വയോമധുരം കൂടുതൽ പേർക്ക്; അപേക്ഷ സ്വീകരിച്ചു തുടങ്ങി
text_fieldsതൊടുപുഴ: സാമൂഹികനീതി വകുപ്പ് നടപ്പാക്കുന്ന 'വയോമധുരം' പദ്ധതിയുടെ ആനുകൂല്യം ഇത്തവണ ജില്ലയിൽ കൂടുതൽ പേർക്ക്. പദ്ധതി കൂടുതൽ വിപുലമായി നടപ്പാക്കാൻ നടപടി ആരംഭിച്ചു. ബി.പി.എൽ കുടുംബങ്ങളിലെ 60 വയസ്സ് കഴിഞ്ഞവർക്ക് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിർണയിക്കാൻ സഹായിക്കുന്ന ഗ്ലൂക്കോമീറ്റർ സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതിയാണ് 'വയോമധുരം'. അപേക്ഷ സ്വകീരിക്കുന്നത് ഓൺലൈനാക്കിയതോടെ പദ്ധതിയുടെ ആനുകൂല്യം കൂടുതൽ പേരിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.
സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ സാമ്പത്തികവർഷം ജില്ലയിൽ നൂറുപേർക്ക് ഗ്ലൂക്കോമീറ്റർ വിതരണം ചെയ്തിരുന്നു. ജില്ലക്ക് അനുവദിച്ച നൂറ് ഗ്ലൂക്കോമീറ്റർ അപേക്ഷകരിൽനിന്ന് അർഹരായവരെ കണ്ടെത്തി മുൻഗണനക്രമത്തിൽ വിതരണം ചെയ്യുകയായിരുന്നു. എന്നാൽ, ഇത്തവണ അപേക്ഷ സമർപ്പിക്കുന്ന, അർഹരായ എല്ലാവർക്കും ഗ്ലൂക്കോമീറ്റർ നൽകാനാണ് തീരുമാനം. ഇതിനായി ഓൺലൈനിൽ അപേക്ഷ സ്വീകരിച്ചു തുടങ്ങി. suneethi.sjd.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. മുമ്പ് ലഭിച്ചവരെ പരിഗണിക്കില്ല.
പദ്ധതിയിലൂടെ ഇതിനകം സംസ്ഥാനത്ത് 20,000ഓളം പേർക്ക് ഗ്ലൂക്കോമീറ്റർ നൽകിയിട്ടുണ്ട്. ബി.പി.എൽ കുടുംബങ്ങളിലെ വയോധികർക്ക് ആരോഗ്യകേന്ദ്രത്തിൽ എത്താതെ വീടുകളിൽത്തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കാൻ ഇതുവഴി സാധിക്കും. വയോജനങ്ങൾ നിശ്ചിത ഇടവേളകളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിർണയിച്ചിരിക്കണമെന്നിരിക്കെ പ്രായാധിക്യവും രോഗവും മറ്റ് അവശതകളുംമൂലം പലരും ആരോഗ്യകേന്ദ്രങ്ങളിലെത്തി പരിശോധിക്കാൻ മടിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കേരള മെഡിക്കൽ സർവിസസ് കോർപറേഷൻ വഴി ഗ്ലൂക്കോമീറ്ററും പരിശോധനക്കാവശ്യമായ സ്ട്രിപ്പുകളും വിതരണം ചെയ്യുന്നത്.
ഗ്ലൂക്കോമീറ്റർ എങ്ങനെ ഉപയോഗിക്കണമെന്നത് സംബന്ധിച്ച് പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിച്ച് പരിശീലനം നൽകും. കൂടുതൽ വിവരങ്ങൾക്ക് ഇടുക്കി ജില്ല സാമൂഹികനീതി ഓഫിസുമായി ബന്ധപ്പെടണം: 04862 2228160. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 15.
ഹാജരാക്കേണ്ട രേഖകൾ
• പ്രായം തെളിയിക്കാൻ സർക്കാർ അംഗീകരിച്ച ഏതെങ്കിലും രേഖ
• പ്രമേഹ രോഗിയാണെന്ന് ഗവൺമെന്റ് എൻ.ആർ.എച്ച്.എം ഡോക്ടർ സാക്ഷ്യപ്പെടുത്തിയ മെഡിക്കൽ സർട്ടിഫിക്കറ്റ്
• സ്വയം സാക്ഷ്യപ്പെടുത്തിയ ബി.പി.എൽ റേഷൻ കാർഡിന്റെ പകർപ്പ് അല്ലെങ്കിൽ പഞ്ചായത്ത്/മുനിസിപ്പാലിറ്റിയിൽനിന്നുള്ള ബി.പി.എൽ സർട്ടിഫിക്കറ്റ്. അല്ലെങ്കിൽ വില്ലേജ് ഓഫിസിൽനിന്ന് ലഭിച്ച ബി.പി.എൽ പരിധിയിൽപെട്ട വരുമാന സർട്ടിഫിക്കറ്റ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

