പരിക്കേറ്റ കാട്ടാനയെ കണ്ടെത്താൻ വനംവകുപ്പ് ഡ്രോൺ പരിശോധന ആരംഭിച്ചു
text_fieldsഅടിമാലി: ആനക്കുളത്ത് ദേഹത്ത് മുറിവേറ്റ നിലയിലുള്ള കാട്ടാനയെ കണ്ടെത്തുന്നതിന് ചൊവ്വാഴ്ച വനം വകുപ്പിന്റെ നേതൃത്വത്തിൽ ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തി. പെരുമൺകുത്ത് മുതൽ 10 കിലോമീറ്റർ ദൂരത്തിലാണ് പരിശോധന നടത്തിയത്. പെരുമൺകുത്ത്, കുഞ്ചിയാർ കൂന്തൽപ്പുഴ, ഷാജിക്കല്ല് മേഖലകളിലായിരുന്നു പരിശോധന. ഒരു മാസം മുൻപാണ് ആനക്കുളം ഭാഗത്ത് മുറിവേറ്റ നിലയിൽ കാട്ടാനയെ പ്രദേശവാസികൾ കണ്ടത്. പിന്നീട് കാട്ടാന വനത്തിലേക്ക് പോകാതെ ജനവാസ മേഖലയിലേക്ക് കയറി. ഇതോടെയാണ് മുറിവേറ്റ കാട്ടാനയെ സംബന്ധിച്ച വിവരം വനപാലകരും പുറംലോകവും അറിയുന്നത്. ആനകൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ മുതുകിൽ മുറിവേറ്റതാകാം കാരണമെന്നാണ് വിലയിരുത്തൽ.
ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ വനത്തിനുള്ളിൽ 100 മീറ്റർ അകലത്തിൽ നിരവധി കാട്ടാനകൾ കണ്ടെത്തിയിരുന്നു. എന്നാൽ, മുറിവേറ്റ കാട്ടാനയെ കണ്ടെത്തുവാൻ കഴിഞ്ഞില്ല. പരിശോധന അടുത്ത ദിവസങ്ങളിൽ മറ്റ് മേഖലകളിൽ നടക്കും. ആനയെ കണ്ടെത്തിയാൽ ഡാർട്ടിങ് പൈപ്പ് വഴി ആൻറിബയോട്ടിക് മരുന്നുകൾ നൽകുന്നതിനാണ് വനംവകുപ്പ് തീരുമാനം. മയക്കുവെടി വെക്കുന്നത് ആനയുടെ ആരോഗ്യത്തെ ബാധിക്കും എന്നതിനാലാണ് ഇത് ഒഴിവാക്കുന്നതെന്നും റേഞ്ച് ഓഫിസർ പറഞ്ഞു. ഞായറാഴ്ചയാണ് അവസാനമായി വനം വകുപ്പ് ഉദ്യോഗസ്ഥർ കാട്ടാനയെ കണ്ടത്.
അന്ന് പൈനാപ്പിളിൽ മരുന്ന് വെച്ച് നൽകി. തുടർന്ന് പൈനാപ്പിളിൽ മരുന്ന് നിക്ഷേപിച്ച് ആന വരുവാൻ സാധ്യതയുള്ള പാതകളിൽ നിക്ഷേപിക്കുന്ന നടപടിയാണ് വനം വകുപ്പ് സ്വീകരിക്കുന്നതെന്ന് അടിമാലി റേഞ്ച് ഓഫിസർ പി.എസ്. രാജൻ പറഞ്ഞു. അടിമാലി, ആനക്കുളം, കുട്ടമ്പുഴ, റേഞ്ചുകളിലാണ് ഈ കാട്ടാന കറങ്ങിനടക്കുന്നത്. ആനക്കുളം ഭാഗത്ത് നിന്നും കാട്ടാനയെ കുറത്തികുടി മേഖലയിലേക്ക് ഓടിക്കുന്നതിനുള്ള നടപടികളാണ് വനം വകുപ്പ് ആദ്യം സ്വീകരിച്ചത്. പുഴകടന്ന് ഉൾവനത്തിലേക്ക് പോയാൽ കാട്ടാനയെ പിന്നീട് കണ്ടെത്തുക അസാധ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

