കാട്ടു തീ: രണ്ടു മാസത്തിനിടെ ഒരു കോടിയുടെ കൃഷിനാശം
text_fieldsതൊടുപുഴ: വേനൽച്ചൂടിൽ കരിഞ്ഞുണങ്ങുകയാണ് കർഷകരുടെ സ്വപ്നങ്ങൾ. കാട്ടു തീയും ഉണക്കും വ്യാപകമായതോടെ ഹെക്ടർ കണക്കിന് കൃഷിയിടങ്ങളാണ് ജില്ലയിൽ ഇല്ലാതാകുന്നത്. രണ്ട് മാസത്തിനിടെ കാട്ടുതീ പടർന്ന് 41 ഹെക്ടറിലായി ഒരു കോടിയുടെ മുകളിലാണ് കൃഷിനാശം ഉണ്ടായിരിക്കുന്നത്. പ്രാഥമിക കണക്കെടുപ്പിൽ ഇടുക്കി ബ്ലോക്കിലാണ് കൂടുതൽ കൃഷി കാട്ടുതീയിൽ നശിച്ചത്. 19.36 ഹെക്ടറിലായി 21 ലക്ഷം രൂപയുടെ കൃഷിനാശം ഇവിടെ ഉണ്ടായി. 149 കർഷകരുടെ കൃഷിയാണ് ഇല്ലാതായത്. അടിമാലി താലൂക്കിൽ 12.70 ഹെക്ടറിലായി 81 കർഷകരുടെ കൃഷി കാട്ടുതീയിൽ എരിഞ്ഞു. 49 ലക്ഷം രൂപയുടെ കൃഷിനാശം മേഖലയിലുണ്ടായി.
ദേവികുളം ബ്ലോക്കിൽ രണ്ട് ലക്ഷം, ഇളംദേശത്ത് 20 ലക്ഷം, കട്ടപ്പനയിൽ 1.75 ലക്ഷം, പീരുമേട്ടിൽ 14 ലക്ഷം, തൊടുപുഴയിൽ ഒരു ലക്ഷം രൂപയുടെയും കൃഷിനാശമാണ് കാട്ടു തീ മൂലം ഉണ്ടായത്. 324 കർഷകരുടെ കൃഷിയാണ് കാട്ടു തീയിൽ നശിച്ചത്. ഇതു കൂടാതെ ചൂടിനെത്തുടർന്ന് വിളകൾ ഭൂരിഭാഗവും വാടിക്കരിഞ്ഞ് നിൽക്കുന്നതും വെല്ലുവിളി ഉയർത്തുന്നു. പച്ചക്കറി വിളവെടുക്കുന്ന സമയം കൂടിയായതിനാൽ ഉണക്ക് കർഷകരെ വലിയ പ്രതിസന്ധിയിലാക്കുകയാണ്. മാർക്കറ്റിൽ നാടൻ പച്ചക്കറിയുടെ വരവ് കുറഞ്ഞ് തുടങ്ങി. വിളവെടുക്കുന്ന ഏത്തക്കുലയുടെ തൂക്കത്തിലും വലിയ കുറവാണ് അനുഭവപ്പെടുന്നത്.
പത്ത് കിലോ കിട്ടേണ്ട സ്ഥാനത്ത് ഏഴ് കിലോവരെയാണ് ലഭിക്കുന്നതെന്ന് കർഷകർ പറയുന്നു. കൊടുംചൂടിനൊപ്പം വേനൽക്കാറ്റും കൃഷിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഒക്ടോബർ, നവംബർ മാസങ്ങളിൽ നട്ട വാഴകൾ വേനൽ മഴ ലഭിക്കാത്തതുമൂലം കരിഞ്ഞ് നാശത്തിന്റെ വക്കിലാണ്. വാഴപ്പിണ്ടിയുടെ വെള്ളം വറ്റി വാഴകൾ ഒടിഞ്ഞുവീഴുന്നു. കുരുമുളക്, ജാതി, പച്ചക്കറികൾ, ഫലവൃക്ഷത്തൈകൾ മുതൽ തെങ്ങിൻ തൈകളും കമുകും വരെ വാടിയ നിലയിലാണ്.
കുംഭമാസത്തിൽ വേനൽ മഴ ലഭിക്കുമ്പോഴാണ് കപ്പ, ചേന, കാച്ചിൽ തുടങ്ങിയ നടുതല കൃഷികൾ നടുന്നത്. എന്നാൽ, ഇത്തവണ വേനൽമഴ ലഭിക്കാതെ വന്നതിനാൽ നടുതല കൃഷികൾ നടാൻ കഴിഞ്ഞിട്ടില്ല. വേനൽ മഴ കിട്ടിയാൽ ഒരു പരിധി വരെ ആശ്വാസം കിട്ടുമെന്നാണ് കർഷകർ പറയുന്നത്.ഹൈറേഞ്ചിൽ പോലും മണ്ണ് ഉണങ്ങിക്കിടക്കുന്ന സാഹചര്യമാണെന്ന് കർഷകർ പറയുന്നു. സാധാരണ പാവക്കയും പയറുമൊക്കെ മാർക്കറ്റിലേക്ക് ധാരാളം വരുന്ന സമയമാണിത്. ഇതിൽ വലിയ കുറവ് നേരിടുന്നതായി കച്ചവടക്കാരും പറയുന്നു.
തെങ്ങിന്റെ മച്ചിങ്ങയും കൊഴിഞ്ഞു തുടങ്ങി. നനച്ചു കൊടുക്കുന്ന തെങ്ങുകളിൽ മാത്രമാണ് തേങ്ങ പിടിക്കുന്നത്. കൃഷി ആവശ്യത്തിനുള്ള ജലലഭ്യത കൃഷി വകുപ്പ്, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവ ഉറപ്പുവരുത്താൻ ജില്ല കലക്ടര്‍ ഷീബ ജോര്‍ജിന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ തീരുമാനമെടുത്തത് കർഷകർ പ്രതീക്ഷയോടെയാണ് കാണുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

