ചികിത്സ വേണം ഇടുക്കിയിലെ ആതുരാലയങ്ങൾക്ക്; ഡോക്ടർമാരില്ല, രോഗികൾ വലയുന്നു
text_fieldsമറയൂർ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ ശനിയാഴ്ച ഡോക്ടർമാരില്ലാത്തതിനാൽ വിജനമായ ആശുപത്രി പരിസരം
മറയൂർ: പിന്നാക്ക മലയോര മേഖലയിലെ നൂറുകണക്കിന് രോഗികളുടെ ആശ്രയമായ മറയൂർ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരുടെ കുറവ് പ്രതിസന്ധി സൃഷ്ടിക്കുന്നു. നാല് ഡോക്ടർമാർ വേണ്ടിടത്ത് പല ദിവസങ്ങളിലും ഒരാൾ മാത്രമാണ് രോഗികളെ പരിശോധിക്കുന്നത്. മറ്റ് ജീവനക്കാരുടെ കുറവും ചികിത്സയെ ബാധിക്കുന്നതായി പരാതിയുയർന്നു.
ആദിവാസി മേഖലകളിൽനിന്നും തോട്ടം മേഖലയിൽനിന്നും ഉൾപ്പെടെ പ്രതിദിനം 300 മുതൽ 400 വരെ രോഗികളാണ് ഇവിടെ ചികിത്സക്കായി എത്തുന്നത്. എന്നാൽ, ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാൽ ചികിത്സ ലഭിക്കാതെ മടങ്ങേണ്ട സ്ഥിതിയാണെന്ന് രോഗികൾ പറയുന്നു. ശനിയാഴ്ച നിരവധി രോഗികൾ ആശുപത്രിയിലെത്തിയെങ്കിലും ഡോക്ടറുടെ സേവനം ലഭിക്കാത്തതിനാൽ പലരും സ്വകാര്യ ആശുപത്രികളെയും മറ്റു ചികിത്സാ സൗകര്യങ്ങളെയും ആശ്രയിക്കേണ്ടിവന്നു.
കിടത്തി ചികിത്സ ഉൾപ്പെടെയുള്ള കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യം കാലങ്ങളായി ഉയരുന്നുണ്ടെങ്കിലും നടപടിയുണ്ടായിട്ടില്ല. ഇവിടെ സ്ഥിരമായി സേവനത്തിലുള്ളത് മെഡിക്കൽ ഓഫിസർ മാത്രമാണ്. മറ്റു ഡോക്ടർമാർ താൽക്കാലിക നിയമനത്തിലോ പരിശീലനത്തിന്റെയോ മറ്റ് ഔദ്യോഗിക ചുമതലകളുടെയോ ഭാഗമായി മാറിനിൽക്കുന്നതിനാൽ പലപ്പോഴും ഒരാളോ രണ്ടുപേരോ മാത്രമാണ് സേവനത്തിലുള്ളത്.
ജോലിഭാരത്താൽ വലഞ്ഞ് മെഡിക്കൽ ഓഫിസർ
രാവിലെ മുതൽ വൈകീട്ട് നാലുവരെ നൂറുകണക്കിന് രോഗികളെ പരിശോധിക്കുന്നതിനൊപ്പം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഭരണപരമായ ചുമതലകളും മെഡിക്കൽ ഓഫിസറാണ് നിർവഹിക്കേണ്ടത്. ഔദ്യോഗിക മീറ്റിങ്ങുകൾ, വിവിധ യോഗങ്ങൾ തുടങ്ങിയവക്കും പങ്കെടുക്കേണ്ടിവരുന്നതിനാൽ ആശുപത്രിയിലെ ചികിത്സാ ചുമതലയിൽനിന്ന് വിട്ടുനിൽക്കേണ്ട സാഹചര്യമുണ്ടാകുന്നു. മറ്റ് ഡോക്ടർമാരുടെ സേവനം ഉറപ്പാക്കാൻ കഴിയാത്ത ദിവസങ്ങളിൽ മുഴുവൻ രോഗികളുടെയും ചുമതല മെഡിക്കൽ ഓഫിസറിൽ കേന്ദ്രീകരിക്കുന്നതും ജോലിഭാരം വർധിപ്പിക്കുന്നുണ്ട്. ശനിയാഴ്ച മെഡിക്കൽ ഓഫിസർ ഔദ്യോഗിക മീറ്റിങ്ങിനായി മറ്റൊരു സ്ഥലത്തേക്ക് പോയതും ഒരു ഡോക്ടർ പി.ജി പരിശീലനത്തിനായി പോയതുമാണ് ആശുപത്രിയിൽ ഡോക്ടർമാരില്ലാതെ വന്നത്.
പ്രതിഷേധത്തിനൊരുങ്ങി എൽ.ഡി.എഫ്
ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കണമെന്നും മരുന്നുകൾ ലഭ്യമാക്കണമെന്നും കിടത്തി ചികിത്സ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് എൽ.ഡി.എഫ് രംഗത്ത് വന്നിട്ടുണ്ട്. അടിയന്തരമായി കൂടുതൽ ഡോക്ടർമാരെ നിയമിച്ച് രോഗികൾക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കണം. പ്രശ്നത്തിന് അടിയന്തര പരിഹാരം കാണാത്തപക്ഷം ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് നേതാക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

