ഗുരുമാഹാത്മ്യം ചുവരിൽ തൂക്കി സബ്കലക്ടർ ഓഫിസ്
text_fieldsസബ് കലക്ടർ ഓഫിസിന് മുന്നിൽ സ്ഥാപിച്ച അധ്യാപകരുടെ ചിത്രങ്ങൾ
അടിമാലി: ഗുരുമഹാത്മ്യം പകർന്നുനൽകി സമൂഹത്തിൽ പുതുമാതൃക തീർക്കുകയാണ് ഇടുക്കി സബ് കലക്ടറുടെ ഓഫിസ്. സബ് കലക്ടർ അനൂപ് ഗാർഗിന് തോന്നിയ വ്യത്യസ്തമായ ആശയമാണ് ഓഫിസ് ചുവരിൽ ഗുരുമഹാത്മ്യത്തിന്റെ സന്ദേശമായി മാറിയത്. ഇക്കഴിഞ്ഞ അധ്യാപക ദിനത്തിൽ ജില്ലയിലെ വിദ്യാർഥികളോട് തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരുടെ ചിത്രങ്ങൾ വരയ്ക്കാൻ സബ് കലക്ടർ ആഹ്വാനം ചെയ്തിരുന്നു. ഗുരുമഹിമ എന്ന പേരിലായിരുന്നു ആഹ്വാനം. ഇത് വിദ്യാർഥികൾ ഏറ്റെടുത്തു.
ഇതോടെ വിവിധ സ്കൂളുകളിൽനിന്നായി നൂറോളം വിദ്യാർഥികളാണ് തങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട അധ്യാപകരായ നൂറോളം പേരുടെ ചിത്രങ്ങൾ വരച്ച് അയച്ചുനൽകിയത്. ഇങ്ങനെ ലഭിച്ച ചിത്രങ്ങളിൽനിന്നും പ്രത്യേകം തെരഞ്ഞെടുത്ത 14 അധ്യാപകരുടെ ചിത്രങ്ങൾ സബ് കലക്ടർ പ്രത്യേകമായി ഫ്രെയിം ചെയ്ത് അദ്ദേഹത്തിന്റെ ഓഫിസിനുമുന്നിൽ പ്രദർശിപ്പിക്കുകയും ചെയ്തു.
ഓഫിസിലെത്തുന്ന ഏതൊരാളുടെയും നോട്ടം പതിയത്തക്ക രീതിയിലാണ് കളറിലും ബ്ലാക്ക് ആൻഡ് വൈറ്റിലുമുള്ള ചിത്രങ്ങൾ സ്ഥാപിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ആദ്യമായെത്തുന്നവർക്ക് ഇവരാരെന്നറിയാൻ ഒരു കൗതുകവുമുണ്ടാകും. ഈ കൗതുകമാണ് ഗുരുമഹിമ എന്ന പദ്ധതിയിലൂടെ സമൂഹത്തിന് പകർന്നുനൽകാൻ അദ്ദേഹം ലക്ഷ്യമിടുന്നത്. ഇതിനിടെ സബ്കലക്ടറോട് സ്നേഹംമൂത്ത വിദ്യാർഥികൾ അദ്ദേഹത്തിന്റെ ചിത്രം വരച്ച് സമ്മാനമായി നൽകിയതും ശ്രദ്ധേയമായിരുന്നു.
ഇതിൽനിന്നും അദ്ദേഹം തെരഞ്ഞെടുത്ത നാല് ചിത്രങ്ങൾ ഫ്രെയിം ചെയ്ത് കാബിനുള്ളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ജനകീയ ഇടപടലുകളിലൂടെ ഇതിനോടകം ശ്രദ്ധേയനായ വ്യക്തിത്വമാണ് സബ്കലക്ടർ അനൂപ് ഗാർഗ്. ആഴ്ചയിൽ ഒരുദിവസം തന്റെ അധികാരപരിധിയിലുള്ള ഒരു വില്ലേജിൽ എത്തി ആ ദിവസം പൂർണമായും പൊതുജനങ്ങളുടെ പരാതി കേട്ട് പരിഹാരം നിർദേശിക്കുന്നതടക്കം നിരവധി ഇടപെടലുകളാണ് ചുരുങ്ങിയ നാളുകൾക്കിടയിൽ അദ്ദേഹം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

