കർഷകരുടെ റവന്യൂ ഭൂമി വനം വകുപ്പ് കൈയേറുന്നു; നടപടിക്കെതിരെ ആക്ഷൻ കൗൺസിൽ
text_fieldsചെറുതോണി: കഞ്ഞിക്കുഴിയിലെ കർഷകരുടെ റവന്യൂ ഭൂമി വനം വകുപ്പ് കൈയേറുന്നുവെന്നാരോപിച്ച് പ്രതിഷേധത്തിന് തുടക്കമിടാൻ സാഫ് സംഘടനയുടെ പിന്തുണയോടെ ആക്ഷൻ കൗൺസിൽ രൂപവത്കരിച്ചു. ചുരുളി പതാൽ യുവധാര ക്ലബ് ഹാളിൽ ചേർന്ന യോഗം സി.പി.എം ഇടുക്കി ജില്ല സെക്രട്ടറി സി.വി. വർഗീസ് ഉദ്ഘാടനം ചെയ്തു.
ഇടുക്കി പദ്ധതിക്കായി, ഇരട്ടയാർ, അയ്യപ്പൻ കോവിൽ തുടങ്ങിയ പ്രദേശങ്ങളിൽനിന്നും കുടിയിറക്കി ചുരുളി പതാലിൽ കുടിയിരുത്തിയ 55ഓളം കുടുംബങ്ങളുടെ കൃഷിഭൂമി വന്യമൃഗ സംരക്ഷണമെന്ന പേരിൽ വനം വകുപ്പ് കൈയേറുകയും, ഇടത്തട്ട്, മലയെണ്ണമല പ്രദേശങ്ങളിൽ കർഷകരെ ദ്രോഹിക്കുകയും ചെയ്യുന്നുവെന്നാണ് ഇവരുടെ പരാതി. വാർഡ് മെംബർ സന്ധ്യാരാജേഷ് അധ്യക്ഷതവഹിച്ചു.
കർഷക സംഘം ജില്ല സെക്രട്ടറി റോമിയോ സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. മഹിള അസോസിയേഷൻ ജില്ല സെക്രട്ടറി ലിസി ജോസ് കൺവീനറായും സാഫ് ജില്ല പ്രസിഡൻറ് സിബി ആർക്കാട്ട് ചെയർമാനുമായി 21 അംഗ കമ്മിറ്റി രൂപവത്കരിച്ചു. 13ന് നഗരം പാറ ഫോറസ്റ്റ് റേഞ്ച് ഓഫിസിലേക്ക് മാർച്ച് നടത്താൻ യോഗം തീരുമാനിച്ചു. വനം വകുപ്പ് കൈയേറിയ കൃഷിഭൂമി പിടിച്ചെടുക്കുമെന്നും ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു. പരിപാടികൾക്ക് റ്റിജോ പി. ജോയി, അബ്ദുൽ അസിസ്, സി.വി. വിജയകുമാർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

