പണ്ട് കുപ്പത്തൊട്ടി, ഇന്ന് മനം നിറയ്ക്കും പച്ചത്തുരുത്ത്
text_fieldsവെളളിയമറ്റം പഞ്ചായത്തിലെ കാഞ്ഞാർ പച്ചത്തുരുത്ത് പരിപാലിക്കുന്ന തൊഴിലുറപ്പ് തൊഴിലാളികൾ
തൊടുപുഴ: അറവുശാലയില്‍നിന്ന് ഉള്‍പ്പെടെ പ്രദേശത്തെ സകല മാലിന്യവും വലിച്ചെറിയാവുന്ന കുപ്പത്തൊട്ടിയായിരുന്ന പ്രദേശം മനോഹരമായ പച്ചത്തുരുത്തായി മാറി സംസ്ഥാന അംഗീകാരം നേടിയെടുത്ത കഥയാണ് വെള്ളിയാമറ്റം പഞ്ചായത്തിലെ കാഞ്ഞാര്‍ പച്ചത്തുരുത്തിന്റേത്.
പലരും കൈയേറി കൃഷിയും അനധികൃത നിർമാണവും നടത്തിയിരുന്ന പ്രദേശം ഇപ്പോള്‍ കണ്ണിനും മനസ്സിനും സന്തോഷത്തിന്റെ പച്ചപ്പ് തരുന്ന ഇടമായി. കാഞ്ഞാര്‍-ആനക്കയം റോഡില്‍ തലയുയര്‍ത്തി നില്ക്കുന്ന ചെറിയ ഹരിത വനത്തിന് പിന്നില്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നിശ്ചയദാര്‍ഡ്യവും തൊഴിലുറപ്പ് പദ്ധതി അംഗങ്ങളുടെയും നാട്ടുകാരുടെയും കഠിനാധ്വാനവുമുണ്ട്. ജില്ലയിലെ തദ്ദേശ സ്ഥാപനതലത്തിലെ പച്ചത്തുരുത്തുകളില്‍ രണ്ടാം സ്ഥാനം നേടിയിരിക്കുകയാണ് കാഞ്ഞാര്‍ പച്ചത്തുരുത്ത്.
ഗ്രാമപഞ്ചായത്തും ഹരിത കേരളം മിഷനും തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായ ഈ ഒരേക്കറോളം ഭൂമിയില്‍ 2019 ജൂണ്‍ 16നാണ് പച്ചത്തുരുത്തിന് തുടക്കമിട്ടത്. 250 വൃക്ഷത്തൈകളില്‍ തുടങ്ങിയ പച്ചത്തുരുത്തില്‍ ഇപ്പോള്‍ പുളിയും പ്ലാവും മാവും നെല്ലിയും അത്തിയും ആര്യവേപ്പും ഇത്തിയും മരുതും മഹാഗണിയും പേരയും തുടങ്ങി ആയിരത്തോളം ഇനങ്ങളുടെ സസ്യ വൈവിധ്യമുണ്ട്. ചുറ്റിനും ചെമ്പരത്തിയും ഈറ്റയുമൊക്കെ ഒരുക്കിയ മനോഹരമായ ജൈവവേലി സംരക്ഷണവും. പേരയും മാവുമൊക്കെ കായ്ച്ചു തുടങ്ങി. മലങ്കര ജലാശയത്തിന്റെ ജലസമൃദ്ധിയുള്ളതിനാല്‍ ഇവിടുത്തെ പച്ചപ്പിന് ഒരിക്കലും കുറവുണ്ടായിരുന്നില്ല.
തൊഴിലുറപ്പ് തൊഴിലാളികള്‍ പച്ചത്തുരുത്തിനെ ഭദ്രമായി പരിപാലിച്ചു.15 പേരാണ് ഓരോ കാലയളവിലും പരിപാലനം നടത്തിയത്. സമീപ പ്രദേശത്തുനിന്നും സ്വന്തം വീടുകളില്‍ നിന്നുമെല്ലാം ചാണകം ഉള്‍പ്പെടെ കൊണ്ടുവന്ന് അവര്‍ തൈകള്‍ക്ക് വളം നല്കി. കാട് കയറാതെ ചെറിയ കളകള്‍ പോലും നീക്കം ചെയ്തു. മനോഹരമായ പാര്‍ക്കും വിശ്രമ കേന്ദ്രവുമൊക്കെയാണ് പച്ചത്തുരുത്തില്‍ ഇനി യാഥാർഥ്യമാകാനുള്ളത്. അതിനുള്ള കര്‍മപദ്ധതികള്‍ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതികളില്‍ വരും വര്‍ഷങ്ങളില്‍ ഇടം നേടുമെന്ന് ഭരണസമിതി അംഗങ്ങള്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

