റോഡ് മുതൽ വിലക്കയറ്റം വരെ ഇടുക്കി താലൂക്ക് സഭയിൽ പരാതി പ്രളയം
text_fieldsചെറുതോണി: റോഡു മുതൽ വിലക്കയറ്റം വരെ ചർച്ചയായ ഇടുക്കി താലൂക്ക് സഭയില്‍ പരാതി പ്രളയം. ഞായറാഴ്ച നടന്ന സഭയിൽ അടിയന്തര പ്രാധാന്യമുള്ള നിരവധി വിഷയങ്ങള്‍ക്ക് പരിഹാരമായി. ചെറുതോണി ടൗണിലെ ഗതാഗതക്കുരുക്ക്, പാര്‍ക്കിങ് എന്നിവ ആദ്യ വിഷയമായി ചര്‍ച്ചക്കെടുത്തു.
കഴിഞ്ഞ മാസം തഹസില്‍ദാര്‍ വിളിച്ചുചേര്‍ത്ത യോഗത്തിൽ ഉദ്യോഗസ്ഥരുടെ കുറവുമൂലം തീരുമാനമെടുത്തിരുന്നില്ല. അതിനാല്‍ ഈ മാസം 15നകം ആര്.ടിഒ, പൊലീസ്, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വ്യാപാരി സംഘടനകള്‍, ഡ്രൈവേഴ്സ് യൂനിയന്‍ പ്രതിനിധികള്‍ എന്നിവരുടെ യോഗം വിളിച്ചു ചേര്‍ക്കുന്നതിന് വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ ചുമതലപ്പെടുത്തി. വാഴത്തോപ്പ് കെ.എസ്.ഇ.ബി കോളനിയിലെ തര്‍ക്കഭൂമിയിലൂടെ കടന്നുപോകുന്ന റോഡുകള്‍ നന്നാക്കുന്നതിനും സ്ഥലം ജില്ല പഞ്ചായത്തിന് വിട്ടുകൊടുക്കുന്നതിനും എം.എല്‍.എ വഴി സര്‍ക്കാറിന് നിവേദനം നല്കാന് തീരുമാനിച്ചു. ഇടുക്കി മേഖലകളില്‍ വൈദ്യുതി ലൈനില്‍ തട്ടിനില്‍ക്കുന്ന മരങ്ങള്‍ അപകടകരമായ സ്ഥിതിയിലായിട്ട് വെട്ടി മാറ്റാത്തതില്‍ വാഴത്തോപ്പ്, കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ പ്രതിഷേധമറിയിച്ചു.
വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു. പൈപ്പുകള്‍ സ്ഥാപിക്കാനായി വാട്ടര്‍ അതോറിറ്റി ഇടുക്കിയുടെ വിവിധ മേഖലകളില്‍ പഞ്ചായത്ത് റോഡുൾപ്പെടെ കുഴിച്ച് ഗതാഗത യോഗ്യമല്ലാതാക്കിയതിനെതിരെ അംഗങ്ങള്‍ പ്രതിഷേധം രേഖപ്പെടുത്തി. തൊഴിലുറപ്പു പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മിച്ച ചെറിയ റോഡുകള്‍ വരെ കുഴിച്ച് സഞ്ചാരയോഗ്യമല്ലാതാക്കിയെന്ന് ജനപ്രതിനിധികളാരോപിച്ചു. അടിയന്തരമായി വാട്ടര്‍ അതോറിറ്റിയുടെ കട്ടപ്പന ഡിവിഷനിലെ ഉദ്യോഗസ്ഥര്‍ ഇടപെട്ട് റോഡില്‍ നിര്‍മിച്ചിട്ടുള്ള കുഴികള്‍ അടക്കുന്നതിനും, റോഡുകള്‍ നന്നാക്കുന്നതിനും അടുത്ത മീറ്റിങ്ങില്‍ ഡിവിഷനിലെ ഉദ്യോഗസ്ഥര്‍ ഹാജരാകണമെന്നും താലൂക്ക് സഭയില്‍ ആവശ്യപ്പെട്ടു.
ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെ പരിശോധന കര്‍ശനമാക്കണമെന്നും വില ഏകീകരണം നടത്തണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഫുഡ് ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ നടപടിയെടുക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ പേരു വിവരം പുറത്തു വിടണമെന്നും ആവശ്യമുയർന്നു. കൃത്രിമ ക്ഷാമം ഉണ്ടാക്കി പോത്തിറച്ചിക്ക് വില കൂട്ടിയതില്‍ അംഗങ്ങള്‍ പ്രതിഷേധിച്ചു.
പൈനാവില്‍ ഉദ്ഘാടനം നടത്തിയ ജില്ല ട്രഷറി അടിയന്തിരമായി പ്രവര്‍ത്തനം ആരംഭിക്കണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കലക്ടര്‍ക്ക് പരാതി നല്കാന് തീരുമാനിച്ചു. കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍. ബിജു അധ്യക്ഷത വഹിച്ചു. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ്, തഹസില്‍ദാര്‍ എസ്. സുഭാഷ്, ആഗസ്തി അഴകത്ത്, പി.ഡി. ജോസഫ്, അഡ്വ. അനീഷ്, ഔസേപ്പച്ചന് ഇടക്കുളത്തില്‍, അനൂപ് കുന്നേല്‍, ടി.ജെ. വര്‍ക്കി, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

