മൂന്നാറിൽ ഇനി പുഷ്പോത്സവം
text_fieldsമൂന്നാർ പുഷ്പമേള നടക്കുന്ന ബൊട്ടാണിക്കൽ ഉദ്യാനം
മൂന്നാർ: ഇനി പത്തുനാൾ മൂന്നാറിൽ പൂക്കളുടെ വർണവിസ്മയം. വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തിലുള്ള മൂന്നാർ പുഷ്പമേളക്ക് തിങ്കളാഴ്ച തുടക്കമാകും. ടൂറിസം വകുപ്പിന് കീഴിൽ ദേവികുളം റോഡിലുള്ള ബൊട്ടാണിക്കൽ ഉദ്യാനത്തിലാണ് മേള.
ദേശീയ പാതയോരത്ത് ഏഴ് ഏക്കറിൽ പരന്നുകിടക്കുന്ന ബോട്ടാണിക്കൽ ഉദ്യാനത്തിലെ ചെടികൾ കൂടാതെ വ്യത്യസ്തങ്ങളും അപൂർവങ്ങളുമായ അനേകയിനം ചെടികളും പൂക്കളുമാണ് മേളയിൽ ഒരുക്കിയിരിക്കുന്നത്. പശ്ചിമഘട്ട മലനിരകളുടെ തനത് ചെടികളും പൂക്കളും ഇവയിൽ പെടും. കൂടാതെ മ്യൂസിക്കൽ ഫൗണ്ടൻ, ഭക്ഷ്യമേള, സെൽഫി പോയന്റ്, വിവിധ വിപണന ശാലകൾ എന്നിവയും മേളയിലെ ആകർഷണമാണ്. വൈകുന്നേരങ്ങളിൽ കലാ സാംസ്കാരിക പരിപാടികളും ഉണ്ടാവും. തിങ്കളാഴ്ച വൈകീട്ട് 4.30ന് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് മേള ഉദ്ഘാടനം ചെയ്യും. രാവിലെ പത്ത് മുതൽ രാത്രി പത്ത് വരെയാണ് പ്രവേശനം.

