ഭൂപ്രശ്നം മുതൽ വന്യമൃഗ ആക്രമണംവരെ; ആശങ്കകൾ പങ്കുവെച്ച് ജില്ലതല യോഗം
text_fieldsനെടുങ്കണ്ടം: നീറുന്ന ഭൂപ്രശ്നങ്ങൾ, തോട്ടം മേഖല, വന്യമൃഗ ആക്രമണം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങി ജില്ലയിലെ മലയോര ജനതയുടെ വിവിധ പ്രശ്നങ്ങളും പരിഹാരങ്ങളും ചർച്ച ചെയ്ത് മുഖ്യമന്ത്രിയുടെ ജില്ലതല യോഗം. പുതിയ കോഴ്സുകൾ, മൂന്നാറിലെ ടൂറിസം വികസനം, പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കാനുള്ള കർമസമിതി രൂപവത്കരണം, ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ, ഇടുക്കി മെഡിക്കൽ കോളജിന്റെയും ജില്ല ആശുപത്രിയുടെയും വികസനം, ക്ഷീര വികസനം, തുടങ്ങി വിവിധ മേഖലകളുമായി ബന്ധപ്പെട്ട് ചർച്ച നടന്നു. നെടുങ്കണ്ടം ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് സംഘടിപ്പിച്ച ജില്ലതല യോഗത്തിനെത്തിയ വ്യക്തികളുടെ മുഴുവൻ ചോദ്യങ്ങൾക്കും മുഖ്യമന്ത്രി മറുപടി നൽകി.
ജില്ലയിലെ ഭൂപ്രശ്നങ്ങളിൽ ശാശ്വതമായ പരിഹാരം ഉണ്ടാകണമെന്ന് ഫാ. ജിൻസ് കാരക്കാട്ട് അഭിപ്രായപ്പെട്ടു. വനം വകുപ്പ് കർഷകരുടെ സ്ഥലങ്ങളിൽ അവകാശം ഉന്നയിക്കുന്നുണ്ട്. ഇത് ജനത്തിന് ആശങ്കയും അസ്വസ്ഥത ഉണ്ടാക്കുകയാണെന്ന് ഇദ്ദേഹം പറഞ്ഞു. മെഡിക്കൽ കോളജ്, ജില്ല ആശുപത്രി എന്നിവയുടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.
നെടുങ്കണ്ടം താലൂക്ക് ആശുപത്രിയുടെ നിർമാണം നടക്കുന്നുണ്ടെങ്കിലും ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നയതായി ഉജ്ജ്വലബാല്യം അവാർഡ് ജേതാവ് ആദിശ്രീ എ. നായർ പറഞ്ഞു. പണികൾ തീർത്ത് ആവശ്യമായ ഡോക്ടർമാരെ നിയമിക്കണമെന്നും ആദിശ്രീ ആവശ്യപ്പെട്ടു.
ക്ഷീര കർഷകർ നേരിടുന്ന ദുരിതവും കർഷകരിലൊരാൾ ചൂണ്ടിക്കാട്ടി. പശുവളർത്തൽ മുതാലാകുന്നില്ല. ഇപ്പോൾ 30 ശതമാനം മാത്രമാണ് പശു വളർത്തൽ. ചെറുപ്പക്കാർ ആരും ഈ രംഗത്തേക്ക് വരുന്നില്ല. പാലിന് വില കൂടുന്നത് പ്രയാസമാണെങ്കിൽ കാലിത്തീറ്റക്ക് സബ്സിഡി നൽകണം. പശുക്കളുടെ ചികിത്സ സൗജന്യമാക്കണം, ജൻ ഔഷധി വഴി പശുക്കൾക്കുള്ള മരുന്നുകൂടി നൽകണമെന്നും ഇദ്ദേഹം പറഞ്ഞു.
സ്പെഷൽ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകണമെന്ന് അമൽ ജ്യോതി സ്പെഷൽ സ്കൂൾ സിറ്റർ ധന്യ റോസ് ആവശ്യപ്പെട്ടു. ഇവിടത്തെ അധ്യാപകർക്കും മറ്റ് അധ്യാപകരെപോലെ ശമ്പളം നൽകണം. ഭിന്നശേഷി കുട്ടികളുടെ ചികിത്സച്ചെലവ് സർകാർ ഏറ്റെടുക്കുകണമെന്നും ഇവർ പറഞ്ഞു.
മറ്റ് രാജ്യങ്ങളിലേക്ക് കൃഷി ചെയ്യാൻ പോകുന്ന യുവാക്കളടക്കമുള്ളവരുള്ള സാഹചര്യത്തിൽ അവരെ നമ്മുടെ നാട്ടിൽ നിലനിർത്താൻ എന്ത് ചെയ്യാൻ പറ്റുമെന്ന് കർഷകരിലൊരാൾ ചോദിച്ചു. വനം വകുപ്പ് സമാന്തര സർക്കാറായി പ്രവർത്തിക്കുന്നുവെന്ന് വ്യാപാരി നേതാവ് സാജൻ ജോസഫ് മുഖ്യമന്ത്രിയോട് പരാതി അറിയിച്ചു. മൂന്നാറിന്റെ ടൂറിസം മേഖല മെല്ലെപ്പോക്കിലാണെന്ന് നിർദേശവും യോഗത്തിൽ ഉന്നയിക്കപ്പെട്ടു. മൂന്നാറിൽ അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തിക്കുന്ന കാര്യങ്ങൾ നടപ്പാക്കണമെന്നായിരുന്നു ആവശ്യം.
പ്രശ്നങ്ങൾക്ക് പരിഹാരം കാണും; അക്കമിട്ട് ഉത്തരം പറഞ്ഞ് മുഖ്യമന്ത്രി
ജില്ലയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഉയർന്ന ആശങ്കകൾക്ക് വിശദമായി മറുപടി നൽകി മുഖ്യമന്ത്രി. വന്യജീവി ആക്രമണം പ്രതിരോധിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വനം വകുപ്പും സംയുക്തമായി വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. വന്യജീവികൾക്ക് വനത്തിനുള്ളിൽ വെള്ളവും ഭക്ഷണവും ലഭ്യമാക്കാൻ വനം വകുപ്പ് നടപടി സ്വീകരിച്ചു വരുന്നു. ഇതിന്റെ ഭാഗമായി കുളങ്ങളും മഴവെള്ള സംഭരണികളും നിർമിച്ചു വരുന്നു.
വന്യജീവികൾ നാട്ടിലേക്ക് ഇറങ്ങാതിരിക്കാൻ കിടങ്ങുകൾ, വൈദ്യുതി- സോളാർ ഫെൻസിങ്ങുകളും സ്ഥാപിക്കുന്നുണ്ട്. നമ്മുടെ രാജ്യത്ത് വന്യമൃഗങ്ങൾക്ക് സംരക്ഷണം നൽകുന്ന നിയമമാണുള്ളത്. നിയമത്തിൽ മാറ്റം വരുത്താൻ സംസ്ഥാന സർക്കാറിന് കഴിയില്ല. വനം-വന്യജീവി സംരക്ഷണ നിയമത്തിൽ കാലാനുസൃതമായി മാറ്റം വരുത്തണമെന്ന് കേന്ദ്ര സർക്കാറിനോട് സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്നതാണ്. വനാതിർത്തിയിലുള്ളവരെ ഒഴിപ്പിക്കുന്ന നടപടി സർക്കാർ സ്വീകരിക്കില്ലെന്നും പുനരധിവാസത്തിനാണ് പ്രാധാന്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സ്കൂളുകളിലും കോളജുകളിലും അടിസ്ഥാന വികസനം ഉൾപ്പെടെ നൂതന കോഴ്സുകൾ ആരംഭിച്ച് വിദ്യഭ്യാസ രംഗത്ത് സമഗ്രമാറ്റമാണ് സർക്കാർ നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടികൾ രാജ്യത്തിന് പുറത്തുപോയി പഠിക്കുന്നത് അവരുടെ തീരുമാനമാണെന്നും അത് വിദ്യാഭ്യാസ നിലവാരം പിന്നാക്കമായതിനാൽ അല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നിർമാണ മേഖല സംബന്ധിച്ച ക്വാറികളുടെ പ്രവർത്തനം ഹൈകോടതി തടഞ്ഞതിനാലാണ് പ്രശ്നങ്ങൾ ഉണ്ടായത്.
ഇതുസംബന്ധിച്ചു സർക്കാർ തുടർ നടപടകൾ സ്വീകരിച്ചു വരുകയാണ്. വിവിധ പ്രാദേശങ്ങളിൽനിന്ന് നിർമാണ സാമഗ്രികൾ ഇവിടെ എത്തിക്കുക പ്രയാസമാണ്. അതിനാൽ നിർമാണ പ്രവർത്തനങ്ങൾക്ക് ക്വാറികൾ പ്രവർത്തിക്കാതെ പറ്റില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏലത്തോട്ടവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ആശങ്ക വേണ്ട. ദീർഘകാലങ്ങളായി സർക്കാറുകൾ സ്വീകരിച്ചു വരുന്ന നടപടികളാണ് ഇപ്പോഴും തുടർന്ന് വരുന്നത്.
ജില്ലയിൽ ടൂറിസം മേഖല നല്ല രീതിയിൽ അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്. പരിസ്ഥിതി സൗഹാർദ അന്തരീക്ഷം നിലനിർത്തി ടൂറിസം ശക്തിപ്പെടുത്തുന്നതാണ് സർക്കാർ നയം. ടൂറിസം കേന്ദ്രങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനാവശ്യമായ നടപടികളാണ് സർക്കാർ സ്വീകരിച്ചുവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭിന്നശേഷിക്കാർക്ക് പ്രത്യേക പരിഗണന നൽകി സഹായിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചു വരുന്നത്.
ഭിന്നശേഷി സൗഹൃദ സംസ്ഥാനമെന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പുകളുടെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. തോട്ടം മേഖല, ദുരന്ത നിവാരണ ടാസ്ക് ഫോഴ്സ്, ആരോഗ്യ മേഖല, ക്ഷീര മേഖല, കാർഷിക മേഖല, ഭൂപ്രശ്നം തുടങ്ങി വിവിധ മേഖലയുമായി ബന്ധപ്പെട്ട് ഉയർന്ന ചോദ്യങ്ങൾക്കും മുഖ്യമന്ത്രി മറുപടി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

