ഗ്രാമവണ്ടി ഓടിത്തുടങ്ങി; അറക്കുളം, കുടയത്തൂർ ഗ്രാമീണ മേഖലയിലെ യാത്രാക്ലേശത്തിന് പരിഹാരം
text_fieldsമൂലമറ്റം: അറക്കുളം, കുടയത്തൂർ ഗ്രാമപഞ്ചായത്തിലെ ഗ്രാമീണ മേഖലകളിലെ യാത്രാക്ലേശത്തിന് പരിഹാരമായി ഗ്രാമവണ്ടി സർവിസ് ചൊവ്വാഴ്ച മുതൽ ആരംഭിക്കുന്നു. മൂലമറ്റം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്നാണ് സർവിസ് ആരംഭിക്കുന്നത്. നിലവിൽ പൊതുഗതാഗത സംവിധാനങ്ങൾ എത്താത്ത പ്രദേശങ്ങളിലേക്കും ബസ് സർവിസ് എത്തിക്കുന്ന തരത്തിലാണ് പദ്ധതി ക്രമീകരിച്ചിരിക്കുന്നത്.
മൂലമറ്റത്തുനിന്ന് മൂന്നുങ്കവയൽ വഴി കാഞ്ഞാറിലെത്തി ആനക്കയം വഴി തൊടുപുഴയിലേക്കായിരിക്കും പ്രധാന സർവിസ്. ഇതോടൊപ്പം പതിപ്പള്ളി, ആശ്രമം, ആഡിറ്റ്, കൂവപ്പള്ളി, പുത്തേട്, ഇടാട് തുടങ്ങിയ ഗ്രാമീണ മേഖലകളിലേക്കും സർവിസ് നടത്തും.
അറക്കുളം, കുടയത്തൂർ പഞ്ചായത്തുകളും കെ.എസ്.ആർ.ടി.സിയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. കേരളത്തിലെ ഉൾനാടൻ ഗ്രാമങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവിസ് എത്തിക്കുന്ന പദ്ധതിയാണ് ഗ്രാമവണ്ടി. ഗ്രാമപഞ്ചായത്തുകളുടെയും സംസ്ഥാന സർക്കാറിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഗ്രാമവണ്ടി സർവിസ് ആരംഭിക്കുന്നതോടെ അറക്കുളം,കുടയത്തൂർ പഞ്ചായത്തിലെ ഗ്രാമീണ മേഖലകളിലുള്ളവർക്ക് കൂടുതൽ സഞ്ചാരസ്വാതന്ത്ര്യം ലഭിക്കും. ഗ്രാമപ്രദേശങ്ങളിൽനിന്നുള്ളവർക്ക് എളുപ്പത്തിൽ ടൗണിലേക്ക് എത്താൻ സാധിക്കുന്നതോടെ വ്യാപാര മേഖലയിലും കൂടുതൽ ഉണർവുണ്ടാകുമെന്നുമാണ് പ്രതീക്ഷ.
സർവിസ് സമയക്രമം ഇങ്ങനെ: രാവിലെ 7.25ന് മൂലമറ്റത്തുനിന്ന് ഇന്റർമീഡിയറ്റിലേക്ക് സർവിസ് നടത്തുന്ന ബസ് തിരികെ മൂലമറ്റത്തെത്തി ഒമ്പതിന് ഇടാടിലേക്ക് പോകും. 9.30ന് മൂന്നുങ്കവയൽ-പഴയപള്ളി-വെങ്കിട്ട വഴി കാഞ്ഞാറിലെത്തുന്ന ബസ്, കാഞ്ഞാറിൽനിന്ന് 10.10ന് ഗ്യാസ് ഏജൻസി വഴി പുത്തേടെത്തി മണപ്പാടി വഴി മൂലമറ്റത്തെത്തും.11.40ന് മൂലമറ്റത്തുനിന്ന് പതിപ്പള്ളിയിലേക്ക് സർവിസ് നടത്തി 12ന് മൂലമറ്റത്ത് തിരിച്ചെത്തും. തുടർന്ന് 12.15ന് ആശ്രമത്തേക്ക് പുറപ്പെട്ട് 12.50ന് മടങ്ങിയെത്തും. 1.20ന് കാഞ്ഞാർ-ആനക്കയം-അഞ്ചിരി വഴി തൊടുപുഴയിലേക്ക് പുറപ്പെടുന്ന ബസ് 2.25ന് തൊടുപുഴയിലെത്തും. തുടർന്ന് 3.05ന് തൊടുപുഴയിൽനിന്ന് തിരിച്ച് കാഞ്ഞാർ-കൂവപ്പള്ളി വഴി പുത്തേടെത്തും. പുത്തേടുനിന്ന് 4.30ന് മൂലമറ്റത്ത് ബസ് എത്തുന്ന രീതിയിലാണ് സർവിസ് ക്രമീകരിച്ചിരിക്കുന്നത്.
അറക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഉഷ ഗോപിനാഥിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗം ചൊവ്വാഴ്ച രാവിലെ 9 മണിക്ക് മൂലമറ്റത്ത് ഇടുക്കി എം.എൽ.എ റോയ് കെ പൗലോസ് ഉദഘാടനം നിർവഹിക്കും. ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് മുഖ്യ പ്രഭാഷണം നടത്തും. വിവിധ രാഷ്ട്രീയ, മത സാമൂഹിക സാംസ്‌കാരിക നേതാക്കൾ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

