെടുപ്പുകൾ നടത്തണം. ഡാമുകളുടെ റൂള്‍ കെർവുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെറിയ ഡാമുകളില്‍ നേരേത്ത തന്നെ തയാറെടുപ്പുകള്‍ നടത്താനും നിര്‍ദേശം നല്കി. നദികളിലെ ജലനിരപ്പ് ഉയരുന്നത് സംബന്ധിച്ച് പ്രത്യേകം നിരീക്ഷിക്കണം. ആവശ്യമായ ഘട്ടങ്ങളില്‍ ആളുകളെ മുന്‍കൂട്ടി മാറ്റി താമസിപ്പിക്കും. കോവിഡ് ചട്ടങ്ങൾ പാലിച്ചായിരിക്കണം ക്യാമ്പുകളുടെ പ്രവര്‍ത്തനം. താലൂക്ക് കണ്ട്രോള് റൂമുകളും ജില്ല കണ്ട്രോള് റൂമുകളും 24 മണിക്കൂറും ഡെപ്യൂട്ടി തഹസില്‍ദാറുടെ നേതൃത്വത്തില്‍ സജ്ജമാണെന്നും ജില്ല ഭരണകൂടം അറിയിച്ചു.
ഇരട്ടയാർ ഡാം തുറന്നേക്കും; അഞ്ചുരുളിയിൽ സഞ്ചാരികൾക്ക് വിലക്ക്
കട്ടപ്പന: പെരിയാറിൽ നീരൊഴുക്ക് ശക്തമായി. ഒരു ദിവസംകൊണ്ട് പെരിയാറിൽ പത്തടിയിലേറെ ജലനിരപ്പ് ഉയർന്നതോടെ ഇടുക്കി ഡാം നിറയുകയാണ്. പെരിയാറിൽ ജലനിരപ്പ് ഉയർന്നതോടെ ചപ്പാത്ത് പാലത്തിൽ ഗതാഗതം നിരോധിച്ചു. ഇതോടെ ഏലപ്പാറ, കുട്ടിക്കാനം പ്രദേശങ്ങളിലേക്ക് കട്ടപ്പനയിൽനിന്ന് യാത്ര ദുരിതമായി.
ജലനിരപ്പ് 751.3 അടിയായി ഉയർന്നതിനെ തുടർന്ന് മുൻകരുതൽ നടപടിയുടെ ഭാഗമായി ഇരട്ടയാർ ഡാം ഏതു നിമിഷവും തുറന്നേക്കും. പരമാവധി സംഭരണശേഷി 754.38 അടിയാണ്. ഡാമിൽനിന്നുള്ള ജലം അഞ്ചുരുളി തുരങ്കംവഴി ഇടുക്കി ജലസംഭരണിയിലേക്കാണ് എത്തുക. ഇരട്ടയാറിലെയും കട്ടപ്പനയാറിലെയും ജലനിരപ്പ് ഉയർന്നതോടെ അഞ്ചുരുളിയിൽ ഇരട്ടയാർ ടണലിൽനിന്നുള്ള വെള്ളമൊഴുക്കിെൻറ ശക്തി വർധിച്ചു. അഞ്ചുരുളി ടണൽ മുഖത്ത് ഇടുക്കി ജലാശയത്തിലേക്ക് വെള്ളം വീഴുന്ന ഭാഗവും ജലാശയത്തിെൻറ ജലനിരപ്പും ഒന്നായി. അഞ്ചുരുളി ടണൽ മുഖത്ത് സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തി. അഞ്ചുരുളി റോഡിൽ മണ്ണിടിയുകയും ജോണിക്കട പാലത്തിൽ വെള്ളം കയറുകയും ചെയ്തതോടെ വിനോദസഞ്ചാരികൾ കുടുങ്ങി.
മണ്ണുമാന്തി എത്തിച്ചു മണ്ണ് മാറ്റിയെങ്കിലും കട്ടപ്പനയാറ്റിൽ ജലനിരപ്പ് ഉയർന്നതോടെ ജോണിക്കട പാലത്തിൽ വെള്ളം കയറി. രക്ഷപ്രവർത്തനത്തിന് ഫ്രണ്ട്സ് ഓഫ് കേരള പ്രവർത്തകർ മറ്റുവഴികളിലൂടെ അഞ്ചുരുളിയിൽ എത്തിയെങ്കിലും മൊബൈൽ റേഞ്ച് കിട്ടാത്തതിനാൽ സഞ്ചാരികളെ ബന്ധപ്പെടാനായില്ല. ഒടുവിൽ നാട്ടുകാരുടെ സഹായത്തോടെ കിലോമീറ്ററുകൾ നടന്നാണ് സഞ്ചാരികൾ രക്ഷപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

