നാലുവർഷം പിന്നിട്ടിട്ടും പതിപ്പള്ളി ശുദ്ധജലപദ്ധതി പൂർത്തിയായില്ല
text_fieldsമൂലമറ്റം: നാല് വർഷം പിന്നിട്ടിട്ടും പതിപ്പള്ളി ശുദ്ധജലപദ്ധതിയുടെ നവീകരണം പൂർത്തിയാകുന്നില്ലെന്ന് ആക്ഷേപം.
പദ്ധതി നടത്തിപ്പിൽ ഐ.ടി.ഡി.പി യുടെ ഇടപെടലാണ് ദുരിതമായതെന്നാണ് പ്രദേശവാസികൾ പറയുന്നത്. നാല് പതിറ്റാണ്ട് മുമ്പുണ്ടായിരുന്ന പതിപ്പള്ളി ശുദ്ധജലവിതരണ പദ്ധതി കാലപ്പഴക്കത്താൽ ഭാഗികമായി നശിച്ചുപോയിരുന്നു.
35 പൊതുടാപ്പുകളും 50,000 ലിറ്റർ സംഭരണശേഷിയുള്ള ടാങ്കും ജി.ഐ പൈപ്പുകളുമാണ് അറ്റകുറ്റപ്പണിയുടെ അഭാവത്തിൽ നശിച്ചുപോയത്. തുടർന്ന് പദ്ധതിയുടെ നവീകരണത്തിനായി ഐ.ടി.ഡി.പി മുഖേന കോർപ്പസ് ഫണ്ട് അനുവദിച്ച് 2020-21 ൽ എട്ട് ലക്ഷം അനുവദിച്ച് അറക്കുളം പഞ്ചായത്തിന് കൈമാറി.
തുടർന്ന് കരാർ നൽകി. കരാറുകാരൻ 1,92,000 രൂപ ഭാഗിക ബിൽ വാങ്ങി സ്ഥലം വിട്ടു. തുടർ നടപടികൾ വൈകിയപ്പോൾ നാട്ടുകാർ ഐ.ടി.ഡി.പിയിൽ പരാതിയുമായി എത്തി. ഐ.ടി.ഡി.പി എൻജിനീയർ സ്ഥല പരിശോധന നടത്തി ജലസ്രോതസ്സിൽ വേനൽക്കാലത്ത് ആവശ്യത്തിന് വെള്ളം ലഭ്യമല്ലാത്തതിനാൽ പദ്ധതി നടത്താൻ കഴിയില്ലെന്ന് പറഞ്ഞ് മടങ്ങി.
ശുദ്ധജല പദ്ധതിയുടെ ജലസ്രോതസ്സിൽ ജലലഭ്യതയെകുറിച്ച് ഭൂജലവകുപ്പ് പരിശോധന നടത്തണമെന്നാണ് ഐ.ടി.ഡി.പി എൻജിനീയർ പറയുന്നത്. എന്നാൽ, പഞ്ചായത്തിന് ഫണ്ട് കൈമാറിയപ്പോഴും കരാറുകാരൻ ടെൻഡർ എടുക്കുന്ന സമയത്തും ഈ നിർദേശങ്ങളൊന്നും പറഞ്ഞിരുന്നില്ല.
ആദ്യഗഡു കരാറുകാരന് കൊടുക്കുമ്പോൾ പോലും പാലിക്കാത്ത നിബന്ധനയാണ് ഇപ്പോൾ പറയുന്നത്. നാല് വർഷമായി പ്രദേശത്തുള്ള ഗോത്രവർഗ വിഭാഗത്തിലുള്ളവർ ശുദ്ധജലത്തിനായി നെട്ടോട്ടമോടുകയാണ്. കരാറുകാരനെ സഹായിക്കാനാണ് ഇപ്പോൾ എൻജിനീയർ ഇത്തരത്തിൽ റിപ്പോർട്ട് ഉണ്ടാക്കിയതെന്നാണ് പ്രദേശവാസികൾ പറയുന്നത്.
നാല് വർഷമായി പദ്ധതി നടത്താത്ത ഉദ്യോസ്ഥരുടെ പേരിൽ വിജിലൻസ് നടപടി പ്രകാരം കേസ് എടുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

