തമിഴ്നാട്ടില്‍ വ്യാജ കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍മാണം; നാലുപേര്‍ പിടിയില്‍
text_fieldsവ്യാജ സര്‍ട്ടിഫിക്കറ്റുകളുമായി പിടിയിലായവര്‍
നെടുങ്കണ്ടം: വ്യാജ കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റുമായി അതിര്‍ത്തി ചെക്പോസ്റ്റ് വഴി കേരളത്തിലേക്ക് കടക്കാന്‍ ശ്രമിച്ച രണ്ടുപേരെയും സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചുനല്‍കുന്ന രണ്ടുപേരെയും അടക്കം നാലുപേരെ കമ്പംമെട്ട് പൊലീസ് അറസ്റ്റ് ചെയ്തു.
രണ്ട് കമ്പ്യൂട്ടറും രണ്ട് മൊബൈല്‍ ഫോണും ഇവരില്‍നിന്ന് പിടിച്ചെടുത്തു. ഉത്തമപാളയം സ്വദേശികളായ സതീഷ്കുമാര്‍, മുരുകന്, കമ്പം നോര്‍ത്ത് സ്വദേശി വിജയകുമാര്‍, പന്നൈപുറം സ്വദേശി വേല്മുരുകന് എന്നിവരാണ് പിടിയിലായത്. തമിഴ്നാട്ടില്‍നിന്ന് വ്യാജ ആര്.ടി.പി.സി.ആര് സര്‍ട്ടിഫിക്കറ്റുമായി കമ്പംമെട്ട് ചെക്പോസ്റ്റ് വഴി കേരളത്തിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച് നല്കുന്ന സംഘത്തെപ്പറ്റി വിവരം ലഭിച്ചത്. തുടർന്ന്, തമിഴ്നാട്ടിലെ കമ്പം, തേവാരത്തിനുസമീപം പന്നൈപുറം തുടങ്ങിയ സ്ഥലങ്ങളില്‍നിന്നാണ് രണ്ടുപേരെ പിടികൂടിയത്.
തമിഴ്നാട് ആരോഗ്യവകുപ്പിെൻറ ആപ് ഇന്‍സ്റ്റാൾ ചെയ്ത് ഓരോ പാസും പരിശോധന നടത്തി മാത്രമാണ് ചെക്പോസ്റ്റ് വഴി കേരളത്തിലേക്ക് ആളുകളെ കടത്തിവിടുന്നത്. ഇതറിയാതെ എത്തിയവരാണ് പിടിയിലായത്. കമ്പംമെട്ട് പൊലീസ് ഇന്‍സ്പെക്ടര്‍ സുനില്‍ കുമാര്‍, എസ.്ഐ അശോകന്, എ.എസ്.ഐ സജികുമാര്‍, വിനോദ്, ജയേഷ്, സജുരാജ്, അന്‍ഷാദ്, ഹോം ഗാര്‍ഡ് സുധാകരന് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പിടിയിലായത്.

