മഴ കനക്കുന്നു; ജില്ലയിൽ ജാഗ്രത നിർദേശം
text_fieldsതൊടുപുഴ: കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ മുന്നറിയിപ്പ് പ്രകാരം ആഗസ്റ്റ് ഒന്ന് മുതൽ നാല് വരെ അതിശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ ജില്ലയിൽ ജാഗ്രത നിർദേശം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക ദുരന്ത സാധ്യത മേഖലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കണമെന്ന് ജില്ല ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
ഇത്തരം പ്രദേശങ്ങളിൽ അടിയന്തരമായി ക്യാമ്പുകൾ ഒരുക്കി ജനങ്ങൾക്ക് വിവരം നൽകണം. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കണം ക്യാമ്പുകൾ. ദുരന്ത സാധ്യത മേഖലയിൽ കഴിയുന്നവരെ മാറ്റി പാർപ്പിക്കുന്നതിന് തഹസിൽദാർമാരുടെ ഇടപെടൽ ഉണ്ടാകണം.
ജില്ല, താലൂക്ക് കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കണം. അണക്കെട്ടുകളിൽ ജലനിരപ്പ് സൂക്ഷ്‌മമായി നിരീക്ഷിക്കുകയും സ്ഥിതിഗതികൾ ജില്ല-സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റികളെ യഥാസമയം അറിയിക്കുകയും വേണം. വരും ദിവസങ്ങളിൽ മഴ ശക്തമാകാനുള്ള സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ നദികൾ മുറിച്ചുകടക്കാനോ നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ ഇറങ്ങാൻ പാടില്ല. ദുരന്തനിവാരണവുമായി ബന്ധപ്പട്ട എല്ലാ വകുപ്പുകളിലേയും ജീവനക്കാർ അലർട്ടുകൾ പിൻവലിക്കുന്നതുവരെ ആസ്ഥാനം വിട്ടുപോകരുതെന്നും കലക്ടറുടെ ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

